കേരളാ ക്രിക്കറ്റ് ലീഗ്; തൃശൂര്‍ ടൈറ്റന്‍സിനും ട്രിവാന്‍ഡ്രം റോയല്‍സിനും ജയം
തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് ലീഗില്‍ ഫിനെസ് തൃശൂര്‍ ടൈറ്റന്‍സിനും ട്രിവാന്‍ഡ്രം റോയല്‍സിനും ജയം.കൊച്ചി ബ്ലു ടൈഗേഴ്സിനെതിരേ നാല് വിക്കറ്റിന്റെ ജയമാണ് തൃശൂര്‍ നേടിയത്.85 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ തൃശൂര്‍ 17.5ാം ഓവറില്‍ ആറുവിക്കറ്റിന് ലക്ഷ്യം കണ്ടു. തൃശൂരിന് ആദ്യ ഓവറില്‍ രണ്ടു വിക്കറ്റുകള്‍ നഷ്ടമായി. ക്യാപ്റ്റന്‍ ബേസില്‍ തമ്പി എറിഞ്ഞ ഓവറിലെ നാലാം പന്തില്‍ വിഷ്ണു വിനോദിന്റെയും അഞ്ചാം പന്തില്‍ അനസ് നസീറിന്റെയും വിക്കറ്റുകള്‍ തൃശൂരിന് നഷ്ടമായി. അഞ്ച് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ തൃശ്ശൂര്‍ 23 റണ്‍സ് നേടി. 14ാം ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 61 എന്ന നിലയിലായി . തുടര്‍ന്ന് വിക്കറ്റുകള്‍ നഷ്ടമാകാതെ പി മിഥുന് -ഏദന്‍ ആപ്പിള്‍ ടോം സഖ്യം തൃശൂരിനെ വിജയത്തിലെത്തിച്ചു. തൃശൂരിനു വേണ്ടി 31 പന്തില്‍ പുറത്താകാതെ പി കെ മിഥുന് 23 റണ്‍സ് നേടി.
രണ്ടാം മല്‍സരത്തില്‍ സെമിഫൈനല്‍ ഉറപ്പാക്കിയ ഏരീസ് കൊല്ലം സെയ്ലേഴ്സിനെ ട്രിവാന്‍ഡ്രം റോയല്‍സാണ് പരാജയപ്പെടുത്തിയത്. കൊല്ലത്തിന്റെ സീസണിലെ രണ്ടാം തോല്‍വിയാണ്. മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത കൊല്ലം സെയ്ലേഴ്സ് നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ട്രിവാന്‍ഡ്രം റോയല്‍സ് 10 പന്തും നാലു വിക്കറ്റും ബാക്കിയുള്ളപ്പോള്‍ ലക്ഷ്യം കണ്ടു.
ആറിന് 83 റണ്‍സെന്ന നിലയില്‍ ട്രിവാന്‍ഡ്രം തകര്‍ന്നിരുന്നു. ഏഴാം വിക്കറ്റില്‍ ക്യാപ്റ്റന്‍ അബ്ദുല്‍ ബാസിതും എം.എസ്. അഖിലും ചേര്‍ന്ന് പടുത്തുയര്‍ത്തിയ 49 റണ്‍സിന്റെ കൂട്ടുകെട്ടാണ് വിജയത്തിലേക്ക് വഴിവെട്ടിയത്. ഇരുവരും ചേര്‍ന്ന 28 പന്തിലാണ് 49 റണ്‍സ് അടിച്ചുകൂട്ടിയത്.
ട്രിവാന്‍ഡ്രം റോയല്‍സിനായി വിനോദ് കുമാര്‍ നാല് ഓവറില്‍ 24 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. അഖിന് സത്താര്‍, ക്യാപ്റ്റന്‍ അബ്ദുല്‍ ബാസിത്, ശ്രീഹരി നായര്‍, എം എസ് അഖില്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.നേരത്തെ, അര്‍ധസെഞ്ചറി നേടിയ വത്സല്‍ ഗോവിന്ദിന്റെ മികവിലാണ് കൊല്ലം സെയ്ലേഴ്സ് ഭേദപ്പെട്ട സ്കോറിലെത്തിയത്. വത്സല്‍ 49 പന്തില്‍ അഞ്ച് ഫോറുകളോടെ 52 റണ്‍സെടുത്തു.