കെഎസ്ഇബി ചെയര്‍മാനും സിഐടിയു സമരസമിതിയും തമ്മിലുള്ള പോര് മുറുകുന്നു; യൂനിയന്‍ അധികാര ദുര്‍വിനിയോഗം നടത്തുന്നതായി ചെയര്‍മാന്‍

അധികാര ദുര്‍വിനിയോഗം നടത്തി പുറത്തിറക്കിയ ഉത്തരവുകള്‍ പിന്‍വലിക്കുന്നതു വരെ പ്രക്ഷോഭം തുടരുമെന്ന് സമര സമിതി

Update: 2022-02-15 06:47 GMT

തിരുവനന്തപുരം: കെഎസ്ഇബി ചെയര്‍മാനും സിഐടിയു സമരസമിതിയും തമ്മിലുള്ള പോര് മുറുകുന്നു. അധികാര ദുര്‍വിനിയോഗം നടത്തി പുറത്തിറക്കിയ ഉത്തരവുകള്‍ പിന്‍വലിക്കുന്നതു വരെ പ്രക്ഷോഭം തുടരുമെന്നാണ് സമര സമിതിയുടെ നിലപാട്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഇടതുയൂനിയനുകളാണ് അധികാര ദുര്‍വിനിയോഗവും, സാമ്പത്തിക ദുര്‍വ്യയവും നടത്തിയതെന്ന് കെഎസ്ഇബിയുടെ ഫേസ് ബുക്ക് പേജിലൂടെ ചെയര്‍മാന്‍ തിരിച്ചടിച്ചു.

ചെയര്‍മാന്‍ ഡോ.ബി അശോക് അധികാര ദുര്‍വിനിയോഗം നടത്തി കെഎസ്ഇബിക്ക് സാമ്പത്തിക ദുര്‍വ്യയമുണ്ടാക്കുന്നുവെന്നാരോപിച്ചാണ് ഇടതു യൂനിയനുകള്‍ അനിശ്ചിതകാല പ്രക്ഷോഭം നടത്തുന്നത്. അംഗീകൃത തൊഴിലാളി സംഘടനകളെ അവഗണിച്ച് തീരുമാനമെടുക്കുന്നുവെന്നും ആക്ഷേപമുണ്ട്.

ഇതിനുള്ള മറുപടി അക്കമിട്ട് നിരത്തിയാണ് ചെയര്‍മാന്‍ രംഗത്ത് വന്നിരിക്കുന്നത്. എംഎം മണി വൈദ്യുതി മന്ത്രിയായിരുന്ന കാലത്ത് ഇടതു യൂനിയനുകള്‍ ബോര്‍ഡിന് കോടികളുടെ ബാധ്യതയുണ്ടാക്കുന്ന തീരുമാനത്തിന് കൂട്ടുനിന്നുവെന്നാണ് ചെയര്‍മാന്റെ പ്രധാന ആക്ഷേപം.സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി തേടാതെ 1200 കോടി അധിക ബാധ്യത വരുത്തുന്ന ശമ്പള പരിഷ്‌കരണം നടപ്പിലാക്കി. ഇതിപ്പോള്‍ ഏജിയുടെ വിശദീകരണം തേടലില്‍ എത്തിയിരിക്കുന്നു.

ടൂറിസം വികസനത്തിന് പല സൊസൈറ്റികള്‍ക്കും ബോര്‍ഡിന്റെ അനുമതിയോ സര്‍ക്കാര്‍ അനുമതിയോ ഇല്ലാതെ നൂറു കണക്കിന് ഏക്കര്‍ സ്ഥലം പാട്ടത്തിന് നല്‍കി. ചട്ടവിരുദ്ധമായി നിലപാട് ഫയലില്‍ എഴുതി ചേര്‍ത്ത് ഒപ്പിടാന്‍ ചീഫ് എഞ്ചിനിയര്‍ക്കുമേല്‍ യൂനിയനുകള്‍ സമ്മര്‍ദ്ദം ചെലുത്തി.സമരം ചെയ്യുന്ന സംഘടനയുടെ നേതാവ് ഉപയോഗിക്കാന്‍ അര്‍ഹതയില്ലാത്ത ഔദ്യോഗിക വാഹനം ആയിരക്കണക്കിന് കിലോമീറ്റര്‍ ദുരുപയോഗം ചെയ്‌തെന്നും ചെയര്‍മാന്‍ ആക്ഷേപിക്കുന്നു.

വൈദ്യുതി ഭവനില്‍ സംസ്ഥാന വ്യവസായ സുരക്ഷ സേനയെ നിയോഗിച്ചത് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ നിര്‍ദേശമനുസരിച്ചാണെന്നും അതിനെ പോലിസ് രാജ് എന്നു കുറ്റപ്പെടുത്തുന്നത് പരിഹാസ്യമാണെന്നും ചെയര്‍മാന്‍ കെഎസ്ഇബിയുടെ ഫേസ്ബുക്കിലിട്ട കുറിപ്പില്‍ പറയുന്നു. ഇടതുയൂനിയനുകളും ചെയര്‍മാനും നിലപാടുകളില്‍ ഉറച്ച് നില്‍ക്കുന്ന സാഹചര്യത്തില്‍ ഇനി മന്ത്രിയുടേയും സര്‍ക്കാരിന്റെയും ഇടപെടല്‍ നിര്‍ണായകമാകും.

