'ബിജെപിയെ അറിയാം': വിദേശ നയതന്ത്ര പ്രതിനിധികളെ പാര്‍ട്ടി ആസ്ഥാനത്തേക്ക് ക്ഷണിച്ച് ബിജെപി
ന്യൂഡല്‍ഹി: വിവിധ രാജ്യങ്ങളിലെ നയതന്ത്രപ്രതിനിധികളെ ബിജെപി സ്വന്തം ആസ്ഥാനത്തേക്ക് ക്ഷണിക്കുന്നു. പാര്‍ട്ടിയുടെ സ്ഥാപകദിനത്തോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താനാണ് ശ്രമം.
സ്ഥാപകദിനത്തിന്റെ ഭാഗമായി ബിജെപിയെ അറിയാം എന്ന പദ്ധതിക്ക് പാര്‍ട്ടി രൂപം നല്‍കിയിട്ടുണ്ട്. അതിലേക്കാണ് വിദേശകാര്യപ്രതിനിധികളെ ക്ഷണിക്കുന്നത്. പരിപാടിയില്‍ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറും പങ്കെടുക്കും. ദേശീയ പ്രസിഡന്റ് ജെ പി നദ്ദ, പാര്‍ട്ടി വക്താവ് സുദ്ധാംശു ത്രിവേദി, ജയ് പാണ്ഡ എന്നിവരും പങ്കെടുക്കും. കൂടാതെ വിദേശകാര്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും ചടങ്ങിനെത്തുന്നുണ്ട്.
ഫ്രഞ്ച് പ്രതിനിധി ഇമ്മാനുവല്‍ ലെനൈന്‍, യൂറോപ്യന്‍ യൂനിയന്റെ ഉഗോ അസ്റ്റുട്ടോ, പോര്‍ച്ചുഗലിന്റെ കാര്‍ലോസ് പെരേര മാര്‍ക്വെസ്, സ്വിറ്റ്‌സര്‍ലന്‍ഡിന്റെ റാള്‍ഫ് ഹെക്‌നര്‍ പോളണ്ടിന്റെ ആദം ബുറാക്കോവ്‌സ്‌കി, റൊമാനിയയുടെ ഡാനിയേല സെസോനോവ് ടെയ്ന്‍, ബംഗ്ലാദേശിന്റെ മുഹമ്മദ് ഇമ്രാന്‍, സിംഗപ്പൂരിന്റെ സൈമണ്‍ വോങ് വിയസ് കുമെന്‍സ്, സ്ലോവക് വിയ ക്യൂമെന്‍ ഹംഗറിയിലെ ആന്ദ്രാസ് ലാസ്‌ലോ കിരാലി, വിയറ്റ്‌നാമിലെ ഫാം സാന്‍ ചൗ, നോര്‍വേയുടെ ഹാന്‍സ് ജേക്കബ് ഫ്രൈഡന്‍ലണ്ട് എന്നിവരാണ് പങ്കെടുക്കുന്ന വിദേശനയതന്ത്ര പ്രതിനിധികള്‍.
ഏഷ്യന്‍, യൂറോപ്യന്‍ പ്രതിനിധികളെയാണ് പ്രധാനമായും ബുധനാഴ്ച നടക്കുന്ന പരിപാടിയിലേക്ക് ക്ഷണിച്ചിരിക്കുന്നത്.
ബിജെപിയുടെ നയങ്ങളെക്കുറിച്ചും നിലപാടുകളെക്കുറിച്ചും നദ്ദ നല്‍കുന്ന വിശദീകരണത്തോടെയാണ് യോഗം ആരംഭിക്കുക. അതിനുവേണ്ടി ബിജെപിയെക്കുറിച്ച് ഒരു ഡോക്യൂമെന്ററി തയ്യാറാക്കിയിട്ടുണ്ട്.
ഇത്തവണ എത്താത്ത രാജ്യങ്ങളിലെ പ്രതിനിധികളെ പിന്നീട് ക്ഷണിക്കും. ഈ പരിപാടി തുടരാനാണ് തീരുമാനം. തങ്ങളെക്കുറിച്ചുള്ള തെറ്റായ പ്രചാരണങ്ങള്‍ക്ക് മറുപടിയായാണ് ഇത്തരമൊരു യോഗം സംഘടിപ്പിക്കുന്നതെന്ന് ബിജെപി പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.