മത്സ്യബന്ധനത്തിനായി കൂടുതല്‍ മണ്ണെണ്ണ ലഭ്യമാക്കാന്‍ കേരളം കേന്ദ്രത്തോട് ആവശ്യപ്പെടും

Update: 2021-11-18 08:01 GMT

തിരുവനന്തപുരം: മത്സ്യബന്ധനത്തിന് ആവശ്യമായ മണ്ണെണ്ണ ലഭിക്കാത്തതും മണ്ണെണ്ണയുടെ ഉയര്‍ന്ന വിലയും കേരളത്തിലെ മത്സ്യബന്ധനമേഖലയിലുണ്ടാക്കിയ പ്രതിസന്ധി പരിഹരിക്കുവാന്‍ കൂടുതല്‍ മണ്ണെണ്ണ ലഭ്യമാക്കാന്‍ കേരളം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടും. ഫിഷറീസ് മന്ത്രി സജി ചെറിയാന്‍, ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍ അനില്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമെടുത്തത്.

മത്സ്യബന്ധനത്തിനായി 51,000 കിലോ ലിറ്റര്‍ മണ്ണെണ്ണ ആവശ്യപ്പെട്ടുകൊണ്ട് കേരളം നേരത്തെ കേന്ദ്രത്തിന് കത്തെഴുതിയിരുന്നുവെങ്കിലും 3084 കിലോ ലിറ്റര്‍ മാത്രമാണ് അനുവദിക്കപ്പെട്ടത്. നിലവില്‍ ലഭ്യമായ മണ്ണെണ്ണ ഉടന്‍ വിതരണം ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കും.

അര്‍ഹരായിട്ടുള്ള എല്ലാ യാനങ്ങള്‍ക്കും മണ്ണെണ്ണ പെര്‍മിറ്റ് ലഭിക്കുന്നതിന് ഫിഷറീസ് വകുപ്പിന്റെയും സിവില്‍ സപ്ലൈസ് വകുപ്പിന്റെയും ജോയിന്റ് വെരിഫിക്കേഷന്‍ വേഗം പൂര്‍ത്തീകരിക്കും. കേന്ദ്രത്തില്‍ നിന്നും കൂടുതല്‍ മണ്ണെണ്ണ ലഭ്യമാകുന്ന മുറയ്ക്ക് അത് മത്സ്യത്തൊഴിലാളികള്‍ക്ക് സഹായകരമാകുന്ന രൂപത്തില്‍ ഹാര്‍ബറുകളിലെ മത്സ്യഫെഡ് ബങ്കുകള്‍ വഴി വിതരണം ചെയ്യാനുള്ള സാധ്യത പഠിച്ചു ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംയുക്ത സമിതി രൂപീകരിച്ചു.

Tags:    

Similar News