പ്രവാസികളുടെ മടക്കം: ആദ്യവാര വിമാന ഷെഡ്യൂള്‍ ആയി; ആദ്യപട്ടികയില്‍ കണ്ണൂരും മംഗലാപുരവും ഇല്ല
ആദ്യദിവസം യുഎഇ, സൗദി, ഖത്തര്‍, യുകെ, സിംഗപ്പൂര്‍, മലേഷ്യ, യുഎസ്എ, ഫിലിപ്പൈന്‍സ്, ബംഗ്‌ളാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നായി 2300 പേരെയാണ് രാജ്യത്തെ വിവിധ വിമാനത്താവളങ്ങളില്‍ എത്തിക്കുക.
ദുബയ്: കോവിഡ് 19 ലോക്ക്ഡൗണിനെ തുടര്‍ന്ന് വിദേശരാജ്യങ്ങളില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കാന്‍ മെയ് ഏഴു മുതല്‍ ആരംഭിക്കുന്ന വിമാന സര്‍വീസുകളുടെ ഷെഡ്യൂള്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രസിദ്ധീകരിച്ചു. ആദ്യത്തെ ഒരാഴ്ചത്തേക്കുള്ള യാത്രാ ഡെസ്റ്റിനേഷന്‍ ചാര്‍ട്ടാണ് പുറത്തിറക്കിയത്. ആദ്യദിവസം യുഎഇ, സൗദി, ഖത്തര്‍, യുകെ, സിംഗപ്പൂര്‍, മലേഷ്യ, യുഎസ്എ, ഫിലിപ്പൈന്‍സ്, ബംഗ്‌ളാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നായി 2300 പേരെയാണ് രാജ്യത്തെ വിവിധ വിമാനത്താവളങ്ങളില്‍ എത്തിക്കുക. വ്യാഴാഴ്ച അബൂദബിയില്‍നിന്ന് കൊച്ചിക്കും ദുബയില്‍നിന്ന് കോഴിക്കോട്ടുമാണ് വിമാനം. അന്നേദിവസം റിയാദില്‍നിന്ന് കോഴിക്കോട്ടേക്കും ഖത്തറില്‍നിന്ന് കൊച്ചിയിലേക്കും സര്‍വീസുണ്ട്. എന്നാല്‍ ഉത്തര മലബാറുകാര്‍ ഏറെയും ആശ്രയിക്കുന്ന കണ്ണൂരും കര്‍ണാടകയിലെ മംഗലാപുരവും ആദ്യവാര പട്ടികയില്‍ ഇടംനേടിയില്ല.
രണ്ടാംദിനം കേരളത്തിലേക്ക് ഒരു സര്‍വീസ് മാത്രമേ ഉള്ളൂ. മനാമയില്‍നിന്ന് 200 യാത്രക്കാരുമായി വിമാനം കൊച്ചിയിലെത്തും. എന്നാല്‍ അന്ന് ദുബയില്‍നിന്ന് ചെന്നെയിലേക്ക് രണ്ടു സര്‍വീസുകള്‍ നടത്തുന്നുണ്ട്. ഒമ്പതിന് കുവൈത്ത് സിറ്റിയില്‍നിന്നും മസ്‌കത്തില്‍നിന്നും കൊച്ചിയിലേക്ക് ഓരോ സര്‍വീസുകള്‍ ഉണ്ടാവും. അന്ന് റിയാദില്‍നിന്ന് ഡല്‍ഹിക്കും ഷാര്‍ജയില്‍നിന്ന് ലക്നൗവിലേക്കും യാത്രക്കാരെ കൊണ്ടുപോവുന്നുണ്ട്.
10ന് ദോഹയില്‍നിന്ന് തിരുവനന്തപുരത്തേക്കും ക്വാലാലംപൂരില്‍നിന്ന് കൊച്ചിക്കും സര്‍വീസ് ഉണ്ടാവും. അന്ന് അബൂദബിയില്‍നിന്ന് ഹൈദരബാദിലേക്കും കുവൈത്ത് സിറ്റിയില്‍നിന്ന് ചെന്നെയിലേക്കും വിമാനം പറത്തുന്നുണ്ട്. 11ന് ദമ്മാം-കൊച്ചി, മനാമ-കോഴിക്കോട്, ദുബയ്-കൊച്ചി എന്നിങ്ങനെയാണ് കേരളത്തിലേക്കുള്ള സര്‍വീസുകള്‍. അന്ന് ക്വാലാലാംപൂരില്‍നിന്ന് ചെന്നൈ എയര്‍പോര്‍ട്ടിലേക്ക് യാത്ര ക്കാരെ എത്തിക്കും. 12ന് കേരളത്തിലേക്ക് ഒറ്റ ഷെഡ്യൂള്‍ മാത്രമേ ചാര്‍ട്ട് ചെയ്തിട്ടുള്ളൂ, ക്വാലാലംപൂര്‍-കൊച്ചി സര്‍വീസ്. എന്നാല്‍ അന്ന് ദുബയില്‍നിന്ന് ഡല്‍ഹിയിലേക്ക് രണ്ട് സര്‍വീസുണ്ട്. കൂടാതെ, മസ്‌കത്ത്-ചെന്നൈ, ജിദ്ദ-ഡല്‍ഹി, കുവൈത്ത് സിറ്റി-അഹമ്മദാബാദ് സര്‍വീസുകളും ഉണ്ടാവും.
ഏഴാം ദിവസമായ 13ന് രണ്ടിടത്തുനിന്നാണ് കേരളത്തിലേക്ക് യാത്രക്കാരെ എത്തിക്കുക. കുവൈത്ത് സിറ്റി-കോഴിക്കോട്, ജിദ്ദ-കൊച്ചി എന്നിങ്ങനെ. എന്നാല്‍ അന്ന് ക്വാലാലംപൂരില്‍നിന്ന് ഹൈദരബാദിലേക്കും ദുബയില്‍നിന്ന് അമൃത്സറി ലേക്കും യാത്രക്കാരുമായി വിമാനം പറക്കും.