തിരുവനന്തപുരം: കേരള സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ജോണ്‍ വര്‍ഗീസ് വിളനിലം (87) അന്തരിച്ചു. ഏറെ നാളായി അസുഖ ബാധിതനായി കിടപ്പിലായിരുന്നു. സംസ്‌കാരം യുഎസ്സിലുള്ള മകന്‍ വന്നശേഷം പിന്നീട്. തിരുവനന്തപുരം ശ്രീകാര്യം ഗാന്ധിപുരത്തായിരുന്നു താമസം. 1935ല്‍ സ്‌കൂള്‍ അധ്യാപകരായ ചാണ്ടി വര്‍ഗീസിന്റെയും ഏലിയാമ്മ വര്‍ഗീസിന്റെയും മകനായി ചെങ്ങന്നൂരില്‍ ജനനം.
ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍നിന്ന് ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം, അമേരിക്കയിലെ ടെമ്പിള്‍ യൂനിവേഴ്‌സിറ്റിയില്‍നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ഡി ലിറ്റ് ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. ഇംഗ്ലീഷിലും മലയാളത്തിലുമായി നിരവധി പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ്. അദ്ദേഹത്തിന്റെ ഗവേഷണ പ്രബന്ധത്തിന് 1975ലെ ജയിംസ് മാര്‍ഖം പുരസ്‌കാരം ലഭിച്ചു. ദീര്‍ഘകാലം അധ്യാപകനായിരുന്ന ജെ വി വിളനിലം മാര്‍ത്തോമാ കോളജ് തിരുവല്ല, കോഴിക്കോട് സെന്റ് ജോസഫ് കോളജ് ദേവഗിരി എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കുറച്ചുനാള്‍ മദ്രാസിലെ എംആര്‍എഫ് കമ്പനിയിലും ഉദ്യോഗസ്ഥനായിരുന്നു. 1992- 1996 കാലഘട്ടത്തിലാണ് അദ്ദേഹം വൈസ് ചാന്‍സലറായി പ്രവര്‍ത്തിച്ചത്. കേരള സര്‍വകലാശാലയില്‍ മാധ്യമപഠന വകുപ്പ് ആരംഭിച്ചപ്പോള്‍ അധ്യാപകനായി നിയമിക്കപ്പെട്ട അദ്ദേഹം, 1992ല്‍ വൈസ് ചാന്‍സലറായി നിയമിതനായി. ഇംഗ്ലീഷ്, മലയാളം മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഒരു വലിയ വിഭാഗം അദ്ദേഹത്തിന്റെ വിദ്യാര്‍ഥികളായിരുന്നു. വ്യാജ ഡോക്ടറേറ്റ് ബിരുദം ആരോപിച്ച് എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ അദ്ദേഹത്തിനെതിരേ സമരപരമ്പര അരങ്ങേറിയിട്ടുണ്ട്.