കോന്നി മെഡിക്കല്‍ കോളേജ്: നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ തൃപ്തി രേഖപ്പെടുത്തി
പത്തനംതിട്ട: പത്തനംതിട്ട കോന്നി മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസ്. പ്രവേശനത്തിന് നടത്തിയ പരിശോധനകളില്‍ നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ തൃപ്തി രേഖപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോന്നി മെഡിക്കല്‍ കോളേജ് അംഗീകാരത്തിനായി നിരവധി അടിയന്തര ഇടപെടലുകളാണ് സര്‍ക്കാര്‍ നടത്തിയത്. കൊവിഡിന്റെ വ്യാപനത്തില്‍ പോലും മെഡിക്കല്‍ കോളേജിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ വളരെയേറെ ശ്രദ്ധിച്ചു. എത്രയും വേഗം രേഖാമൂലമുള്ള അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ വിവിധ തലങ്ങളില്‍ കോന്നി മെഡിക്കല്‍ കോളേജിന്റെ യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. ഈ സര്‍ക്കാര്‍ വന്നശേഷം നിരവധി പ്രവര്‍ത്തനങ്ങളാണ് സാക്ഷാത്ക്കരിച്ചത്. 250 കോടി രൂപയിലധികം വരുന്ന വികസന പ്രവര്‍ത്തനങ്ങളാണ് നടത്താനായത്. മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണത്തിന് പാരിസ്ഥിതിക അനുമതി ലഭ്യമാക്കി. ആശുപത്രിയുടെ സുഗമമായ നടത്തിപ്പിന് ആശുപത്രി വികസന സമിതി (എച്ച്.ഡി.എസ്) രൂപീകരിച്ചു.
അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, കാന്റീന്‍, ഹോസ്റ്റലുകള്‍, ക്വാര്‍ട്ടേഴ്‌സുകള്‍, ലോണ്‍ട്രി, അനിമല്‍ ഹൗസ്, ഓഡിറ്റോറിയം, മോര്‍ച്ചറി, 200 കിടക്കകളുള്ള ആശുപത്രിയുടെ രണ്ടാമത്തെ ബ്ലോക്ക് എന്നിവയുടെ നിര്‍മ്മാണത്തിനായി 200 കോടിയുടെ സാമ്പത്തികാനുമതി ലഭ്യമാക്കി നിര്‍മ്മാണം ആരംഭിച്ചു. ആദ്യവര്‍ഷ ക്ലാസുകള്‍ ആരംഭിക്കുന്നതിന് ബുക്കുകള്‍, ക്ലാസ് റൂം, ലേബര്‍റൂം, ബ്ലെഡ് ബാങ്ക്, മെഡിക്കല്‍ ഉപകരണങ്ങള്‍, ഫര്‍ണിച്ചറുകള്‍, മെഡിക്കല്‍ ഗ്യാസ് പൈപ്പ് ലൈന്‍, ലാബ് ഉപകരണങ്ങള്‍ മുതലായവ ഒരുക്കുന്നതിന് 18.72 കോടി രൂപ കിഫ്ബിയില്‍ നിന്നും പ്രത്യേകമായി ലഭ്യമാക്കി. ഇന്റേണല്‍ റോഡ്, എസ്.ടി.പി., പ്രവേശന കവാടം മുതലായവ നിര്‍മ്മിക്കുന്നതിന് 15,50,76,322 രൂപയുടെ ഭരണാനുമതി നല്‍കി തുടര്‍ നടപടികള്‍ സ്വീകരിച്ച് വരുന്നു.
മെഡിക്കല്‍ കോളേജില്‍ ഒ.പി, ഐ.പി, അത്യാഹിത വിഭാഗം ആരംഭിച്ചു. മൈനര്‍ ഓപ്പറേഷന്‍ തിയേറ്റര്‍, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ലാബ്, ഫാര്‍മസി സൗകര്യം എന്നിവയൊരുക്കി. അത്യാഹിത വിഭാഗത്തില്‍ 16 ലക്ഷം രൂപയുടെ അധിക ഫര്‍ണിച്ചറുകള്‍ ലഭ്യമാക്കി. ഇ ഹെല്‍ത്ത് സജ്ജമാക്കി. ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിച്ചു. 5 കോടി രൂപയുടെ ജില്ലയിലെ ആദ്യത്തെ 128 സ്ലൈഡ് സി.ടി സ്‌കാന്‍, മോഡുലാര്‍ ഓപ്പറേഷന്‍ തീയേറ്ററുകള്‍ എന്നിവ സ്ഥാപിക്കാന്‍ അനുമതി നല്‍കി. ആധുനിക ലേബര്‍റൂം നിര്‍മ്മിക്കുന്നതിന് 3.5 കോടി രൂപയുടെ ലക്ഷ്യാ പദ്ധതിക്ക് അനുമതി ലഭ്യമാക്കി. കാരുണ്യ മെഡിക്കല്‍ സ്‌റ്റോര്‍, ബ്ലെഡ് സ്‌റ്റോറേജ് യൂണിറ്റ് എന്നിവ സ്ഥാപിച്ചു. 10 നിലകളുള്ള ക്വാര്‍ട്ടേഴ്‌സിന്റെ നിര്‍മ്മാണം ആരംഭിച്ചു. ബോയ്‌സ് ഹോസ്റ്റലിന്റേയും, ലേഡീസ് ഹോസ്റ്റലിന്റേയും നിര്‍മ്മാണം ആരംഭിച്ചു.