അതേസമയം, വിഷയത്തെ സംബന്ധിച്ച് അന്വേഷിച്ച ശേഷം കൂടുതല്‍ കാര്യങ്ങള്‍ പറയാമെന്ന് മന്ത്രി കെ കൃഷ്ണന്‍ കുട്ടി അറിയിച്ചു.

കെഎസ്ഇബി ചെര്‍മാന്‍ ഡോ. ബി അശോകിന്റെ വിവാദ ഫേസ് ബുക്ക് പോസ്റ്റ്.

കടയ്ക്കു തീ പിടിച്ചിട്ടില്ല; നാട്ടുകാര്‍ ഓടി വരേണ്ടതുമില്ല.

ഒരു ബോര്‍ഡ് ജീവനക്കാരന്റെ 11.2.2022 ലെ ഫേസ്ബുക്ക് പോസ്റ്റില്‍ മുന്‍പു പലപ്പോഴും ചെയ്തിട്ടുള്ളതുപോലെ ബോധപൂര്‍വ്വം തെറ്റിദ്ധരിപ്പിക്കുന്നതും ബോര്‍ഡ് മാനേജ്‌മെന്റിനെ ആക്രമിക്കുന്നതുമായ സമീപനം എടുത്തത് തിരുത്തുന്നു.

ബോര്‍ഡിന്റെ 'സെന്‍സിറ്റീവ് & വള്‍ണറബിള്‍' ആയ സാങ്കേതിക സൌകര്യങ്ങള്‍ക്ക് അതാതുകാലത്തെ ആഭ്യന്തര സുരക്ഷാനിര്‍ദ്ദേശം അനുസരിച്ചാണ് പോലിസ് വകുപ്പ് സുരക്ഷ ക്രമീകരിച്ചിട്ടുള്ളത്. ഡാമുകള്‍, പവര്‍സ്‌റ്റേഷനുകള്‍ എന്നിങ്ങനെ വിലപിടിപ്പുള്ള മെഷീനറിയുള്ളതും സബോട്ടാഷ് സാദ്ധ്യതയുള്ളതുമായ 30ലധികം കേന്ദ്രങ്ങളില്‍ നിലവില്‍ തന്നെ 95 അംഗങ്ങളുള്ള അതത് ജില്ലാ ആംഡ് പോലിസ് സുരക്ഷയുണ്ട്. പോസ്റ്റിട്ട വ്യക്തി അംഗമായതുള്‍പ്പെടെയുള്ള സംഘടനകളുടെ അംഗങ്ങളായ ജീവനക്കാരും തൊഴിലാളികളും (2000ത്തോളം പേര്‍) ഇവിടങ്ങളില്‍ ജോലി ചെയ്യുന്നു. ഒരുതരത്തിലുള്ള ബുദ്ധിമുട്ടും പ്രസ്തുത സ്‌റ്റേഷനുകളില്‍ അവര്‍ക്കുണ്ടായതായി റിപ്പോര്‍ട്ടില്ല.

സുരക്ഷ കൂടുതല്‍ ശക്തമാക്കാനുള്ള ശുപാര്‍ശകളാണ് സ്‌റ്റേഷന്‍ ഹെഡ്ഡുകള്‍ നല്‍കാറ്. ഇപ്പോഴുണ്ടായ മാറ്റം എന്താ? ജനുവരി 2021 ല്‍ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ വ്യവസായ സുരക്ഷയ്ക്ക് പ്രത്യേക സേന സംസ്ഥാനത്ത് രൂപീകരിച്ച പശ്ചാത്തലത്തില്‍ ജില്ലാ ആംഡ് സേനയ്ക്കു പകരം സംസ്ഥാന വ്യവസായ സുരക്ഷാസേനയെ (എസ്.ഐ.എസ്.എഫ്) നിയോഗിയ്ക്കണം എന്നു രേഖാമൂലം നിര്‍ദ്ദേശിച്ചു. ഇതിനു മുന്‍പും 2019 ലും 2020 ലും കേന്ദ്ര സുരക്ഷാസേന വേണം എന്നായിരുന്നു നിര്‍ദ്ദേശം. അന്നു കെ.എസ്.ഇ.ബി.എല്‍ പറഞ്ഞൊഴിഞ്ഞത് സംസ്ഥാന സുരക്ഷാ സേനയെ നിയോഗിയ്ക്കാം എന്ന് രേഖാമൂലം അറിയിച്ചുകൊണ്ടാണ്. ഘട്ടം ഘട്ടമായി മതി. ആദ്യം വലിയ കേന്ദ്രങ്ങളില്‍, പിന്നെ ചെറിയവ. ഒറ്റയടിയ്ക്കല്ല മാറ്റം. അവര്‍ക്ക് വ്യവസായ സുരക്ഷയില്‍ പ്രത്യേക പരിശീലനവും റിസര്‍വ്വ് ബാങ്കിലും ഇന്‍ഫോസിസടക്കമുള്ള ഐ.റ്റി. വ്യവസായത്തിലടക്കം സേവനം നല്‍കിയുള്ള പരിചയത്തിലുമായിരുന്നു ശുപാര്‍ശ.

