കേരളാ ക്രിക്കറ്റ് ലീഗ്; കൊച്ചി ബ്ലൂ ടൈഗേഴ്സിനെ വീഴ്ത്തി കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ്

Update: 2024-09-04 17:24 GMT

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിന് ജയം. കൊച്ചി ബ്ലൂ ടൈഗേഴ്സിനെ 39 റണ്‍സിന് കാലിക്കറ്റ് പരാജയപ്പെടുത്തി. ടോസ് നേടിയ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് കാലിക്കറ്റ് ഗ്ലോബ്സ്റ്റേര്‍സിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. കാലിക്കറ്റ് 20 ഓവറില്‍ 196 റണ്‍സെടുത്തു.

197 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ കൊച്ചിക്ക് ആദ്യ ഓവറില്‍ അനന്ദ് കൃഷ്ണനെ (നാല്) നഷ്ടപ്പെട്ടു. തുടര്‍ന്നെത്തിയ ഷോണ്‍ റോജറും ഓപ്പണര്‍ ജോബിന്‍ ജോബിയും ചേര്‍ന്ന് അഞ്ച് ഓവറില്‍ 39 റണ്‍സ് എന്ന നിലയിലെത്തിച്ചു. ഏഴാം ഓവറില്‍ കൊച്ചിയുടെ സ്‌കോര്‍ 50 പിന്നിട്ടു. 10 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ രണ്ടു വിക്കറ്റിന് 71 എന്ന നിലയിലായിരുന്നു കൊച്ചി. 34 പന്തില്‍ നാലു സിക്‌സും ഒരു ബൗണ്ടറിയും ഉള്‍പ്പെടെ 45 റണ്‍സ് നേടിയ റോജര്‍ പുറത്തായത് കൊച്ചിക്ക് തിരിച്ചടിയായി. 20 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സ് എടുക്കാനേ കൊച്ചിക്കു കഴിഞ്ഞുള്ളു.

കാലിക്കറ്റിനുവേണ്ടി അഖില്‍ സ്‌കറിയ നാല് ഓവറില്‍ 29 റണ്‍സ് വിട്ടുകൊടുത്ത് നാലു വിക്കറ്റ് നേടി. അഭിജിത് പ്രവീണ്‍, എം. നിഖില്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം നേടി. കാലിക്കറ്റിന്റെ എം. അജിനാസാണ് മാന്‍ ഓഫ് ദ മാച്ച്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സ് നേടി. അര്‍ദ്ധശതകം നേടിയ വിക്കറ്റ് കീപ്പര്‍ മറുതുങ്ങല്‍ റഷീദ് അജിനാസും (39 പന്തില്‍ 57) സല്‍മാന്‍ നിസാറും (38 പന്തില്‍ 55)വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്താണ് കാലിക്കറ്റിന് മികച്ച സ്‌കോര്‍ ഒരുക്കിയത്. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ 98 റണ്‍സാണ് അടിച്ചെടുത്തത്. 19 പന്തില്‍ 37 റണ്‍സെടുത്ത് അന്‍ഫാലും ഗ്ലോബ്സ്റ്റാഴ്സിന്റെ ഇന്നിങ്സിന് കരുത്ത് പകര്‍ന്നു. ഓപ്പണ്‍ര്‍മാരായ രോഹന്‍ കുന്നുമല്‍(ക്യാപ്റ്റന്‍), സഞ്ജയ് രാജ്, അരുണ്‍ എന്നിവര്‍ക്ക് രണ്ടക്കം കടക്കാന്‍ ആയില്ല. കൊച്ചിക്ക് വേണ്ടി ബേസില്‍ തമ്പി നാല് വിക്കറ്റ് നേടി.






Tags:    

Similar News