രാഷ്ട്രപതിക്കെതിരേ സുപ്രിംകോടതിയില്‍ ഹരജിയുമായി കേരളം

Update: 2024-03-23 10:33 GMT

ന്യൂഡല്‍ഹി: രാഷ്ട്രപതിക്കെതിരേ സുപ്രിം കോടതിയില്‍ ഹരജിയുമായി കേരളം. നിയമസഭയില്‍ പാസായ ബില്ലുകളില്‍ തീരുമാനം വൈകുന്നതുമായി ബന്ധപ്പെട്ടാണ് സംസ്ഥാനം അസാധാരണമായ നീക്കത്തിന് മുതിര്‍ന്നിരിക്കുന്നത്. രാഷ്ട്രപതിയെ നേരിട്ടല്ല രാഷ്ട്രപതിയുടെ സെക്രട്ടറിയെയും ഗവര്‍ണറെയും കക്ഷി ചേര്‍ത്താണ് റിട്ട് ഹരജി ഫയല്‍ ചെയ്തിരിക്കുന്നത്. ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയച്ചിട്ടുള്ള ഏഴ് ബില്ലുകളില്‍ നാലെണ്ണം തടഞ്ഞുവച്ചതായാണ് പരാതി. സമര്‍പ്പിച്ച ബില്ലുകളില്‍ ലോകായുക്തയ്ക്ക് രാഷ്ട്രപതി അംഗീകാരം നല്‍കിയിട്ടുണ്ട്. ബാക്കി ബില്ലുകളിലെല്ലാം തീരുമാനം വരാനുള്ളതാണ്. ഇത് വൈകിപ്പിക്കുന്നുവെന്ന് കാട്ടിയാണ് സംസ്ഥാനം ഹരജി നല്‍കിയിരിക്കുന്നത്.

    ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്ക്കാനുള്ള ബില്ലില്‍ അടക്കം തീരുമാനം വന്നിട്ടില്ല. നേരത്തെ തന്നെ ഇതടക്കം ചില ബില്ലുകള്‍ തടഞ്ഞുവയ്ക്കപ്പെട്ടുവെന്ന വാദം ഉയര്‍ന്നിട്ടുള്ളതാണ്. ഇതില്‍ ഭരണഘടനാ വിദഗ്ധരോടും അഭിഭാഷകരോടുമെല്ലാം ചര്‍ച്ച ചെയ്ത ശേഷമാണിപ്പോള്‍ സംസ്ഥാനം ഇങ്ങനെയൊരു നീക്കം നടത്തിയിരിക്കുന്നത്.

    ബില്ലുകള്‍ക്ക് കാരണമൊന്നും വ്യക്തമാക്കാതെ അനുമതി വൈകിപ്പിക്കുന്ന രാഷ്ട്രപതിയുടെ നടപടി ഏകപക്ഷീയവും ഭരണഘടനയുടെ 14, 200, 201 എന്നീ വകുപ്പുകളുടെ ലംഘനവുമാണെന്നാണ് കേരളത്തിന്റെ വാദം. ലോകായുക്ത ബില്‍ ഉള്‍പ്പെടെ ഏഴ് ബില്ലുകളാണ് ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയച്ചിരുന്നത്. ഇതില്‍ ലോകായുക്ത ബില്ലിന് മാത്രമാണ് രാഷ്ട്രപതി ഇതുവരെ അനുമതി നല്‍കിയത്. ബില്ലുകള്‍ രാഷ്ട്രപതിക്ക് അയച്ച ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും അതിനാല്‍ ആ നടപടി റദ്ദാക്കി ബില്ലുകള്‍ തിരിച്ച് വിളിക്കാന്‍ ഉത്തരവിടണമെന്നും കേരളം ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഗവര്‍ണറുടെ നടപടി ഫെഡറല്‍ തത്ത്വങ്ങള്‍ക്ക് എതിരാണ്. കേന്ദ്ര സംസ്ഥാന ബന്ധവുമായി ബന്ധപ്പെട്ട വിഷയത്തില്‍ വരുന്ന ഒരു ബില്ലും ഇല്ലെന്നും കേരളം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സ്റ്റാന്‍ഡിങ് കോണ്‍സല്‍ സികെ ശശിയാണ് കേരളത്തിന്റെ ഹര്‍ജി സുപ്രിം കോടതിയില്‍ ഫയല്‍ ചെയ്തത്.

Tags:    

Similar News