എസ്.ഐ.എസ്.എഫ് വിന്യാസം മാത്രമല്ല ശുപാര്‍ശ. മെറ്റല്‍ ഡിറ്റക്ടറുകള്‍, എക്‌സ്‌റേകള്‍ ഇത്യാദി സ്‌ക്രീനിംഗ് മെച്ചപ്പെടുത്തല്‍ ഒരുപിടി നിര്‍ദ്ദേശങ്ങളുണ്ട്. സംസ്ഥാനനയവും 300 കോടിയില്‍പ്പരം വിറ്റുവരവുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് എസ്.ഐ.എസ്.എഫ് സുരക്ഷയാണ് നിര്‍ബന്ധം എന്നു മനസ്സിലാക്കി കമ്പനി ബോര്‍ഡ് പടിപടിയായി നിലവിലെ ജില്ലാ പോലീസിന്റെ സ്ഥാനത്ത് എസ്.ഐ.എസ്.എഫിനെ നിയോഗിയ്ക്കാന്‍ നിശ്ചയിച്ചു. അതിന് സംസ്ഥാന ആഭ്യന്തര വകുപ്പിനോടപേക്ഷിച്ചു. നിലവിലെ ആളോഹരി ചിലവില്‍ തന്നെ അവര്‍ അനുവദിക്കുകയും ചെയ്തു. ഒരു മൊത്തം ചിലവു വര്‍ദ്ധനയും 95 പേര്‍ നിലവിലുള്ള ഇതിലില്ല. തല്‍സ്ഥിതി തുടരുന്നു. അത്ര മാത്രം. തല്‍സ്ഥിതി എന്തിന് ആര്‍ക്കെങ്കിലും ഒരു പ്രശ്‌നമാകണം?

5.2.2022ന് തൊഴിലാളി സംഘടനകളെയും ഓഫീസര്‍ സംഘടനകളെയും ഇക്കാര്യം വീഡിയോ കോണ്‍ഫറന്‍സ് വഴി അറിയിക്കുകയാണുണ്ടായത്. സുരക്ഷ ആദ്യം ക്രമീകരിച്ചതും വിപുലീകരിച്ചതും നിലവിലെ വിന്യാസവും സംഘടനകളുമായി ചര്‍ച്ച ചെയ്തു നിശ്ചയിച്ചിട്ടുള്ള ഒരു സംഗതിയല്ല. ദീര്‍ഘകാലകരാറില്‍ ഒരു ജീവനക്കാരനേയും ബാധിക്കുന്ന വിഷയവും അല്ല. ആയതിനാല്‍ത്തന്നെ സേനയുടെ മേല്‍വിലാസം മാറുന്ന വിവരം അറിയിക്കുക എന്നത് ഒരു മര്യാദയായതിനാല്‍ മാത്രമാണ് അറിയിച്ചത്, അവരുമായി അതു വേണോ എന്ന ഒരു കൂടിയാലോചനയല്ല നടന്നത്. ഇത് കൂടിയാലോചനയായി തെറ്റിദ്ധരിക്കപ്പെട്ടതാവാം. സംഘടനകളില്‍ ഏതാണ്ട് എല്ലാവരും എസ്.ഐ.എസ്.എഫ് ജില്ലാ പോലിസിന്റെ സ്ഥാനത്തു വരുന്നതിനെ സ്വാഗതം ചെയ്തു. ഒരാളും ആകെ മൊത്തം എതിര്‍ത്തില്ല. ചിലവ് അധികരിക്കരുത് എന്ന ഒറ്റ നിബന്ധന മാത്രം പലരും സൂചിപ്പിച്ചു. പുതുതായി ഉള്‍പ്പെട്ട കളമശ്ശേരി ലോഡ് ഡെസ്പാച്ച് കേന്ദ്രം, കോര്‍പ്പറേറ്റ് ഓഫീസ് എന്നിവയുടെ കാര്യത്തില്‍ ഒന്നുരണ്ടു സംഘടനകള്‍ സംശയം പ്രകടിപ്പിച്ചു. ഒടുവില്‍ കോര്‍പ്പറേറ്റ് ഓഫീസിന്റെ കാര്യത്തില്‍ രണ്ടു കൂട്ടര്‍ പ്രകടമായ വിയോജിപ്പ് പ്രകടിപ്പിച്ചാണ് പിരിഞ്ഞത്. ബോര്‍ഡിന്റെ അഭിപ്രായം അപ്പോള്‍തന്നെ വ്യക്തമാക്കുകയും ചെയ്തു.

