കേരള സംഗീത നാടക അക്കാദമി പ്രവാസി അമേച്വർ നാടകോത്സവത്തിന് സ്‌ക്രിപ്റ്റുകൾ ക്ഷണിച്ചു

Update: 2022-10-23 08:41 GMT

തൃശൂര്‍: കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന പ്രവാസി അമേച്വർ നാടകോത്സവത്തിലേക്ക് സ്‌ക്രിപ്റ്റുകൾ ക്ഷണിച്ചു. ചെന്നൈ, മഹാരാഷ്ട്രയിലെ വിവിധ കേന്ദ്രങ്ങൾ, ഡൽഹി എന്നിവിടങ്ങളിലാണ് ആദ്യഘട്ടമായി പ്രവാസി അമേച്വർ നടകോത്സവം സംഘടിപ്പിക്കുക. പുതിയ നാടകങ്ങളുടെയോ നിലവിൽ അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന നാടകങ്ങളുടെയോ സ്‌ക്രിപ്റ്റുകൾ എൻട്രികളായി നവംബർ 21നകം സമർപ്പിക്കാം. എൻട്രികൾ സമർപ്പിക്കുവാൻ താൽപര്യമുള്ള പ്രവാസി നാടകസംഘങ്ങൾ, പ്രവാസി കലാസമിതികൾ എന്നിവർ വെള്ളക്കടലാസിൽ തയ്യാറാക്കുന്ന അപേക്ഷയോടൊപ്പം സ്‌ക്രിപ്റ്റിന്റെ നാലുകോപ്പിയും നാടകകൃത്തിന്റെ സമ്മതപത്രവും നാടകത്തിന്റെ ഉള്ളടക്കം, സന്ദേശം എന്നിവ രേഖപ്പെടുത്തിയ ചെറുകുറിപ്പും സഹിതം അക്കാദമിയിൽ അപേക്ഷിക്കണം.

നാടകാവതരണം, സ്വതന്ത്രമായ നാടക രചനയല്ലാതെ, മറ്റേതെങ്കിലും കൃതിയുടെയോ, ആവിഷ്‌കാരങ്ങളുടെയോ അഡാപ്റ്റേഷനായോ, പ്രചോദമുൾക്കൊണ്ടോ, തയ്യാറാക്കിയതാണെങ്കിൽ പകർപ്പവകാശ പരിധിയിൽ വരുന്നതാണെങ്കിൽ മൂലകൃതിയുടെ ഗ്രന്ഥകർത്താവിൽ നിന്ന് സമ്മതപത്രം വാങ്ങി അപേക്ഷയോടൊപ്പം ഹാജരാക്കണം. മൂലകൃതിയുടെ ഗ്രന്ഥകർത്താവിൽ നിന്ന് സമ്മതപത്രം വാങ്ങി ഹാജരാക്കാൻ പറ്റിയില്ലെങ്കിൽ പകർപ്പവകാശവുമായി ബന്ധപ്പെട്ട എല്ലാ നിയമപരമായ പ്രശ്‌നങ്ങൾക്കും അപേക്ഷകൻ ഉത്തരവാദിയായിരിക്കുമെന്ന് രേഖപ്പെടുത്തി, നോട്ടറി സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം അപേക്ഷയോടൊപ്പം ഹാജരാക്കണം. അരമണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ ദൈർഘ്യമുള്ള രചനകളാണ് എൻട്രിയായി സമർപ്പിക്കേണ്ടത്. അപേക്ഷയോടൊപ്പം അക്കാദമിയിൽ ഹാജരാക്കുന്ന രേഖകൾ തിരിച്ചു നൽകുന്നതല്ലെന്നും സംഘാടനം സംബന്ധിയായ കാര്യങ്ങൾ പിന്നീട് തീരുമാനിക്കുമെന്നും അക്കാദമി സെക്രട്ടറി ജനാർദ്ദനൻ. കെ അറിയിച്ചു.

Tags:    

Similar News