പ്രവാസികളെ സ്വീകരിക്കാന്‍ കേരളം സജ്ജമെന്ന് മുഖ്യമന്ത്രി

Update: 2020-05-09 15:02 GMT

തിരുവനന്തപുരം: ഇന്ത്യയ്ക്കകത്തെ പ്രവാസികള്‍ക്കായി നാല് ഹെല്‍പ്പ്‌ഡെസ്‌ക്കുകള്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡെല്‍ഹി കേരള ഹൗസ്, മുംബൈ കേരള ഹൗസ്, ബംഗളൂരു, ചെന്നൈ നോര്‍ക്ക ഓഫീസുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് ഹെല്‍പ്പ്‌ഡെസ്‌ക്ക് പ്രവര്‍ത്തിക്കുക. ഈ നാല് കേന്ദ്രങ്ങളിലും അതത് സംസ്ഥാനങ്ങളിലുള്ള പ്രവാസി കേരളീയര്‍ക്കായി കോള്‍ സെന്ററുകളും ആരംഭിക്കും.

മറ്റു സംസ്ഥാനങ്ങളില്‍നിന്ന് ആളുകളെ എത്തിക്കാന്‍ സന്നദ്ധരായി ടൂറിസ്റ്റ് വാഹന ഓപ്പറേറ്റര്‍മാര്‍ മുന്നോട്ടുവന്നിട്ടുണ്ട്. ടൂറിസം വകുപ്പ് 493 വാഹനങ്ങള്‍ ഇങ്ങനെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

സൗദി അറേബ്യയിലെ റിയാദില്‍ നിന്ന് 152 പ്രവാസികള്‍ മെയ് 8ന് കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തി. 142 പ്രവാസികളായ മലയാളികളും കര്‍ണാടക സ്വദേശികളായ എട്ടുപേരും തമിഴ്‌നാട് നിന്നുള്ള രണ്ടുപേരുമാണ് വന്നത്. യാത്രക്കാരില്‍ 128 മുതിര്‍ന്നവരും 24 കുട്ടികളുമായിരുന്നു. 78 പേര്‍ ഗര്‍ഭിണികളും. ഇതില്‍ 34 പേരെ സര്‍ക്കാര്‍ ഒരുക്കിയ വിവിധ കൊവിഡ് കെയര്‍ സെന്ററുകളിലേയ്ക്കും ഏഴു പേരെ അവര്‍ ആവശ്യപ്പെട്ട പ്രകാരം സ്വന്തം ചെലവില്‍ കഴിയേണ്ടുന്ന പ്രത്യേക കൊവിഡ് കെയര്‍ സെന്ററുകളിലേക്കും മാറ്റി.

ഗര്‍ഭിണികള്‍ക്ക് പ്രത്യേകമായ പരിഗണന നല്‍കുന്നുണ്ട്. വീടുകളിലെ ക്വാറന്റീനാണ് അവര്‍ക്ക് അനുവദിച്ചിരിക്കുന്നത്. അവരും വീട്ടുകാരും കര്‍ക്കശമായി സുരക്ഷാമാനദണ്ഡം പാലിക്കണം. ഗര്‍ഭിണികള്‍ക്ക് ആശുപത്രികളില്‍ പോകണമെങ്കില്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ട് തുടര്‍ നടപടികള്‍ സ്വീകരിക്കണം.

ആരോഗ്യ പ്രശ്‌നങ്ങളില്ലാത്ത ഗര്‍ഭിണികള്‍ ഉള്‍പ്പടെ പ്രത്യേക പരിഗണനാ വിഭാഗത്തിലുള്ള 114 പേരെ വീടുകളില്‍ നിരീക്ഷണത്തിനയച്ചു. വിമാനത്തിലെത്തിയ യാത്രക്കാരില്‍ നാല് പേരെ വിവിധ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്.

ഇന്നലെയെത്തിയ ബഹ്‌റൈന്‍-കൊച്ചി വിമാനത്തില്‍ 181 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇതില്‍ 87 പേര്‍ പുരുഷന്‍മാരും 94 പേര്‍ സ്ത്രീകളുമാണ്. ഗര്‍ഭിണികള്‍ 25 പേരും പത്ത് വയസ്സില്‍ താഴെയുള്ള 28 കുട്ടികളുമുണ്ട്. ഇതില്‍ എറണാകുളം സ്വദേശികളായ 15 പേരെ കൊവിഡ് കെയര്‍ സെന്ററിലും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

ഇന്ന് മസ്‌കറ്റ്‌കൊച്ചി, കുവൈത്ത്‌കൊച്ചി, ദോഹകൊച്ചി എന്നിങ്ങനെ മൂന്ന് വിമാനങ്ങളാണ് കേരളത്തിലെത്തുന്നത്.  

Tags:    

Similar News