പ്രശ്‌നങ്ങള്‍ക്ക് കാരണം നേതാക്കളുടെ ഈഗോ; ഓഫിസേഴ്‌സ് അസോസിയേഷന്‍ ആത്മപരിശോധന നടത്തണമെന്നും കെഎസ്ഇബി ചെയര്‍മാന്‍

ബോര്‍ഡിനു മേല്‍ സംഘടനയ്ക്ക് അധികാരമുണ്ടെന്ന ചിന്തയാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്

Update: 2022-04-08 11:21 GMT

തിരുവനന്തപുരം: മാധ്യമങ്ങള്‍ പറയുന്നത് പോലുള്ള പ്രശ്‌നങ്ങളൊന്നും കെഎസ്ഇബിയില്‍ ഇല്ലെന്ന് ചെയര്‍മാന്‍ ബി അശോക് രംഗത്ത്. ഉദ്യോഗസ്ഥ സംഘടനകളുടെ സങ്കുചിത ചിന്തയും ചില നേതാക്കളുടെ ഈഗോയുമാണ് ഇപ്പോഴുള്ള ഈ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു. കുറച്ചു കാലം അസോസിയേഷന്റെ തലപ്പത്തിരുന്നപ്പോള്‍ തങ്ങളാണ് ബോര്‍ഡെന്നും, ചെയര്‍മാനും മറ്റ് ഡയറക്ടര്‍മാരും അവരുടെ സേവകരാണെന്നുമുള്ള തോന്നലുണ്ടായി. ബോര്‍ഡിനു മേല്‍ സംഘടനയ്ക്ക് അധികാരമുണ്ടെന്ന ചിന്തയാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്.

സംഘടനകളുടെ നിര്‍ദ്ദേശങ്ങള്‍ കേള്‍ക്കാന്‍ ബോര്‍ഡ് തയ്യാറാണ്. എന്നാല്‍, ആ നിര്‍ദ്ദേശങ്ങളെല്ലാം നടപ്പിലാക്കണമെന്ന് നിര്‍ബന്ധം പിടിക്കരുത്. അടിസ്ഥാനപരമായ കാര്യങ്ങളില്‍ ഒരു വിട്ടുവീഴ്ചയ്ക്കും കമ്പനി തയ്യാറല്ല. അതേസമയം, സംഘടനകള്‍ക്ക് കമ്പനിയുടെ വളര്‍ച്ചയില്‍ വളരെയധികം സഹായിക്കാനാകുമെന്നും അവരുടെ തെറ്റായ ചിന്തയാണ് പ്രശ്‌നമെന്നും ബി അശോക് വ്യക്തമാക്കി.

2013ല്‍ കമ്പനിയായ ശേഷം 600 കോടിയില്‍ കൂടുതല്‍ പ്രവര്‍ത്തനലാഭം നേടിയ സന്തോഷത്തിലാണ് മാനേജ്‌മെന്റ്. ഈ സന്തോഷത്തില്‍ എല്ലാ ഉദ്യോഗസ്ഥര്‍ക്കും പങ്കെടുക്കാന്‍ സാധിക്കുന്നില്ല എന്നതില്‍ വിഷമമുണ്ട്. അതിനു കാരണം എന്താണെന്ന് ഓഫിസേഴ്‌സ് അസോസിയേഷന്‍ നേതാക്കള്‍ തന്നെ ആത്മപരിശോധന നടത്തി സ്വന്തം തെറ്റുകള്‍ തിരുത്താന്‍ തയ്യാറാവണം. തിരുത്തലിന് തയ്യാറാവുമെങ്കില്‍ മാനേജ്‌മെന്റിന് ആരോടും വിരോധമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കമ്പനിയില്‍ എല്ലാ മാസവും എതെങ്കിലും ഒരു സംഘടന പ്രക്ഷോഭത്തിന് വന്നിട്ടുണ്ട്. എന്നാല്‍ ആനുകൂല്യങ്ങള്‍ കിട്ടിയില്ലെന്ന് പറഞ്ഞ് ഒരാളും കെഎസ്ഇബിയില്‍ സമരം ചെയ്യുന്നില്ല. മാനേജ്‌മെന്റ് എടുക്കുന്ന തീരുമാനങ്ങളില്‍ ഭിന്നാഭിപ്രായങ്ങള്‍ രേഖപ്പെടുത്തിക്കൊണ്ടാണ് സംഘടനകള്‍ പ്രക്ഷോഭത്തിന് വന്നിട്ടുള്ളത്. സുപ്രീം കോടതി തടഞ്ഞു വച്ചിരിക്കുന്ന ചില പ്രമോഷനുകള്‍ ഒഴിച്ചാല്‍ മറ്റ് എല്ലാവരുടെയും ആനുകൂല്യങ്ങള്‍ സമയബന്ധിതമായി തന്നെ നല്‍കിയിട്ടുണ്ട്. 99 ശതമാനം കെഎസ്ഇബി ഉദ്യോഗസ്ഥരും കമ്പനിയുടെ പ്രതീക്ഷയ്ക്ക് മുകളിലാണ് പ്രവര്‍ത്തിക്കുന്നത്. വളരെ കുറച്ച് പേര്‍ക്കെതിരെ മാത്രമേ പരാതികള്‍ ഉള്ളുവെന്നും ചെയര്‍മാന്‍ പറഞ്ഞു.

വനിതാ എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ സസ്‌പെന്‍ഷനും സമരവുമായി യാതൊരു ബന്ധവുമില്ല. താന്‍ വനിതാ ജീവനക്കാരിയോട് അപമര്യാദയായി സംസാരിച്ചിട്ടില്ലെന്നും സ്ത്രീത്വത്തെ അപമാനിച്ചുവെന്ന ആരോപണത്തിന് അടിസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു. വനിതാ ജീവനക്കാരിയെ അപമാനിച്ചുവെന്ന പേരില്‍ നോട്ടീസ് പുറത്തിറക്കിയത് സമ്മര്‍ദ്ദ തന്ത്രമാണ്. ഇത് ബോര്‍ഡില്‍ ആദ്യത്തെ സംഭവമല്ല. സ്ത്രീകളെ ഉപയോഗിച്ച് കൊണ്ട് ഉന്നത ഉദ്യോഗസ്ഥരെ ബ്ലാക്‌മെയില്‍ ചെയ്യുക എന്നത് സംഘടനാ നേതാക്കളുടെ സ്ഥിരം തന്ത്രമാണ്. ഇത് അടുത്ത കാലത്ത് വരെ സംഭവിച്ചതാണ്. ഇതില്‍ തനിക്ക് പരാതിയുണ്ട്. എന്നിരുന്നാലും ഇത് കൈകാര്യം ചെയ്യുന്നതിന് പരിമിതികളുണ്ടെന്നും ബി അശോക് പ്രതികരിച്ചു. 

Tags:    

Similar News