മനാമ: രക്തദാന മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവച്ച് മുന്നേറുന്ന ബ്ലഡ് ഡോണേഴ്‌സ് കേരള (ബിഡികെ) ബഹ്‌റൈന്‍ ചാപ്റ്ററിനെ ലോക രക്തദാന ദിനത്തില്‍ കിംഗ് ഹമദ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ വെച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ ആദരിച്ചു. ബിഡികെ ബഹ്‌റൈന്‍ ചാപ്റ്റര്‍ ചെയര്‍മാന്‍ കെ ടി സലിം, പ്രസിഡന്റ് ഗംഗന്‍ തൃക്കരിപ്പൂര്‍ എന്നിവര്‍ ആദരവ് ഏറ്റുവാങ്ങി.
കൂടുതല്‍ തവണ പ്ലേറ്റ്‌ലെറ്റുകള്‍ ദാനം ചെയ്ത ബിഡികെ ബഹ്‌റൈന്‍ എക്‌സിക്യൂട്ടീവ് അംഗം സാബു അഗസ്റ്റിന്‍, സുധീര്‍ ഉണ്ണികൃഷ്ണന്‍ എന്നിവരെയും ചടങ്ങില്‍ പ്രത്യേകം ആദരിച്ചു.
ജീവരക്തം നല്‍കി നന്ദി വാക്കിനുപോലും കാത്തുനില്‍ക്കാതെ സേവനം ചെയ്യുന്ന ബിഡികെ എന്ന കൂട്ടായ്മക്ക് 2011ല്‍ വിനോദ് ഭാസ്‌കരന്‍ എന്ന ഒരു സാധാരണ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ ആണ് തുടക്കം കുറിച്ചത്. 2014ല്‍ ചാരിറ്റബിള്‍ സൊസൈറ്റി ആയി കേരളത്തില്‍ രജിസ്ട്രര്‍ ചെയ്ത് ഇന്ന് കേരളത്തിലെ 14 ജില്ലകളിലും കൂടാതെ മംഗലാപുരം, ബാംഗ്ലൂര്‍, ചെന്നൈ, ഡല്‍ഹി മുതല്‍ ഗല്‍ഫ് രാജ്യങ്ങള്‍, കാനഡ, സിംഗപ്പൂര്‍ വരെ ബിഡികെ പ്രവര്‍ത്തകര്‍ ഒരേ മനസ്സോടെ സേവനം ചെയ്യുന്നു. രക്തദാനം കൂടാതെ സ്‌നേഹസദ്യയെന്ന പേരില്‍ തെരുവോരങ്ങളിലെ പാവങ്ങളുടെ വിശപ്പ് അകറ്റുവാനും ബിഡികെ ശ്രമിച്ചുവരുന്നു.