അംഗപരിമിതനെ കൊലപ്പെടുത്തി വഴിയരികില്‍ ഉപേക്ഷിച്ചു; ഭാര്യയും കാമുകനും പിടിയില്‍
മൃതദേഹം റോഡരികില്‍ ഉപേക്ഷിക്കുകയും ഇതിന് സമീപത്തായി സ്‌കൂട്ടര്‍ മറിച്ചിട്ട് ഇരുവരും ബൈക്കില്‍ വീട്ടിലേക്ക് പോവുകയുമായിരുന്നു. അപകട മരണമെന്ന് വരുത്തിത്തീര്‍ക്കാന്‍ ആയിരുന്നു ഇങ്ങിനെ ചെയ്തതെന്ന് ഇരുവരും പൊലീസിനോട് പറഞ്ഞു.
കാസര്‍കോട്: കുഞ്ചത്തൂരില്‍ അംഗപരിമിതനായ യുവാവിന്റെ കൊലപ്പെടുത്തി റോഡരികില്‍ തള്ളിയ കേസില്‍ ഭാര്യയെയും കാമുകനെയും പോലിസ് കസ്റ്റഡിയിലെടുത്തു. കര്‍ണാടക രാമപൂര്‍ സ്വദേശിയും തലപ്പാടി ദേവിപുരയില്‍ താമസക്കാരനുമായ ഹനുമന്തയെ കൊലപ്പെടുത്തിയ കേസിലാണ് ഭാര്യ ഭാഗ്യയും കാമുകനും കസ്റ്റഡിയിലായത്. രാമപുരിലെ ജെ.സി.ബി. ഡ്രൈവറാണ് 23 കാരനായ കാമുകന്‍.
അഞ്ചിന് പുലര്‍ച്ചെ 2 മണിയോടെ മംഗളൂരുവിലെ ഹോട്ടല്‍ അടച്ച് ഹനുമന്ത വീട്ടില്‍ എത്തിയപ്പോള്‍ ഭാര്യക്കൊപ്പം കാമുകനെ കണ്ടതിനെ ചൊല്ലി വാക്കുതര്‍ക്കമുണ്ടായി. അതോടെ രണ്ടുപേരും ചേര്‍ന്ന് ഹനുമന്തയെ മര്‍ദ്ദിച്ചു. കട്ടിലിലേക്ക് വീണ ഹനുമന്തയെ കാമുകന്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത്. മരിച്ചുവെന്ന് ഉറപ്പുവരുത്തിയ ശേഷം രണ്ടുപേരും മൃതദേഹം ഉപേക്ഷിക്കാനുള്ള വഴി നോക്കി. ഇതിനായി ബൈക്കില്‍ കാമുകന്റെ ശരീരത്തിനു പിറകിലായി മൃതദേഹം വെച്ച് പ്ലാസ്റ്റിക് വള്ളികൊണ്ട് ചേര്‍ത്തു കെട്ടി. ഇതിന് പിന്നാലെ ഹനുമന്തയുടെ സ്‌കൂട്ടര്‍ ഭാഗ്യയും ഓടിച്ചു പോയി.
ആറ് കിലോമീറ്ററോളം ഓടിച്ച് കുഞ്ചത്തൂര്‍ പദവില്‍ എത്തിയപ്പോള്‍ മൃതദേഹത്തില്‍ കെട്ടിയ കയര്‍ അഴിയാന്‍ തുടങ്ങി. തുടര്‍ന്ന് മൃതദേഹം റോഡരികില്‍ ഉപേക്ഷിക്കുകയും ഇതിന് സമീപത്തായി സ്‌കൂട്ടര്‍ മറിച്ചിട്ട് ഇരുവരും ബൈക്കില്‍ വീട്ടിലേക്ക് പോവുകയുമായിരുന്നു. അപകട മരണമെന്ന് വരുത്തിത്തീര്‍ക്കാന്‍ ആയിരുന്നു ഇങ്ങിനെ ചെയ്തതെന്ന് ഇരുവരും പൊലീസിനോട് പറഞ്ഞു. ജെ.സി.ബി. ഡ്രൈവറായ 23 കാരന്‍ ഇടക്കിടെ വീട്ടില്‍ വരുന്നത് ഹനുമന്ത വിലക്കിയിരുന്നു. ഇതിന്റെ പേരില്‍ കൊലക്ക് ഒരാഴ്ച മുമ്പും രണ്ടുപേരും വാക്കേറ്റം ഉണ്ടായതായി പരിസരവാസികളില്‍ മൊഴി നല്‍കിയിരുന്നു.