കൊച്ചി-ബംഗളൂരു വ്യാവസായിക ഇടനാഴി: സംസ്ഥാന സര്‍ക്കാരും എന്‍ഐസിഡിഐടിയും കരാറില്‍ ഒപ്പുവെച്ചു

ഒന്നാംഘട്ടത്തില്‍ പാലക്കാട്, തൃശൂര്‍, എറണാകുളം എന്നീ ജില്ലകളിലും രണ്ടാംഘട്ടത്തില്‍ കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, കാസര്‍കോട് എന്നീ ജില്ലകളിലും ഇലക്ട്രോണിക്‌സ്, ഐടി, ബയോടെക്‌നോളജി, ലൈഫ് സയന്‍സുകള്‍ ഉള്‍പ്പെടെയുള്ള വിവിധ നിര്‍മാണ പ്രവൃത്തികളുടെ ഏകോപനത്തിനായി ഇന്റഗ്രേറ്റഡ് മാനുഫാക്ചറിങ് ക്ലസ്റ്ററുകള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.

Update: 2020-10-22 14:35 GMT

തിരുവനന്തപുരം: ഇന്ത്യാ ഗവണ്‍മെന്റ് കഴിഞ്ഞവര്‍ഷം അംഗീകരിച്ചതാണ് കൊച്ചിബംഗളൂരു വ്യാവസായിക ഇടനാഴി. അതിന്റെ ട്രസ്റ്റുമായി സ്‌റ്റേറ്റ് സപ്പോര്‍ട്ട് എഗ്രിമെന്റും ഷെയര്‍ ഹോള്‍ഡര്‍ എഗ്രിമെന്റും സംസ്ഥാന സര്‍ക്കാരും നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഡെവലപ്‌മെന്റ് ആന്റ് ഇംപ്ലിമെന്റേഷനും (എന്‍ഐസിഡിഐടി) ഇന്ന് ഒപ്പുവെച്ചു.

ഒന്നാംഘട്ടത്തില്‍ പാലക്കാട്, തൃശൂര്‍, എറണാകുളം എന്നീ ജില്ലകളിലും രണ്ടാംഘട്ടത്തില്‍ കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, കാസര്‍കോട് എന്നീ ജില്ലകളിലും ഇലക്ട്രോണിക്‌സ്, ഐടി, ബയോടെക്‌നോളജി, ലൈഫ് സയന്‍സുകള്‍ ഉള്‍പ്പെടെയുള്ള വിവിധ നിര്‍മാണ പ്രവൃത്തികളുടെ ഏകോപനത്തിനായി ഇന്റഗ്രേറ്റഡ് മാനുഫാക്ചറിങ് ക്ലസ്റ്ററുകള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.

കൊച്ചിബംഗളൂരു വ്യാവസായിക ഇടനാഴി ഈ പ്രദേശത്ത് നിലവില്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിവരുന്ന വിവിധ വികസന പ്രവര്‍ത്തനങ്ങളായ കണ്ണൂര്‍ എയര്‍പോര്‍ട്ട്, വിഴിഞ്ഞം പോര്‍ട്ട്, മംഗലാപുരംബംഗളൂരു ഗെയില്‍ പൈപ്പ്‌ലൈന്‍, തിരുവനന്തപുരംകണ്ണൂര്‍ സെമി ഹൈസ്പീഡ് റെയില്‍, കൊച്ചി മെട്രോ, കൊച്ചിതേനി ദേശീയപാത എന്നീ പദ്ധതികളുടെ പ്രാദേശിക വളര്‍ച്ചയ്ക്കും സമഗ്ര വികസനത്തിനും ഉന്നമനത്തിനുമുള്ള സാഹചര്യം ഒരുക്കുകയും ചെയ്യും.

എടുത്തുപറയേണ്ട മറ്റൊന്നാണ് കൊച്ചി ഗിഫ്റ്റ് സിറ്റി. അതായത്, കൊച്ചി ഗ്ലോബല്‍ ഇന്‍ഡസ്ട്രിയല്‍ ഫിനാന്‍സ് ആന്റ് ട്രേഡ് സിറ്റി. ആലുവ താലൂക്കിലെ 220 ഹെക്ടര്‍ സ്ഥലത്തായി ഗിഫ്റ്റ് സിറ്റി സ്ഥാപിച്ചു വികസിപ്പിച്ചെടുക്കാന്‍ കേരള സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയിട്ടുണ്ട്. കൊച്ചിബംഗളൂരു ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ പദ്ധതിയുടെ ഭാഗമാണിത്. വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങളുടെ കേന്ദ്രമാകും ഇത്.

പൊതുവായ വികസനത്തിന്റെ മുന്നേറ്റത്തിന് ഊര്‍ജം പകരുന്ന ധനബിസിനസ് കേന്ദ്രങ്ങള്‍ ഇവിടെയുണ്ടാകും. ആഗോളതലത്തില്‍ ഹെടെക് സര്‍വീസുകളും ധനകാര്യ സംരംഭങ്ങളും വികസിപ്പിച്ചെടുക്കുന്നതിനുള്ള സംവിധാനത്തോടു കൂടിയുള്ളതാവും ഇത്. മികവാര്‍ന്ന അടിസ്ഥാന ഘടനയോടു കൂടിയ ബിസിനസ് ലക്ഷ്യമായി കൊച്ചിയെ ആഗോള ഭൂപടത്തില്‍ അടയാളപ്പെടുത്തുന്ന പദ്ധതി എന്ന നിലയ്ക്കാണ് ഇത് വിഭാവനം ചെയ്തിട്ടുള്ളത്. നേരിട്ടുള്ളതും അല്ലാത്തതുമായ തൊഴിലവസരങ്ങള്‍ ധാരാളമായി സൃഷ്ടിക്കുന്ന തരത്തിലുള്ള അധിക നിക്ഷേപങ്ങളെ ആകര്‍ഷിക്കുന്ന കേന്ദ്രമാകും ഇത്.