ഒഫ്താല്‍മോളജി വിഭാത്തില്‍ ഇലക്ട്രോ ഹൈട്രോളിക് ഓപ്പറേറ്റിംഗ് ടേബിള്‍ (7 ലക്ഷം), ഓപ്പറേറ്റിംഗ് മൈക്രോസ്‌കോപ്പ് വിത്ത് ഒബ്‌സര്‍വന്‍സ് ക്യാമറ ആന്റ് വീഡിയോ (12.98 ലക്ഷം), ആട്ടോറഫ് കേരറ്റോ മീറ്റര്‍ (3.54 ലക്ഷം) യു.എസ്.ജി.എ സ്‌കാന്‍ (6.14 ലക്ഷം), ഫാകോ മെഷീന്‍ സെന്റുര്‍കോന്‍ (24.78 ലക്ഷം), ജനറല്‍ സര്‍ജറി വിഭാത്തില്‍ എച്ച്.ഡി ലാപ്‌റോസ്‌കോപ്പിക് സിസ്റ്റം (63.88 ലക്ഷം), ലാപ്‌റോസ്‌കോപ്പിക് ഹാന്‍ഡ് ആക്‌സസറീസ് (16 ലക്ഷം), ഇലക്ട്രോ ഹൈട്രോളിക് ഓപ്പറേറ്റിംഗ് ടേബിള്‍ (7 ലക്ഷം), ഓര്‍ത്തോപീഡിക്‌സ് വിഭാത്തില്‍ സി.ആം ഇമേജ് ഇന്റന്‍സിഫിയര്‍ (38.65 ലക്ഷം) എന്നിവ സ്ഥാപിക്കുന്നതിനും അനുമതി നല്‍കി.
നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അനുമതി ലഭ്യമാക്കുന്നതിന് ആവശ്യമായ അദ്ധ്യാപക, അനദ്ധ്യാപക ജീവനക്കാരെ നിയമിച്ചു. ഒന്നാം വര്‍ഷ ക്ലാസുകള്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് പൂര്‍ത്തിയാക്കിയ അക്കാദമിക് ബ്ലോക്കില്‍ ഗ്രൗണ്ട് ഫ്‌ളോറില്‍ അനാട്ടമി വിഭാഗം ലാബ്, അനാട്ടമി മ്യൂസിയം, ലൈബ്രറി, ലക്ചര്‍ തിയേറ്റര്‍ മുതലായവ സജ്ജീകരിച്ചു. ഫാര്‍മക്കോളജി വിഭാഗം ലാബ്, ബയോകെമിസ്ട്രി വിഭാഗം ലാബ്, ഫിസിയോളജി ലാബ്, പ്രിന്‍സിപ്പാളിന്റെ കാര്യാലയം, പരീക്ഷാഹാള്‍, ലക്ചര്‍ഹാള്‍, പാത്തോളി വിഭാഗം ലാബ്, മൈക്രോബയോളജി ലക്ചര്‍ ഹാള്‍ മുതലായവ സജ്ജീകരിച്ചു. ഈ വിഭാഗങ്ങള്‍ക്കാവശ്യമായ ഫര്‍ണിച്ചറുകള്‍, ലൈബ്രറിയ്ക്ക് ആവശ്യമായ ബുക്കുകള്‍, സ്‌പെസിമെനുകള്‍, വിദ്യാര്‍ത്ഥികളുടെ പഠനനോപകരണങ്ങള്‍, അനാട്ടമി വിഭാഗത്തിന് മൃതദേഹം സൂക്ഷിക്കുവാനുള്ള ടാങ്ക്, ലാബിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ റീഏജന്റുകള്‍ മുതലായവ പൂര്‍ണമായും സജ്ജമാക്കി.