പരപ്പനങ്ങാടി: ചിറമംഗലത്തുനിന്നും യുവാവിനെ വാഹനത്തില്‍ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ പരപ്പനങ്ങാടി പോലിസ് തിരുവാമ്പടി പുല്ലൂരാംപാറയില്‍ നിന്നും അറസ്റ്റ് ചെയ്തു. വിദേശത്ത് നിന്നും നിയമവിരുദ്ധമായി കൊണ്ടുവന്ന സ്വര്‍ണവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് യുവാവിന്റെ തട്ടിക്കൊണ്ടുപോവലില്‍ കലാശിച്ചത്. തട്ടിക്കൊണ്ടുപോയ ശേഷം തടങ്കലില്‍ പാര്‍പ്പിച്ച് മോചനത്തിനായി 30 ലക്ഷം രൂപ യുവാവിന്റെ ബന്ധുക്കളോട് ആവശ്യപ്പെടുകയായിരുന്നു.
താനൂര്‍ സ്വദേശിയായ ഇസ്ഹാഖി (30) നെയാണ് ചിറമംഗലത്ത് വച്ച് മാരകായുധങ്ങളുമായി കാറില്‍ വന്ന അക്രമിസംഘം നാട്ടുകാരെ വാള്‍ വീശി ഭയപ്പെടുത്തിയ ശേഷം തട്ടിക്കൊണ്ടുപോയത്. പുല്ലൂരാംപാറ തിരുവമ്പാടി സ്വദേശി ഷാന്‍ഫാരി (29), താനൂര്‍ കാട്ടിലങ്ങാടി തഫ്‌സീര്‍ (27), താമരശ്ശേരി വലിയ പറമ്പില്‍ മുഹമ്മദ് നജാദ് (28), കൊടുവള്ളി സ്വദേശി മുഹമ്മദ് ആരിഫ് (28), പുല്ലൂരാംപാറ സ്വദേശി ജിതിന്‍ (38), താമരശ്ശേരി തച്ചാംപൊയില്‍ ഷാഹിദ് (36), തിരുവാമ്പാടി വടക്കാട്ടുപാറ ജസിം (27), പുല്ലൂരാമ്പാറ സ്വദേശി ആഷിഖ് മുഹമ്മദ് (27) എന്നിവരെയാണ് പരപ്പനങ്ങാടി സിഐ ഹണി കെ ദാസിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റ് ചെയ്തത്.
പ്രതികള്‍ വിദേശത്ത് നിന്നും നിയമവിരുദ്ധമായി കൊടുത്തുവിട്ട സ്വര്‍ണം ഇസഹാഖ് ക്യാരിയറുമായി ചേര്‍ന്ന് തട്ടിയെടുത്തെന്നും സ്വര്‍ണം ഉരുക്കിവിറ്റ് പണം വാങ്ങിയെന്നും പണം പ്രതികള്‍ക്ക് തിരികെ നല്‍കാത്തതുകൊണ്ടാണ് തട്ടിക്കൊണ്ടുപോയതെന്നും പ്രതികള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. തട്ടിക്കൊണ്ടുപോവപ്പെട്ട ഇസഹാഖ് സ്വര്‍ണക്കവര്‍ച്ച, അടിപിടി തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ്. ഇസഹാഖിനെതിരേ നേരത്തേ ഗുണ്ടാ ആക്ട് പ്രകാരമുള്ള നടപടികള്‍ സ്വീകരിച്ചിരുന്നതാണ്.
പ്രതികളുടെ കൈയില്‍ നിന്നും പരപ്പനങ്ങാടി പോലിസ് മോചിപ്പിച്ചുകൊണ്ടുവന്ന ഇസ്ഹാഖ് പയ്യോളി പോലിസ് സ്‌റ്റേഷനിലെ കവര്‍ച്ച കേസില്‍ പ്രതിയാണ്. പരപ്പനങ്ങാടി പോലിസ് കൈമാറിയ ഇസഹാഖിനെ പയ്യോളി കേസില്‍ റിമാന്റ് ചെയ്തു. പരപ്പനങ്ങാടി എസ്‌ഐ നവീന്‍ ഷാജ്, പരമേശ്വരന്‍, പോലിസുകാരായ അനില്‍ മുജീബ്, രഞ്ചിത്ത്, ഡാന്‍സാഫ് ടീമംഗങ്ങളായ വിപിന്‍, അഭിമന്യു, ആല്‍ബിന്‍, ജിനേഷ്, സബറുദീന്‍ എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്. കൂടുതല്‍ പ്രതികള്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളതായും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പരപ്പനങ്ങാടി പോലിസ് അറിയിച്ചു. പ്രതികളെ മഞ്ചേരി കോടതി റിമാന്റ് ചെയ്തു.