സ്വര്‍ണക്കടത്ത് തട്ടിക്കൊണ്ടു പോകല്‍: നിജസ്ഥിതി പുറത്ത് കൊണ്ടു വരണമെന്ന് എസ്ഡിപിഐ
പന്തിരിക്കര: പന്തിരിക്കര സൂപ്പിക്കടയില്‍ നിന്ന് സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ ഇര്‍ഷാദിനെ കണ്ടെത്താനാവാത്ത സംഭവത്തിലെ ദുരൂഹത നീക്കി നിജസ്ഥിതി പുറത്ത് കൊണ്ട് വരണമെന്ന് എസ്ഡിപിഐ ചങ്ങരോത്ത് പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു.
വയനാട് സ്വദേശികളായവരാണ് തട്ടിക്കൊണ്ടു പോയതെന്നാണ് വിവരമെങ്കിലും സംസ്ഥാനത്തെ സ്വര്‍ണക്കടത്ത് സംഘത്തിന് സംഭവത്തില്‍ പങ്കുള്ളതായി സംശയിക്കുന്നു. തട്ടിക്കൊണ്ടു പോകലില്‍ ഉള്‍പ്പെട്ട സംഘത്തിലെ പലരെയും പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും ഇര്‍ഷാദിനെക്കുറിച്ച് ഇപ്പോഴും ഒരു വിവരവും ഇല്ലെന്നാണ് പോലിസ് പറയുന്നത്.
തട്ടിക്കൊണ്ടു പോയശേഷം ഒളിത്താവളത്തിലേക്ക് മാറ്റുന്നതിനിടെ ഇര്‍ഷാദ് പുഴയിലേക്ക് ചാടി രക്ഷപ്പെടുകയായിരുന്നുവെന്നും മരണപ്പെട്ടിരിക്കാനുള്ള സാധ്യതയുണ്ടെന്ന തരത്തിലുമുള്ള ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
അറസ്റ്റിലായവരെ കൂടുതല്‍ ചോദ്യം ചെയ്ത് സ്വര്‍ണ്ണക്കടത്ത് സംഘത്തിലെ മുഴുവന്‍ പ്രതികളെയും പിടികൂടണമെന്നും തന്റെ പക്കല്‍ നിന്നും മറ്റൊരാള്‍ സ്വര്‍ണം തട്ടിയെടുത്തതാണെന്നും താന്‍ ഒളിവിലാണെന്നുമുള്ള ഇര്‍ഷാദിന്റെ വീഡിയോ സന്ദേശത്തില്‍ സംശയിക്കുന്നവരെയെല്ലാം കേന്ദ്രീകരിച്ച് വ്യക്തമായ അന്വേഷണം നടത്തി നിജസ്ഥിതി പുറത്തുകൊണ്ട് വരണമെന്നും ഉന്നതര്‍ക്ക് സ്വര്‍ണക്കടത്തുമായുള്ള ബന്ധം അന്വേഷണ വിധേയമാക്കണമെന്നും ഇര്‍ഷാദിനെ കണ്ടെത്താനുള്ള നടപടികള്‍ ദ്രുതഗതിയിലാക്കണമെന്നും എസ്ഡിപിഐ ചങ്ങരോത്ത് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
സി.കെ.മുഹമ്മതലി അധ്യക്ഷത വഹിച്ചു. കുഞ്ഞബ്ദുള്ള കല്ലൂര്‍, റഷീദ് എ.സി, എ.പി.മുഹമ്മത്, അശ്‌റഫ് ചില്ലീസ് എന്നിവര്‍ സംസാരിച്ചു.