യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കാര്‍ത്തികപ്പള്ളി മുയിപ്ര സ്വദേശി കോട്ടോളി ഫൈസല്‍ (37), വില്യാപ്പള്ളി ചേരിപ്പൊയില്‍ നീലിയത്ത് സെയ്ത് അലിയാര്‍ സെയ്ത് (38) എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്തത്. പന്തിരിക്കര സ്വദേശി ചെമ്പു നടക്കണ്ടിയില്‍ അജ്‌നാസിനെയാണ് (30) വ്യാഴാഴ്ച അര്‍ധരാത്രിയോടെ എളയിടത്തുനിന്ന് വോളിബോള്‍ കളി കണ്ട് മടങ്ങുന്നതിനിടെ ഇന്നോവ കാറില്‍ തട്ടിക്കൊണ്ടുപോയത്.

Update: 2021-02-22 05:15 GMT

നാദാപുരം: പുറമേരി പഞ്ചായത്തിലെ എളയിടത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ടുപേര്‍ അറസ്റ്റിലായി. കാര്‍ത്തികപ്പള്ളി മുയിപ്ര സ്വദേശി കോട്ടോളി ഫൈസല്‍ (37), വില്യാപ്പള്ളി ചേരിപ്പൊയില്‍ നീലിയത്ത് സെയ്ത് അലിയാര്‍ സെയ്ത് (38) എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്തത്. പന്തിരിക്കര സ്വദേശി ചെമ്പു നടക്കണ്ടിയില്‍ അജ്‌നാസിനെയാണ് (30) വ്യാഴാഴ്ച അര്‍ധരാത്രിയോടെ എളയിടത്തുനിന്ന് വോളിബോള്‍ കളി കണ്ട് മടങ്ങുന്നതിനിടെ ഇന്നോവ കാറില്‍ തട്ടിക്കൊണ്ടുപോയത്. പദ്ധതി ആസൂത്രണംചെയ്തത് ഫൈസലാണെന്ന് പോലിസ് പറഞ്ഞു.

ദുബയിയില്‍നിന്ന് കൊടുത്തയച്ച ഒരുകിലോ സ്വര്‍ണം അജ്‌നാസിന്റെ നേതൃത്വത്തില്‍ തട്ടിയെടുത്തത് തിരിച്ചുപിടിക്കാനാണ് ഫൈസല്‍ തട്ടിക്കൊണ്ടുപോവല്‍ ആസൂത്രണംചെയ്തത്. ഇന്നോവ കാര്‍ സംഘടിപ്പിച്ച് നല്‍കുകയും ഒളിപ്പിക്കാന്‍ സഹായം ചെയ്തതും സെയ്താണെന്ന് പോലിസ് പറഞ്ഞു. വില്യാപ്പള്ളി ചേരിപ്പൊയില്‍ വീട്ടില്‍ ഒളിപ്പിച്ച ഇന്നോവ കാര്‍ പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു.

ഫൈസലിന്റെ പരാതിയില്‍ ഒരു കിലോ സ്വര്‍ണം കവര്‍ച്ചചെയ്ത കേസില്‍ അജ്‌നാസടക്കമുള്ള ഏഴുപേര്‍ക്കെതിരേ പോലിസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഫൈസലിനെ പോലിസ് അറസ്റ്റുചെയ്തത്. ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയ അജ്‌നാസ് കഴിഞ്ഞ ദിവസം പോലിസില്‍ കീഴടങ്ങിയിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. നര്‍കോട്ടിക് ഡിവൈഎസ്പി സി സുന്ദരന്‍, സിഐ എന്‍ കെ സത്യനാഥന്‍, എസ്‌ഐ കെ പി ജയന്‍, എഎസ്‌ഐ രാജീവന്‍ മൊകേരി എന്നിവരുടെ നേതൃത്വത്തിലാണ് കേസന്വേഷണം.

Tags:    

Similar News