യുവാക്കളെ തട്ടിക്കൊണ്ടു പോയി പൊള്ളലേല്‍പ്പിച്ച കേസ്: മുഖ്യപ്രതി അറസ്റ്റില്‍
പെരിന്തല്‍മണ്ണ: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കണ്ണൂരുകാരായ രണ്ടുപേരെ ജീപ്പിടിപ്പിച്ച് തട്ടിക്കൊണ്ടുപോയി പൊള്ളലേല്‍പ്പിച്ച കേസിലെ മുഖ്യപ്രതി അറസ്റ്റിലായി. എടവണ്ണ മുണ്ടേങ്ങര സ്വദേശി ഒടുമുണ്ട ജെയ്‌സലി(20)നെയാണ് കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റ് ചെയ്തത്. 2019 മെയ് 29ന് നടന്ന സംഭവത്തിനു ശേഷം കരുവാരക്കുണ്ടില്‍നിന്ന് വിദേശത്തേക്ക് രക്ഷപ്പെട്ടതായിരുന്നു പ്രതി. ജെയ്‌സലിനെതിരേ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ ദിവസം ദുബയില്‍ നിന്ന് കരിപ്പൂരില്‍ എത്തിയപ്പോള്‍ പെരിന്തല്‍മണ്ണ എഎസ്പി എം ഹേമലതയുടെ നിര്‍ദേശ പ്രകാരം അറസ്റ്റ് ചെയ്യുകയായിരുന്നു.
കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിയും കേസിലെ പരാതിക്കാരനുമായ റംഷാദിനെയും സുഹൃത്തുക്കളായ നിജാസ്, ജംഷീര്‍ എന്നിവരെയും തുവ്വൂരിലേക്ക് വിളിച്ചുവരുത്തി അവരുടെ കാറില്‍ ജീപ്പിടിപ്പിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് നിജാസിനെയും ജംഷീറിനെയും തട്ടിക്കൊണ്ടുപോയി. അരീക്കോട്ടെ വീട്ടില്‍ കെട്ടിയിട്ട് മര്‍ദിച്ച് ഇസ്തിരിപ്പെട്ടി ചൂടാക്കി പൊള്ളലേല്‍പ്പിച്ചു. പിന്നീട് മംഗലാപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ക്വട്ടേഷന്‍ സംഘത്തിനു കൈമാറി. കാസര്‍കോട്ട് ഏഴു ദിവസത്തോളം പാര്‍പ്പിച്ച് 35 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് വീട്ടുകാരെ വിളിച്ചു. പെരിന്തല്‍മണ്ണ പോലിസ് അഞ്ചു പ്രതികളെ പിറ്റേന്ന് അറസ്റ്റ് ചെയ്തു. മറ്റു പ്രതികള്‍ക്കായി പോലിസെത്തിയ വിവരമറിഞ്ഞ് യുവാക്കളെ മംഗലാപുരത്ത് ഉപേക്ഷിച്ച് സംഘം രക്ഷപ്പെട്ടു. ജയ്‌സല്‍ വിദേശത്തേക്ക് കടന്നു. നേരത്തേ അറസ്റ്റിലായ എടവണ്ണ സ്വദേശികളായ കൊളപ്പാടന്‍ മുഹമ്മദ് നിസാം, പാലയ്ക്കല്‍ ഫസല്‍ റഹ്മാന്‍, പാറയ്ക്കല്‍ ഷിഹാബുദ്ദീന്‍, കക്കടത്തൊടി സാക്കിര്‍ ഹുസയ്ന്‍, പാറയ്ക്കല്‍ അബ്ദുന്നാസിര്‍ എന്നിവരുടെയും ജെയ്‌സലിന്റെയും കള്ളക്കടത്ത് സ്വര്‍ണം യുവാക്കള്‍ തട്ടിയെടുത്തെന്ന് പറഞ്ഞാണ് മര്‍ദ്ദിച്ചതെന്ന് പോലിസ് പറഞ്ഞു. എഎസ്പിയുടെ പ്രത്യേക സംഘത്തിലെ എഎസ്‌ഐമാരായ വി. സതീഷ് കുമാര്‍, രാമ ചന്ദ്രന്‍, സീനിയര്‍ സി പിഒ ശശികുമാര്‍, സിപിഒ അരുണ്‍, ജില്ലാ ആന്റി നര്‍ക്കോട്ടിക് സ്‌ക്വാഡ് എന്നിവര്‍ അടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.