കോര്‍പ്പറേറ്റ് ഓഫീസില്‍ വിലപിടിപ്പുള്ള വലിയ മെഷീനറികള്‍ ഇല്ല എന്നത് വസ്തുതയാണ്. എന്നാല്‍ ബോര്‍ഡിന്റെ ശൃംഖലയുടെ മുഴുവന്‍ 'റിയല്‍ ടൈം ഡേറ്റ'യും ബോര്‍ഡ് ആസ്ഥാനത്തെ വിപുലമായ ഡേറ്റ സെന്റര്‍ കൈകാര്യം ചെയ്യുന്നു. സംസ്ഥാനത്തിനു പുറത്തുനിന്ന് ഉപഭോക്തൃവിവരം ചോര്‍ത്തി ബാങ്ക് അക്കൌണ്ടില്‍നിന്നും പണം തട്ടുന്ന സംഘത്തെ ഇനിയും അറസ്റ്റ് ചെയ്തിട്ടില്ല. പ്രസ്തുത സംഘത്തിന് സോഫ്റ്റ് വെയറില്‍നിന്ന് തന്നെ ഉപഭോക്തൃവിവരം ലഭ്യമായി എന്നു പോലിസിന്റെ സൂചനയുണ്ട്. ഇന്‍ഡ്യന്‍ പ്രസിഡന്റിന്റെ ഉത്തരവുമായി ചെയര്‍മാനെ പറ്റിക്കാന്‍ ഒരു 'കോമണ്‍മാന്‍' പട്ടാപ്പകല്‍ കടന്നുവന്ന ഓഫിസാണ് പട്ടത്തേത് എന്നോര്‍ക്കണം. ആര്‍ക്കും എന്തു ദുരുദ്ദേശ്യത്തോടേയും എപ്പോഴും എവിടേയും പ്രവേശിക്കാം.

കൂടുതലും ബോര്‍ഡിന്റെ ആഭ്യന്തര ഉല്‍പ്പന്നങ്ങളായ സോഫ്റ്റ് വെയറുകളില്‍ 20നും വേണ്ടത്ര സുരക്ഷാ മാനദണ്ഡം ഇല്ല. കോഡ് പൊളിച്ച് ദുരുപയോഗം ചെയ്യാം എന്ന സംശയം നിലവിലുണ്ട്. ഏതാണ്ടെല്ലാ കമ്പ്യൂട്ടറുകള്‍ക്കും ഡേറ്റാ പോര്‍ട്ടുകള്‍ ഉള്ളതുകൊണ്ട് തുറന്നു കിടക്കുന്ന ഓഫിസുകളില്‍ നിര്‍ബാധം കടന്നുകയറിയാല്‍ ആര്‍ക്കും വിവരം ചോര്‍ത്താം. ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തില്‍ മുഴുവന്‍ നിര്‍മ്മിതികളുടേയും സിവില്‍ഇലക്ട്രിക്കല്‍ ഡ്രായിംഗുകളുടേയും വിപുലമായ സഞ്ചയമുണ്ട്. വിളിക്കപ്പെടാന്‍ പോകുന്ന ടെന്‍ഡറുകളുടെ വാണിജ്യ രഹസ്യങ്ങളുണ്ട്. വ്യാവസായിക വാണിജ്യ രഹസ്യങ്ങള്‍ ഏതു കമ്പനിയും പ്രാഥമിക സുരക്ഷയ്ക്കായി സുരക്ഷിതമായി ചെയ്യേണ്ടതാണ്. കെ.എസ്.ഇ.ബി. വിളിക്കാന്‍ പോകുന്ന ടെന്‍ഡറിന്റെ വിശദാംശം ഇന്നതാണെന്നും ബന്ധപ്പെട്ട എഞ്ചിനീയര്‍ ഈ ദിവസം തന്നെ അറിയിച്ചെന്നും കരാറുകാരന്‍ എഴുതിയ രസകരമായ കത്ത് എന്റെ കൈവശം ഉണ്ട്. കമ്പനിയില്‍ നിന്നും ടെന്‍ഡര്‍ രഹസ്യം ചോര്‍ത്തിക്കിട്ടി എന്ന് കരാറുകാരന്‍ എം.ഡി. യെ അറിയിക്കുന്നു! രസകരമായിരിക്കുന്നു. കരാറുകാര്‍ക്ക് മുഴുവന്‍ മുന്നേ കാണാന്‍ കഴിയുന്ന ടെന്‍ഡര്‍ രേഖകള്‍ക്ക് വാണിജ്യ സുരക്ഷയുണ്ട് എന്ന് പറയാന്‍ എങ്ങനെ കഴിയും?

ബോര്‍ഡ് ഓഫിസില്‍ എപ്പോഴും ആര്‍ക്കും വരാം. നിയന്ത്രിത മേഖലകള്‍ ഒട്ടുമില്ല. ഡ്രായിംഗുകളും ടെന്‍ഡര്‍ കണക്കുകളും യഥേഷ്ടം വിപണിയില്‍ വാങ്ങാം. വാട്‌സാപ്പായി പല കമ്പനികളിലും പല രേഖയും തത്സമയം എത്തുന്നു. വലിയ റിസ്‌ക്കാണുള്ളത്. ഈ സ്ഥിതി ഒരു വാണിജ്യ വ്യവസായ സ്ഥാപനത്തിനും പറ്റില്ല.

