വിവാദത്തിന് പിന്നാലെ ക്വിറ്റ് ഇന്ത്യ വാര്‍ഷികാചരണ പരിപാടിയില്‍ നിന്ന് വിട്ടുനിന്ന് കോഴിക്കോട് മേയര്‍

Update: 2022-08-09 08:46 GMT

കോഴിക്കോട്:ആര്‍എസ്എസ് സംഘടനയായ ബാലഗോകുലത്തിന്റെ പരിപാടിയില്‍ പങ്കെടുത്തത് വിവാദമായതിന് പിന്നാലെ ഔദ്യോഗിക പരിപാടിയില്‍ നിന്നും വിട്ട് നിന്ന് കോഴിക്കോട് മേയര്‍. ക്വിറ്റ് ഇന്ത്യ സമരത്തിന്റെ വാര്‍ഷികാചരണ പരിപാടിയില്‍ മേയര്‍ ബീന ഫിലിപ്പ് പങ്കെടുത്തില്ല. മേയര്‍ക്ക് പകരം തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.പിആര്‍ഡിയും മലബാര്‍ ക്രിസ്ത്യന്‍ കോളജ് ചരിത്ര വിഭാഗവും സംയുക്തമായാണ് ക്വിറ്റ് ഇന്ത്യ വര്‍ഷികാചരണ പരിപാടി സംഘടിപ്പിച്ചത്.

പരിപാടിയില്‍ നിന്ന് മേയര്‍ വിട്ടുനിന്നതല്ലെന്നും,മറ്റൊരു അടിയന്തര മീറ്റിങ് ഉള്ളതുകൊണ്ടാണ് മേയര്‍ പങ്കെടുക്കാത്തതെന്നുമായിരുന്നു തോട്ടത്തില്‍ രവീന്ദ്രന്റെ വിശദീകരണം.ബാലഗോകുലത്തിന്റെ പരിപാടിയില്‍ പങ്കെടുത്തത് തെറ്റായിപ്പോയെന്നും,പരിപാടിയില്‍ പങ്കെടുക്കുന്നതിന് മുന്‍പ് പാര്‍ട്ടിയോട് ആലോചിക്കണമായിരുന്നുവെന്നും രവീന്ദ്രന്‍ പറഞ്ഞു.പരിചയകുറവാകാം പരിപാടിയില്‍ പങ്കെടുക്കാന്‍ കാരണമെന്നും രവീന്ദ്രന്‍ പറഞ്ഞു.

അതേ സമയം ബാലഗോകുലത്തിന്റെ വേദിയില്‍ പങ്കെടുത്ത നടപടിയെ സിപിഎ െനേതൃത്വം പരസ്യമായി തള്ളിപ്പറഞ്ഞിരുന്നു. ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സംഘടന സംഘടിപ്പിച്ച വേദിയില്‍ പങ്കെടുത്ത് സംസാരിച്ച നിലപാട് ശരിയായില്ലെന്നും,സിപിഎം എക്കാലത്തും ഉയര്‍ത്തി പിടിച്ച് വരുന്ന പ്രഖ്യാപിത നിലപാടിന് കടക വിരുദ്ധമാണ് മേയറുടെ നടപടിയെന്നും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

Tags:    

Similar News