'50 കൊല്ലമായി പണിതുടങ്ങിയിട്ട്, എങ്ങനെ പോകണമെന്ന് നന്നായി അറിയാം' - കെ സുധാകരന്‍
മുതിര്‍ന്ന പല നേതാക്കളുടെയും എതിര്‍പ്പ് മറികടന്നാണ് കെ സുധാകരനെ അധ്യക്ഷനാക്കിയത്. കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് ആരുടെയും പേര് നിര്‍ദേശിക്കുന്നില്ലെന്ന നിലപാടില്‍ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.
തിരുവനന്തപുരം: 50 കൊല്ലമായി പണിതുടങ്ങിയെന്നും എങ്ങനെ പോകണമെന്ന് നന്നായി അറിയാമെന്നും നിയുക്ത കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഗ്രൂപ്പ് തര്‍ക്കങ്ങള്‍ക്കിടയില്‍ എങ്ങനെ മുന്നോട്ട് പോകാനാവുമെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
'എല്ലാ പിണക്കങ്ങളും പരിഹരിച്ച് കൊണ്ടു മുന്നോട്ടുപോകും. പാര്‍ട്ടിക്കായി അക്ഷീണം പ്രവര്‍ത്തിക്കും. വലിയ ഉത്തരവാദിത്തമാണ് ഹൈക്കമാന്റ് ഏല്‍പ്പിച്ചിരിക്കുന്നത്. ഗ്രൂപ്പിന് മുകളിലാണ് പാര്‍ട്ടി.
അര്‍ഹതയുള്ള, പാര്‍ട്ടിക്ക് വേണ്ടി ഏറ്റവും സജീവമായി പ്രവര്‍ത്തിക്കുന്ന യുവ നേതൃത്വത്തെ വളര്‍ത്തിക്കൊണ്ട് വരേണ്ട ദൗത്യമുണ്ട്. പാര്‍ട്ടിയെ ശക്തമായി തിരികെ കൊണ്ടുവരണമെന്നാണ് ഹൈക്കമാന്റ് നിര്‍ദ്ദേശിച്ചിരുന്നത്'- കെ സുധാകരന്‍ പറഞ്ഞു.
കോണ്‍ഗ്രസ് തന്നില്‍ അര്‍പിച്ച വിശ്വാസം താന്‍ സംരക്ഷിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. പാര്‍ട്ടിയെ ശക്തമായി തിരികെ കൊണ്ടുവരുമെന്നും എല്ലാ നേതാക്കളെയും ഒന്നിച്ച് കൊണ്ടുപോകുമെന്നും കെ സുധാകരന്‍ പറഞ്ഞു.
ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയില്‍ കേരളത്തിലെ കോണ്‍ഗ്രസ് നില്‍ക്കുമ്പോഴാണ് മുല്ലപ്പള്ളി രാമചന്ദ്രന് പകരക്കാരനായി കെ സുധാകരന്‍ കെപിസിസിയുടെ തലപ്പത്ത് എത്തുന്നത്. നിലവില്‍ കണ്ണൂര്‍ എംപിയാണ് കെ സുധാകരന്‍. ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്ക് ശേഷമാണ് കെ സുധാകരനെ കെപിസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നിശ്ചയിച്ചത്. കെപിസിസി അധ്യക്ഷനായി തെരഞ്ഞെടുത്ത വിവരം രാഹുല്‍ ഗാന്ധി നേരിട്ടാണ് കെ.സുധാകരനെ വിളിച്ചറിയിച്ചത്.
മുതിര്‍ന്ന പല നേതാക്കളുടെയും എതിര്‍പ്പുകളെ മറികടന്നാണ് അധ്യക്ഷസ്ഥാനത്ത് കെ സുധാകരന്‍ എത്തിയത്. കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് ആരുടെയും പേര് നിര്‍ദേശിക്കുന്നില്ലെന്ന നിലപാടില്‍ മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. എന്നാല്‍ ഭൂരിപക്ഷം എംപിമാരും എംഎല്‍എമാരും കെ സുധാകരനാണ് പിന്തുണ അറിയിച്ചിരുന്നത്. ആരുടെയും പേര് നിര്‍ദേശിച്ചിട്ടില്ലെങ്കിലും പ്രതിപക്ഷനേതാവ് വിഡി സതീശനും സുധാകരന്‍ അധ്യക്ഷ സ്ഥാനത്തെത്തുന്നതിനോട് വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നില്ല.