വിലയുള്ള മെഷീനറി ഉള്ളിടത്തല്ല; ഡാറ്റാ ബാഹുല്യം ഉള്ള കേന്ദ്രങ്ങളിലും ഭൌതികസുരക്ഷയും സൈബര്‍ സുരക്ഷയും പരമപ്രധാനമാണ്. ഡേറ്റയാണ് ഇന്നത്തെ സമ്പത്ത്. ബോര്‍ഡ് ആസ്ഥാനവും കളമശ്ശേരി ലോഡ് സെന്ററുമാണ് ഡേറ്റ ശേഖരത്തില്‍ മുന്നില്‍. ഈ കേന്ദ്രങ്ങളില്‍ നാമമാത്രമായ സെക്യൂരിറ്റി വിമുക്ത ഭടന്‍മാര്‍ക്കും എസ്.ഐ.എസ്.എഫിനും ആകാം എന്നു നിര്‍ദ്ദേശിച്ചതില്‍ വേണ്ടത്ര മുന്നാലോചനയുണ്ട്.

കൃത്യമായി പറഞ്ഞാല്‍ 2017 ജനുവരി മാസം മുതലുള്ള ആലോചന. അതായത് 6 വര്‍ഷം നീണ്ട പ്രക്രിയ!. അന്തിമ തീരുമാനം എടുക്കാന്‍ ഒടുവിലെ ഐ.ബി. റിപ്പോര്‍ട്ട് വേണ്ടിവന്നു എന്നു മാത്രം. ഒറ്റ അധികം പോലിസ് സേനാംഗവും ഇതിനാല്‍ വേണ്ടിവരുന്നില്ല. മിച്ചമുള്ള സ്‌റ്റേഷനില്‍ റദ്ദു ചെയ്താണ് പുതിയയാളെ ചേര്‍ക്കുന്നത്. പണമായും ബോര്‍ഡിന് ഇതില്‍ ചിലവൊന്നും തന്നെ ഇല്ല. ജീവനക്കാരന്റെ പോസ്റ്റിലെ കണക്കുകളെല്ലാം തന്നെ ഒരു അടിസ്ഥാനമില്ലാത്തതാണ്.

ഏതു സ്ഥാപനത്തിലും സന്ദര്‍ശകര്‍ക്കുള്ള പാസ്സ് എടുത്താണ് സന്ദര്‍ശന സമയം ലഭിക്കുന്നത്. 24ഃ7 പൊതു സന്ദര്‍ശനം ഒരു പൊതു സ്ഥാപനത്തിലും ഇല്ല. റെയില്‍എയര്‍പോര്‍ട്ടുകളില്‍ പോലും അത് അസാദ്ധ്യമാണ്. സെക്രട്ടറിയേറ്റിലുമില്ല. സെക്രട്ടറിയേറ്റിലും പൊതുജനമല്ലേ സന്ദര്‍ശകര്‍? നിലവിലെ വിമുക്ത ഭടന്റെ സ്ഥാനത്ത് സര്‍വ്വീസിലുള്ള ഉദ്യോഗസ്ഥന്‍ വന്നെന്ന് കരുതി സന്ദര്‍ശകര്‍ക്കോ ജീവനക്കാര്‍ക്കോ തിരിച്ചറിയല്‍ കാര്‍ഡ് / സന്ദര്‍ശക പാസ്സ് കൈവശം വയ്ക്കുക എന്നതിലധികം ഒരു പുതിയ ബാധ്യതയും ഉണ്ടാകുന്നില്ല. ട്രേഡ് യൂനിയന്‍ സ്വാതന്ത്ര്യവും നിലവില്‍ പോലീസ് പാറാവുള്ള സ്‌റ്റേഷനുകളിലെപ്പോലെ അഭംഗുരം തുടരും.

കെ.എസ്.ഇ.ബി. യുടെ കോര്‍ ബിസിനസ്സ് ശക്തമായിത്തന്നെ ബോര്‍ഡ് മുന്നോട്ടു കൊണ്ടുപോകുന്നുണ്ട്. വിതരണപ്രസരണ വിഭാഗങ്ങളിലുള്‍പ്പെടെയുള്ള പ്രോക്യൂര്‍മെന്റ് ചിട്ടയായി നടന്നു വരുന്നു. ജീവനക്കാരന്‍ പറയുന്ന ഇവെഹിക്കിള്‍ വാഹനവിന്യാസം കിലോമീറ്ററിന് 7 രൂപ മതിക്കുന്ന 40 വര്‍ഷം പഴകിയ ഡീസല്‍ വാഹനങ്ങള്‍ മാറ്റി 1.01.5 രൂപയ്ക്ക് ഓടുന്ന ഇലക്ട്രിക് വാഹനം ഉപയോഗിയ്ക്കണ്ട എന്നാണഭിപ്രായമെങ്കില്‍ ഒന്നുകൂടി യുക്തിപൂര്‍വ്വം ചിന്തിക്കണം എന്നേ പറയാനുള്ളൂ. ബോര്‍ഡ് സ്‌പോര്‍ട്‌സ് വിഭാഗത്തില്‍ വാങ്ങുന്ന ടീ ഷര്‍ട്ടോ ഭാവിയില്‍ പരിഗണിക്കുന്ന കമ്മ്യൂണിക്കേഷന്‍ സാങ്കേതിക വിദ്യകളോ ഒന്നും 'കോര്‍' അല്ല, ഇവയൊക്കെ നിസ്സാരമായ ചിലവിനങ്ങള്‍ മാത്രമാണ് എന്നും എല്ലാവര്‍ക്കും അറിയാം. ബോര്‍ഡിന്റെ ചിലവിലെ 0.001% പോലും വരാത്ത ഇനങ്ങളിലാണ് ജീവനക്കാരന്റെ ശ്രദ്ധയും പരാമര്‍ശങ്ങളും..

