കൊല്‍ക്കത്ത ബലാല്‍സംഗക്കൊല; ആര്‍ജി കര്‍ ആശുപത്രിയില്‍ വന്‍ അഴിച്ചുപണി, മൂന്ന് ഉന്നത ഉദ്യോഗസ്ഥരെ മാറ്റി
കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ പിജി ഡോക്ടറെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തമായതോടെ നടപടിയെടുത്ത് ബംഗാള്‍ സര്‍ക്കാര്‍. ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മൂന്ന് ഉന്നത ഉദ്യോഗസ്ഥരെ മാറ്റി. മെഡിക്കല്‍ കോളജിന്റെ മുന്‍ മേധാവിയായിരുന്ന ഡോ. സന്ദീപ് ഘോഷ് സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്ന് പ്രിന്‍സിപ്പലായി നിയമിച്ച പ്രഫസര്‍ ഡോ. സുഹൃതാ പോളിനെ സ്ഥാനത്തില്‍ നിന്ന് മാറ്റി. പ്രഫസര്‍ ഡോ. മാനസ് കുമാര്‍ ബന്ദോപാധ്യായയാണ് പുതിയ പ്രിന്‍സിപ്പല്‍. ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ മൂന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ നടത്തുന്ന വിവിധ ആരോഗ്യ കേന്ദ്രങ്ങളിലേക്കാണ് മാറ്റിയത്.
ബുധനാഴ്ച വൈകീട്ട് പുറപ്പെടുവിച്ച ഉത്തരവനുസരിച്ച് മെഡിക്കല്‍ സൂപ്രണ്ടും ആര്‍ജി കര്‍ എംസിഎച്ചിലെ വൈസ് പ്രിന്‍സിപ്പലുമായ പ്രഫ. ഡോ. ബുള്‍ബുള്‍ മുഖോപാധ്യായയെ മാറ്റി സപ്തര്‍ഷി ചാറ്റര്‍ജിയെ നിയമിച്ചു. ബരാസത്ത് ഗവ. മെഡിക്കല്‍ കോളജിലെ പ്രിന്‍സിപ്പലായ സുഹൃതാ പോളിന് പകരം മാനസ് കുമാര്‍ ബന്ദ്യോപാധ്യായയെ ആര്‍ജി കര്‍ എംസിഎച്ചിന്റെ പുതിയ പ്രിന്‍സിപ്പലായി തിരഞ്ഞെടുത്തു. ചെസ്റ്റ് മെഡിസിന്‍ വിഭാഗം മേധാവി അരുണാഭ ദത്ത ചൗധരിയെ മാള്‍ഡ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കാണ് മാറ്റിയത്. വനിതാ ഡോക്ടറെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ചും അവര്‍ക്ക് നീതി ലഭിക്കണമെന്നും ആവശ്യപ്പെട്ട് ആര്‍ജികെഎംസിഎച്ചിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ ഇപ്പോഴും പ്രതിഷേധത്തിലാണ്.