കോട്ടയം: മണിമലയില്‍ വീടിനു തീപ്പിടിച്ച് വീട്ടമ്മ മരിച്ചു. പാറവിളയില്‍ സെല്‍വരാജന്റെ ഭാര്യ രാജം (70) ആണ് മരിച്ചത്. രക്ഷപ്പെടാന്‍ മുകള്‍നിലയില്‍നിന്ന് ചാടിയ മകന് വിനീഷ് (30), താഴത്തെ നിലയിലുണ്ടായിരുന്ന സെല്‍വരാജ് (76) എന്നിവരെ പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി 12.30ന് ശേഷമാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്.
ഹോളി മാഗി ഫൊറോന പള്ളിക്കു പിന്നിലാണ് അപകടം നടന്ന വീട്. കാഞ്ഞിരപ്പള്ളി അഗ്നിരക്ഷാ സേനയെത്തിയെങ്കിലും വാഹനം വീടിനു സമീപത്തേക്ക് എത്താതിരുന്നതിനാല്‍ ഒരുകിലോമീറ്റര്‍ നടന്നാണ് സംഭവസ്ഥലത്തേക്ക് എത്താനായത്. മുകള്‍നിലയിലുണ്ടായിരുന്ന വിനീഷിന്റെ ഭാര്യയും രണ്ടുമക്കളും രക്ഷപ്പെട്ടു. താഴത്തെ നില പൂര്‍ണമായും കത്തിനശിച്ചു. ഇരുമ്പു ജനാലകളായതിനാല്‍ വീടിനുള്ളിലേക്ക് കടക്കാനുള്ള അഗ്നിരക്ഷാസേനയുടെ ശ്രമം ആദ്യം പരാജയപ്പെട്ടു. ഇതിനിടെയാണ് വിനീഷ് ഭാര്യയെയും കുഞ്ഞുങ്ങളെയും രക്ഷപ്പെടുത്തിയശേഷം മുകള്‍നിലയില്‍നിന്ന് താഴേക്കു ചാടിയത്. താഴത്തെ നിലയിലുണ്ടായിരുന്ന സെല്‍വരാജിനെയും രാജത്തെയും നാട്ടുകാരും അഗ്നിരക്ഷാസേനയും ചേര്‍ന്നാണ് പുറത്തെത്തിച്ചത്.