എന്നാല്‍ 'കോര്‍' ഇനങ്ങളില്‍ നമ്മള്‍ ശ്രദ്ധിക്കേണ്ട ചിലതുണ്ട്. 100 കോടിയ്ക്ക് ബോര്‍ഡ് സ്വകാര്യ സ്ഥാപനത്തില്‍ പുരപ്പുറ സോളാര്‍ സ്ഥാപിച്ചിരുന്നു. 25 വര്‍ഷത്തേയ്ക്ക് 10% സ്വകാര്യ സ്ഥാപനത്തിന് വൈദ്യുതി ചാര്‍ജ്ജില്‍ ഇളവും നല്‍കി. സര്‍ക്കാര്‍ സ്ഥാപനത്തിനാണെങ്കില്‍ ഇതു മനസ്സിലാക്കാം ഹൈട്ടെന്‍ഷന്‍കാര്‍ ഇതുവഴി 10% വൈദ്യുതി ചാര്‍ജ്ജ് കൂടി കുറച്ചപ്പോള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ മുതലും പലിശയും നഷ്ടം. 'കോര്‍ ബിസിനസ്സിലെ' നമ്മുടെ വൈദഗ്ദ്ധ്യമാണോ ഇത് കാണിക്കുന്നത്? നമ്മള്‍ പുനരാലോചിക്കണം.

ഒന്നു കൂടി അറിയണം. 33,000 ജീവനക്കാരില്‍ 6000 പേര്‍ റഗുലേറ്ററി കമ്മീഷന്റെ അംഗീകാരം നേടാതെ അവരുടെ ചിലവ് റഗുലേറ്ററി അസറ്റില്‍ പ്രതിഫലിക്കുന്ന ഒരു കമ്പനിയാണ് ബോര്‍ഡ്. ആ ബോര്‍ഡിന്റെ കോര്‍ ബിസിനസ്സ്, ഇല്ലാത്ത തസ്തികകള്‍ ഫുള്‍ബോര്‍ഡോ മാനേജിംഗ് ഡയറക്ടറോ പോലും അറിയാതെ പ്രതിവര്‍ഷം 12 കോടി രൂപ ആവര്‍ത്തനച്ചിലവില്‍ 90 ഉദ്യോഗസ്ഥരെ വാട്‌സാപ്പ് സന്ദേശം കോടതിയ്ക്കു നല്‍കി നിയമിക്കുന്നതാണോ?. അത്തരം വാട്‌സാപ്പുകള്‍ ഇന്ന് ഗുരുതര അച്ചടക്ക നടപടിയിലെത്തി നില്‍ക്കുന്നു.

സര്‍ക്കാരുമായുള്ള കമ്പനിയുടെ റീവെസ്റ്റിങ് കരാറില്‍ സ്ഥിര ജീവനക്കാരുടെ സേവന വേതന പരിഷ്‌കാരം സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയോടെ വേണം എന്ന നിബന്ധനയും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ശമ്പള പരിഷ്‌കരണത്തിന് മുന്‍കൂര്‍ അനുമതി വേണം എന്ന സംസ്ഥാന ധനവകുപ്പ് ഉത്തരവും മറികടന്ന് കമ്പനി ഫുള്‍ബോര്‍ഡ് അംഗീകാരം പോലും ഇല്ലാതെ 2021 ഫെബ്രുവരിയില്‍ 1200 കോടി ബാധ്യത ഏറ്റെടുത്തതും പൂര്‍ണ്ണ ഉത്തരവാദിത്വമുള്ള ഒരു സമീപനമാണോ? അല്ലെന്ന് സി.ഏ.ജി. ഇപ്പോള്‍ രേഖാമൂലം പറയുന്നു. ബന്ധപ്പെട്ട ഫയലിലെ ഇതിനുള്ള ഉത്തരം 2016 ലും അത്തരം അനുമതി കമ്പനി എടുത്തില്ല എന്നാണ്. 30% ചിലവു വരുന്ന മാനവ വിഭവശേഷി ഊര്‍ജ്ജത്തിന്റെ ചിലവു കഴിഞ്ഞാല്‍ കമ്പനി ബിസിനസ്സില്‍ 'കോര്‍' ആണല്ലോ? സ്ഥിരമായി സര്‍ക്കാര്‍ നിര്‍ദ്ദേശം കമ്പനിയ്ക്ക് മറികടക്കാം എന്നാണോ? അതായത് നിശ്ചയമായും താരിഫ് ചെയ്യാത്ത നഷ്ടത്തില്‍ തന്നെ എഴുതപ്പെടാന്‍ പോകുന്ന വര്‍ദ്ധനവിന് വേണ്ട സര്‍ക്കാര്‍ അനുമതി സര്‍ക്കാരുമായുള്ള ഉടമ്പടിയ്ക്കു വിരുദ്ധമായി വേണ്ടാ എന്ന് നിലപാടാകാമോ?. ഇതാണോ ബോര്‍ഡിന്റെ കോര്‍ ബിസിനസ്സ് മെച്ചപ്പെടുത്തല്‍? കുറഞ്ഞത് 1000 കോടിയുടെ അധിക ബാധ്യത വരുന്ന ചിലവിനം വേണ്ട നിയമപരമായ അനുമതിയില്ലാതെ ഏറ്റെടുക്കുക.

