കേരളാ ക്രിക്കറ്റ് ലീഗ്; തൃശൂരിനെ വീഴ്ത്തി കാലിക്കറ്റ് ; ഏരീസ് കൊല്ലത്തെ തകര്‍ത്ത് കൊച്ചി ബ്ലൂ ടൈഗേഴ്‌സ്

Update: 2024-09-07 18:11 GMT

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ ഇന്ന് നടന്ന രണ്ട് മല്‍സരങ്ങളില്‍ കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സിനും കൊച്ചി ബ്ലൂ ടൈഗേഴ്‌സിനും ജയം. ആദ്യം നടന്ന മല്‍സരത്തില്‍ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ കൊച്ചി 18 റണ്‍സിനാണ് പിടിച്ചുകെട്ടിയത്. 148 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ കൊല്ലത്തെ ബേസില്‍ തമ്പിയുടെ ടീം മികച്ച ബൗളിങിലൂടെ തകര്‍ക്കുകയായിരുന്നു. ബേസില്‍ തമ്പി നാല് വിക്കറ്റ് നേടി. 18.1 ഓവറില്‍ കൊല്ലം 129ന് ഓള്‍ഔട്ടാവുകയായിരുന്നു. കൊല്ലത്തിനായി 4 പന്തില്‍ ഷറഫൂദ്ദീന്‍ 49 റണ്‍സെടുത്ത് ഞെട്ടിച്ചിരുന്നു.ഷറഫുദ്ദീന്‍ മൂന്ന് വിക്കറ്റും നേടിയിരുന്നു. കൊല്ലത്തിന്റെ ലീഗിലെ ആദ്യ തോല്‍വിയാണ്.

ഓപ്പണിങ് ജോടികളായ ആനന്ദ് കൃഷ്ണന്‍ (54), ജോബിന്‍ ജോബി (51) എന്നിവരാണ് കൊച്ചിക്ക് ഭേദപ്പെട്ട സ്‌കോര്‍ നല്‍കിയത്. നേരത്തെ കൊല്ലത്തിനായി കെ എം ആസിഫ് നാല് വിക്കറ്റെടുത്തിരുന്നു.

രണ്ടാമത്തെ മല്‍സരത്തില്‍ തൃശൂര്‍ ടൈറ്റന്‍സിനെ ആറ് റണ്‍സിന് തോല്‍പ്പിച്ച് കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ്. ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് 8 വിക്കറ്റിന് 183 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ തൃശൂരിന് 177 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.തൃശ്ശൂരിനായി അഹമ്മദ് ഇമ്രാന്‍ 38 പന്തില്‍ 7 ഫോറടക്കം 53 റണ്‍സ് നേടിയെങ്കില്‍ ഭാഗ്യം തൃശൂരിനെ തുണച്ചില്ല.

വിക്കറ്റ് കീപ്പര്‍ എം അജിനാസ്, സല്‍മാന്‍ നിസാര്‍ കൂട്ടുകെട്ടാണ് കാലിക്കറ്റ് ടീമിന് ഇന്ന് കരുത്തായത്.അജിനാസ് 39 പന്തില്‍ നാല് ഫോറും 5 സിക്സുമടക്കം 59 റണ്‍സെടുത്ത് പുറത്തായപ്പോള്‍ സല്‍മാന്‍ 37 പന്തില്‍ നാല് സിക്സറടക്കം 45 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. പല്ലാം അന്‍ഫല്‍ ബാറ്റിങ് വെടിക്കെട്ടാണ് കാഴ്ചവെച്ചത്. 10 പന്ത് നേരിട്ട് മൂന്ന് വീതം സിക്സും ഫോറുമടക്കം 33 റണ്‍സാണ് അന്‍ഫാല്‍ നേരിട്ടത്.

തൃശ്ശൂരിനായി മോനു കൃഷ്ണ മൂന്ന് വിക്കറ്റും എംഡി നിധീഷ്, അഹമ്മദ് ഇമ്രാന്‍, അഭിഷേക് പ്രതാപ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. കാലിക്കറ്റിനായി അഖില്‍ സ്‌ക്കറിയയും അഖില്‍ ദേവും മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ നിഖില്‍ എം രണ്ട് വിക്കറ്റും അജിത് ഒരു വിക്കറ്റും വീഴ്ത്തി.




Tags:    

Similar News