കെവിന്‍ വധക്കേസ് പ്രതിക്ക് ജയിലില്‍ മര്‍ദ്ദനം: മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

മകനെക്കുറിച്ച് വിവരമില്ലെന്നും ജയിലധികൃതര്‍ മര്‍ദിച്ചതായി സംശയമുണ്ടെന്നും പിതാവ് ജെറോം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ പറഞ്ഞിരുന്നു

Update: 2021-01-08 15:46 GMT

തിരുവനന്തപുരം: കെവിന്‍ വധക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ടിറ്റോ ജെറോമിന് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ മര്‍ദനമേറ്റതായി തിരുവനന്തപുരം ജില്ലാ ജഡ്ജിയുടെ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍. അവശനിലയിലായ ടിറ്റോയെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇതേ തുടര്‍ന്ന് പ്രതിക്ക് കനത്ത സുരക്ഷ ഏര്‍പ്പെടുത്താന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തി ശനിയാഴ്ച 12ന് മുന്‍പ് ജില്ലാ ജഡ്ജിക്ക് ജയില്‍ വകുപ്പ് റിപ്പോര്‍ട്ട് നല്‍കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.


മകനെക്കുറിച്ച് വിവരമില്ലെന്നും ജയിലധികൃതര്‍ മര്‍ദിച്ചതായി സംശയമുണ്ടെന്നും പിതാവ് ജെറോം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ പറഞ്ഞിരുന്നു. ഇക്കാര്യം അടിയന്തരമായി പരിഗണിച്ച ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ ജയിലിലെത്തി പരിശോധന നടത്താന്‍ തിരുവനന്തപുരം ജില്ലാ ജഡ്ജിയോട് നി!ര്‍ദേശിച്ചു. ഡിഎംഒയോടും ജയില്‍ ഐജിയോടും തല്‍സ്ഥിതി അറിയാനും ആവശ്യപ്പെട്ടു. മൂവരും നടത്തിയ പരിശോധനയിലാണ് ടിറ്റു ജെറോമിന് മര്‍ദനമേറ്റെന്നും ആന്തരികാവയവങ്ങള്‍ക്ക് പരിക്കുണ്ടെന്നും ബോധ്യമായത്.


ജില്ലാ ജഡ്ജിയുടെ നിര്‍ദ്ദേശ പ്രകാരം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് ടിറ്റോയെ മാറ്റി. ഇക്കാര്യം ജില്ലാ ജഡ്ജി ഹൈക്കോടതിയെ അറിയിച്ചു. ഹര്‍ജി വീണ്ടും പരിഗണിച്ച കോടതി ആശുപത്രിയില്‍ ടിറ്റുവിന്റെ സുരക്ഷക്കായി ജയില്‍ അധികൃതര്‍ വേണ്ടെന്നും പൊലീസ് മതിയെന്നും നിര്‍ദേശിച്ചു. ടിറ്റോയുടെ പിതാവ് നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കും.




Tags:    

Similar News