ഇനിയും ഉദാഹരണം എത്ര വേണമെങ്കിലും നിരത്താം. ചെറുത് ഒരെണ്ണം. ബോര്‍ഡിന്റെ ഔദ്യോഗിക വാഹനം ഉപയോഗിയ്ക്കാന്‍ തീരെ അര്‍ഹതയില്ലാത്ത ഒരു അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ആയിരക്കണക്കിന് കിലോമീറ്റര്‍ വീട്ടില്‍ പോയി ബോര്‍ഡ് ലോഗ് ബുക്കില്‍ രേഖപ്പെടുത്തി തന്നെ വര്‍ഷങ്ങളോളം ഓടിയത്? ടൂറിസം വികസനത്തിന് പല സൊസൈറ്റികള്‍ക്കും ബോര്‍ഡ് അനുമതിയോ സര്‍ക്കാര്‍ അനുമതിയോ ഇല്ലാതെ സ്ഥലം വിട്ടു നല്‍കാന്‍ അനുമതി നല്‍കിയത്? നൂറു കണക്കിന് ഏക്കര്‍ സ്ഥലം ഫുള്‍ബോര്‍ഡോ സര്‍ക്കാരോ അറിയാതെ ജൂനിയറായ ഒരു ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ വാണിജ്യ പാട്ടത്തിന് നല്‍കിക്കളഞ്ഞത്? കമ്പനിയുടെ ഉത്തമ താല്‍പര്യമാണോ ഇതൊക്കെ? ഇതില്‍ നമുക്കുറപ്പുണ്ടോ? എന്ക്കത്ര ഉറപ്പു പോരാ!

ചട്ടവിരുദ്ധമായ നിലപാട് ഫയലില്‍ എഴുതിച്ചേര്‍ത്ത ശേഷം 'ഒപ്പിടെടാ' എന്നാക്രോശിക്കപ്പെട്ടപ്പോള്‍ വാവിട്ട് കരഞ്ഞുകൊണ്ട് സാധുവായ ഒരു ചീഫ് എഞ്ചിനീയര്‍ സ്ഥലംമാറ്റം വാങ്ങി രക്ഷപ്പെട്ടത് നമ്മളോര്‍ക്കണ്ടേ? ഇപ്പോഴും ആ അനുഭവം പറയുമ്പോള്‍ പോലും ആ സാധു വിങ്ങിപ്പൊട്ടുന്നത്? നല്ല കോര്‍പ്പറേറ്റ് പ്രാക്ടീസിന്റെ ഉദാഹരണമാണോ ഇതൊക്കെ? ഇതില്‍ എന്താണ് കെ.എസ്.ഇ.ബി. യുടെ 'കോര്‍ ബിസിനസ്സ്'? ലിസ്റ്റ് ഇവിടെ തീരുന്നില്ല. ഇത് തീരെ ചെറിയ ഉദാഹരണങ്ങള്‍ മാത്രം.

ഇത്തരം പ്രവര്‍ത്തനത്തിനുള്ള മറയാകാനാവില്ല ഒരിക്കലും ബോര്‍ഡിന്. വസ്തുതകള്‍ എല്ലാവരും മനസ്സിലാക്കുന്നുണ്ട്. ഇക്കഴിഞ്ഞ 8 മാസം ബോര്‍ഡ് മുന്നോട്ടാണോ നീങ്ങിയത് എന്ന് നെഞ്ചില്‍ കൈ വച്ച് ബോര്‍ഡ് ജീവനക്കാര്‍ പറയട്ടെ. പ്രകടനത്തിന് പാസ്സ് മാര്‍ക്കിനു മീതേ ബോര്‍ഡിന് നിഷ്പ്രയാസം കിട്ടും. സങ്കുചിതമായ പക്ഷപാതിത്വം തലയ്ക്കു പിടിച്ചവര്‍ക്കൊഴിച്ച് മിക്കവര്‍ക്കും അത് ബോധ്യമാവും. എല്ലാ കാലവും എല്ലാവരേയും വിഢികളാക്കാനാവില്ല. ഇപ്പോള്‍ ചുരുക്കം ചില വ്യക്തികള്‍ ചെയ്യുന്നത് കുളം കലക്കി മീന്‍ പിടിക്കുക എന്ന പഴയ പരിപാടിയാണ്. അടുത്തു കണ്ട സിനിമയിലെ 'കടയ്ക്കു തീ പിടിച്ചേ......ഓടി വരണേ.' എന്നതാണ് ഇതിന്റെ മൌലിക സ്‌ക്രിപ്റ്റ്. കടയ്ക്ക് ഞാന്‍ തന്നെ എന്റെയാവശ്യത്തിന് തീ വച്ചു. ഇനി നാട്ടുകാര്‍ ഓടി വന്ന് തീ അണയ്ക്കൂ എന്നാണാഹ്വാനം.

