കെഎസ്ഇബി: തൊഴിലാളി സംഘടനകളുമായി മന്ത്രി കെ കൃഷ്ണന്‍ കുട്ടി ചൊവ്വാഴ്ച ചര്‍ച്ച നടത്തും

തെറ്റായ നയങ്ങള്‍ തിരുത്തുന്നത് വരെ സമരം തുടരുമെന്ന് ഓഫിസേഴ്‌സ് അസോസിയേഷന്‍

Update: 2022-04-18 07:57 GMT

തിരുവനന്തപുരം: കെഎസ്ഇബിയിലെ തൊഴിലാളി സംഘടനകളുമായി വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി നാളെ ചര്‍ച്ച നടത്തും. അതേസമയം, ഓഫിസേഴ്‌സ് അസോസിയേഷനുമായുള്ള ചര്‍ച്ചയില്‍ തീരുമാനമായിട്ടില്ല. ചൊവ്വാഴ്ച വൈദ്യുതി ഭവന്‍ വളയാനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് അസോസിയേഷന്‍ വ്യക്തമാക്കുന്നത്.

എന്നാല്‍ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച നേതാക്കളുടെ സ്ഥലംമാറ്റ നടപടി പിന്‍വലിക്കാനാവില്ലെന്ന നിലപാടിലാണ് മാനേജ്‌മെന്റ്. തെറ്റായ നയങ്ങള്‍ തിരുത്തുന്നത് വരെ സമരം തുടരുമെന്ന് ഓഫിസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എം ജി സുരേഷ് കുമാര്‍ പറഞ്ഞു. പ്രതികാര നടപടിയായ സ്ഥലം മാറ്റം അംഗീകരിക്കില്ല. നാളെ നടത്താനിരിക്കുന്ന വൈദ്യുതി ഭവന്‍ ഉപരോധത്തില്‍ ആയിരം പേര്‍ പങ്കെടുക്കും. സമരം ജനങ്ങളെ ബാധിക്കാതിരിക്കാന്‍ ശ്രമിക്കുമെന്നും എന്നാല്‍ ഇക്കാര്യം മാനേജ്‌മെന്റ് ശ്രദ്ധിക്കുന്നില്ലെന്നും സുരേഷ് കുമാര്‍ കുറ്റപ്പെടുത്തി.

അതേസമയം, സമരം തുടരവെ സിഎംഡിക്കും ബോര്‍ഡ് മാനേജ്‌മെന്റിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി എംജി സുരേഷ് കുമാര്‍ രംഗത്തെത്തിയിരുന്നു. 2021ല്‍ ബി അശോക് ബോര്‍ഡ് ചെയര്‍മാനായി സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ ഡയറക്ടര്‍ ബോര്‍ഡിന്റെ സ്വഭാവം മാറിയെന്നും സ്ഥാപനത്തിലെ കൂട്ടായ്മ തകര്‍ന്നുവെന്നും എംജി സുരേഷ് കുമാര്‍ ആരോപിച്ചു.

ഓഫിസേഴ്‌സ് അസോസിയേഷനും വര്‍ക്കേഴ്‌സ് അസോസിയേഷനും ചേര്‍ന്ന് ബോര്‍ഡിന് ദുര്‍ച്ചെലവുണ്ടാകുന്ന വാങ്ങലുകളെ തടഞ്ഞിരുന്നുവെന്നും അതിനാലാണ് മാനേജ്‌മെന്റും സംഘടനകളും തമ്മില്‍ സംഘര്‍ഷ അന്തരീക്ഷം രൂപപ്പെട്ടതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സിപിഎം മുഖപത്രമായ ദേശാഭിമാനിയിലെ ലേഖനത്തിലാണ് ഇദ്ദേഹം ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

Tags:    

Similar News