ഒന്നേകാല്‍ ലക്ഷത്തോളം തൊഴിലവസരങ്ങള്‍ ഉറപ്പുവരുത്തുന്ന പുതിയ സംവിധാനം 1600 കോടി രൂപയുടെ നിക്ഷേപം വൈകാതെ കൊണ്ടുവരും. 18,000 കോടിയുടെ പിപിപി ഇന്‍ഫ്രാസ്ട്രക്ചര്‍ വികസനത്തിനു പുറമെയാണിത്. ഭൂമി ഏറ്റെടുക്കലിനായി 540 കോടി രൂപ സംസ്ഥാന ഗവണ്‍മെന്റ് അനുവദിച്ചിട്ടുണ്ട്. സമാനമായ തുക എന്‍ഐസിഡിഐടിയിലൂടെ കേന്ദ്ര ഗവണ്‍മെന്റ് കണ്ടെത്തും. നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഡെവലപ്‌മെന്റ് ആന്റ് ഇംപ്ലിമെന്റേഷന്‍ ട്രസ്റ്റാണ് എന്‍ഐസിഡിഐടി. രാജ്യത്ത് വ്യവസായ ഇടനാഴികള്‍ വികസിപ്പിക്കുന്നതിന്റെ ചുമതല ഇവര്‍ക്കാണുള്ളത്.

കൊച്ചി, വിഴിഞ്ഞം പോര്‍ട്ടുകള്‍ക്ക് ഏകദേശം 25,000 കോടി രൂപയുടെ മൂല്യമുള്ള കപ്പല്‍ ചരക്കുകളുടെ നീക്കം ഉറപ്പാക്കാനും ഇതുമൂലം കഴിയും. കേന്ദ്രീകൃത ബന്ധിപ്പിക്കലിന്റെ (ഹബ്ബ് കണക്ടിവിറ്റി) അഭാവംമൂലം, ഏകദേശം 14,000 മെട്രിക് ടണ്‍ കാര്‍ഗോയാണ് കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഈ പദ്ധതിയിലൂടെ സിയാലിന് കൂടുതല്‍ കാര്‍ഗോ ആകര്‍ഷിക്കുവാന്‍ കഴിയും എന്നു മാത്രമല്ല, കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം എന്നീ അടുത്ത എയര്‍പോര്‍ട്ടുകളുടെ ശേഷി വര്‍ധിപ്പിച്ചുകൊണ്ട് ഈ മേഖലയിലുള്ള തിക്കും തിരക്കും കുറയ്ക്കുവാനും കഴിയും.

പ്രവേശന കവാട കണക്ടിവിറ്റിയിലൂടെ കേരളത്തില്‍നിന്ന് പാശ്ചത്യ കമ്പോളങ്ങളിലേക്കുള്ള വ്യാവസായിക കയറ്റുമതിയുടെ സാമ്പത്തികശേഷി വളര്‍ത്താനും സാധ്യമാവും. ചുരുക്കത്തില്‍ കൊച്ചിബംഗളൂരു വ്യാവസായിക ഇടനാഴി കേരളത്തെയും പടിഞ്ഞാറന്‍ തമിഴ്‌നാടിനെയും രാജ്യത്തെ വിവിധ സാമ്പത്തിക വ്യവസായിക ഇടനാഴികളുടെ ശൃംഖലയുമായി കോര്‍ത്തിണക്കുന്ന ഒന്നായി തീരും.

ആദ്യ സംരംഭമായി തെരഞ്ഞെടുത്ത പാലക്കാട്ടെ 1800 ഏക്കര്‍ സ്ഥലത്ത് 10,000 കോടി രൂപയുടെ നിക്ഷേപവും അതിലൂടെ പ്രത്യക്ഷമായി 22,000 തൊഴിലവസരങ്ങളും പരോക്ഷമായി 80,000 തൊഴിലവസരങ്ങളും പ്രവൃത്തി ആരംഭിച്ച് അഞ്ചുവര്‍ഷത്തിനുള്ളില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ആകെയുള്ള നിക്ഷേപത്തില്‍ ചെറുകിട വ്യവസായങ്ങളുടെ ഓഹരിയായി 3000 കോടി രൂപയും സംസ്ഥാനത്തിന് പ്രതിവര്‍ഷം നികുതിവരുമാനമായി 585 കോടി രൂപയുമാണ് പ്രതീക്ഷിക്കുന്നത്. കൊച്ചി, പാലക്കാട് മേഖലയുടെ വളര്‍ച്ചയ്ക്കു മാത്രമല്ല, സംസ്ഥാനത്തിനാകെ സമഗ്ര വികസനത്തിലേക്കുള്ള നിര്‍ണായക കാല്‍വെയ്പ്പാണിത്.

Tags:    

Similar News