ഫേസ് ബുക്കിലൂടെ ജീവനക്കാരന്‍ പറയുന്നതിന് എന്ത് അര്‍ത്ഥമാണുള്ളത്? കണ്ണൂര്‍ മുതല്‍ കളമശ്ശേരി വരെ വ്യവസായ സുരക്ഷാസേനയ്ക്ക് കെ.എസ്.ഇ.ബി. യ്ക്കു കാവല്‍ നല്‍കാം. അവിടെയൊന്നുമുള്ള ഇതേ യൂനിയനംഗമായ ജീവനക്കാര്‍ക്ക് ഒരു പ്രശ്‌നവുമില്ല. സന്ദര്‍ശകര്‍ക്കും പ്രയാസമില്ല. കളമശ്ശേരിക്കു തെക്കു മാറി വ്യവസായ സുരക്ഷാസേന, പക്ഷേ പറ്റില്ല. 'പോലിസ് രാജാകും' അത്. ദുര്‍വ്യയമാവും. അതായത് 95 ല്‍ 87 പേരുടെ ചിലവ് ഓക്കെ. 8 പേരുടേത് കടുത്ത ദുര്‍വ്യയം. കളമശ്ശേരി വരെ എസ്.ഐ.എസ്.എഫ് മികച്ചത്; ഗുണകരം; ആദായം അനന്തപുരിയില്‍ കൊള്ളില്ല;പിന്തിരിപ്പന്‍;ജീവനവിരുദ്ധം. എന്താ ന്യായം! തിരുവനന്തപുരം പട്ടം പ്രദേശം ഒരു പരമാധികാര റിപ്പബ്ലിക്കാണെന്നൊക്കെ പറഞ്ഞാല്‍?

പറയുന്നവര്‍ക്കും വായിക്കുന്നവര്‍ക്കും ദഹിക്കുന്നില്ല. പറയുന്നയാള്‍ക്കുപോലും വ്യക്തതയില്ലാത്ത വാദങ്ങള്‍.

ചുരുക്കം: താരിഫ് പെറ്റീഷനും ട്രൂയിങ് അപ് പെറ്റീഷനും ഫയല്‍ ചെയ്ത് ശക്തമായി വാദിക്കേണ്ട സമയത്ത് ചിലര്‍ പതിവുപോലെ ബോര്‍ഡില്‍ ആകെ കുഴപ്പമാണെന്നും സമരമാണെന്നും കാരണമില്ലാതെ വരുത്തുന്നു. ജീവനക്കാരുടെ സര്‍ക്കാരനുമതി കൂടാതെ വികസിപ്പിച്ച വേതനത്തിനാനുപാതികമായി താരിഫ് അനുവദിച്ച് ലഭിക്കാനുള്ള സാധ്യത പോലും കുറയ്ക്കുന്നു. നഷ്ടമാവുന്നത് ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും മാത്രം!

ട്രൂയിങ് അപ്പില്‍ ഇതുവരെ നഷ്ടപ്പെട്ട പോസ്റ്റുകള്‍ റെഗുലറൈസ് ചെയ്ത് നഷ്ടം കുറക്കാനുള്ള സാഹചര്യവും നിസ്സാര കാരണങ്ങള്‍ പറഞ്ഞ് ദുര്‍ഘടമാക്കുന്നു. അങ്ങനെ ജീവനക്കാരന്റെ പെന്‍ഷനും ഭാവിയിലെ വേതനവും പോലും അപകടപ്പെടുത്തുന്നു. ഇത്തരം തുടര്‍ച്ചയായ 'മിസ് അഡ്വഞ്ചര്‍' ആണ് ജീവനക്കാരന്റെ തലവരയെങ്കില്‍ ആര്‍ക്കതു തടയാനാവും?.

വാല്‍ക്കഷ്ണം: കളമശ്ശേരിക്കു തെക്ക് പൊടുന്നനെ 'പോലീസ് രാജായി മാറുന്ന' പോലിസ് നമ്മുടെ കേരള സംസ്ഥാനത്തിന്റേതു തന്നെയല്ലേ? ജീവനക്കാരന്റെ കുറിപ്പ് വായിക്കുമ്പോ അങ്ങനെയല്ല തോന്നുന്നത്. എസ്.ഐ.എസ്.എഫ് ഒരു കേന്ദ്ര / വിദേശ സേനയാണോ എന്നുപോലും ചിലര്‍ തെറ്റിദ്ധരിച്ചോ എന്നു സംശയം. തെറ്റിദ്ധാരണകള്‍ തിരുത്തുക; തെറ്റിദ്ധരിപ്പിക്കുന്നവരേയും തിരുത്താന്‍ ശ്രമിക്കുക.

നമുക്കവരുടെ സല്‍ബുദ്ധിയില്‍ ഉറച്ചു വിശ്വസിക്കാം. പതിയെയാണെങ്കിലും കാര്യങ്ങള്‍ അവര്‍ക്കെന്നല്ല ആര്‍ക്കും മനസ്സിലാകും.


Tags:    

Similar News