കെഎസ്ഇബിക്ക് 1,466 കോടി പ്രവര്‍ത്തനലാഭം

Update: 2022-05-06 00:57 GMT

തിരുവനന്തപുരം: കഴിഞ്ഞ സാമ്പത്തിക വര്‍ഷം കെഎസ്ഇബിക്ക് 1,466 കോടി രൂപയുടെ പ്രവര്‍ത്തന ലാഭമുണ്ടായതായി വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. മികച്ച ഡാം മാനേജ്‌മെന്റും തൊഴിലാളികളുടേയും ഓഫിസര്‍മാരുടേയും മികച്ച പ്രവര്‍ത്തനവും ആഭ്യന്തര വൈദ്യുതോത്പാദനത്തിലെ വര്‍ധനവും വൈദ്യുതി വാങ്ങല്‍ കുറച്ചതും ലോഡ് ഡിസ്പാച് സെന്ററിന്റെ പ്രവര്‍ത്തനവുമടക്കമുള്ള കാര്യങ്ങളാണു കെഎസ്ഇബിയെ പ്രവര്‍ത്തന ലാഭത്തിലേക്കു നയിച്ചതെന്ന് സംസ്ഥാനത്തിന്റെ ഊര്‍ജ മേഖലയുടെ അവലോകനവുമായി ബന്ധപ്പെട്ടു സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി പറഞ്ഞു.

വൈദ്യുതോത്പാദന മേഖലയില്‍ കേരളത്തിനു വലിയ സാധ്യതയാണുള്ളതെന്നു മന്ത്രി ചൂണ്ടിക്കാട്ടി. തടസ്സ രഹിതവും ഗുണമേയുള്ളതുമായ വൈദ്യുതി മിതമായ നിരക്കില്‍ വിതരണം ചെയ്യുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ജലവൈദ്യുത പദ്ധതികള്‍ പരമാവധി ഉപയോഗിക്കണം. നിലവില്‍ പീക് സമയത്ത് 400 മെഗാവാട്ട് വൈദ്യുതിയാണു കേരളത്തിനു വേണ്ടത്. ഇതില്‍ 200 മെഗാവാട്ട് എങ്കിലും ജലവൈദ്യുതിയില്‍നിന്ന് ഉത്പാദിപ്പിക്കാന്‍ കഴിഞ്ഞാല്‍ കൂടിയ വിലയ്ക്കു പുറമേനിന്നു വാങ്ങുന്നത് ഒഴിവാക്കാനാകും. കേരളത്തില്‍ 3000 ടിഎംസി വെള്ളമാണ് ആകെയുള്ളത്. ഇതില്‍ ഇറിഗേഷനും ഇലക്ട്രിസിറ്റിക്കുമായി 300 ടിഎംസിയാണു നിലവില്‍ ഉപയോഗിക്കുന്നത്. 2000 ടിഎംസി വരെ ഉപയോഗിക്കാന്‍ കഴിയുമെന്നാണു പഠന റിപോര്‍ട്ടുകള്‍. എന്നാല്‍ പല കാരണങ്ങളാല്‍ ഇത് ഉപയോഗിക്കാന്‍ കഴിയുന്നില്ല. ഉത്പാദന മേഖലയില്‍ സംസ്ഥാനത്തെ സ്വയംപര്യാപ്തയിലേക്ക് എത്തിക്കുന്നതിനുള്ള ദീര്‍ഘകാല ലക്ഷ്യം മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങളാണു സര്‍ക്കാര്‍ നടപ്പാക്കുന്നത്. 1500 ല്‍ പരം മെഗാവാട്ടിന്റെ സൗരോര്‍ജ്ജ പദ്ധതികളും ഇതിന്റെ ഭാഗമായി നടപ്പാക്കും.

ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നു നാളിതുവരെ 38.5 മെഗാവോട്ടിന്റെ നാല് ജല വൈദ്യുത പദ്ധതികള്‍ ഉള്‍പ്പെടെ ആഭ്യന്തര വൈദ്യുതി ഉല്‍പ്പാദന ശേഷിയില്‍ 156.16 മെഗാവാട്ടിന്റെ വര്‍ധന ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു. ഈ വര്‍ഷം 124 മെഗാവോട്ടിന്റെ മൂന്നു ജല വൈദ്യുത പദ്ധതികള്‍ കൂടി പൂര്‍ത്തിയാക്കും. ഈ മൂന്നെണ്ണം ഉള്‍പ്പെടെ എട്ട് ജല വൈദ്യുത പദ്ധതികളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. ഇതിനു പുറമേ 45.5 മെഗാവാട്ട് ഉത്പാദന ശേഷിയുള്ള അഞ്ചു ജലവൈദ്യുത പദ്ധതികള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചു വരുന്നു. ജല വിഭവ വകുപ്പിന്റെ സഹകരണത്തോടെ കാരപ്പാറ (19 മെഗാവോട്ട്) പദ്ധതി നടപ്പിലാക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നുണ്ട്. മാങ്കുളത്ത് 40 മെഗാവാട്ട് ശേഷിയുള്ള ജല വൈദ്യുത പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം നടത്തി. 800 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള ഇടുക്കി രണ്ടാംഘട്ട പദ്ധതിയുടെ വിശദമായ പദ്ധതി രേഖ ഈ വര്‍ഷം പൂര്‍ത്തിയാക്കും. കേന്ദ്ര ഗവണ്‍മെന്റ് നിഷ്‌കര്‍ഷിക്കുന്ന അനുമതികള്‍ ലഭ്യമാക്കുന്ന മുറയ്ക്ക് ടെന്‍ഡര്‍ ക്ഷണിച്ചു പദ്ധതി പ്രവര്‍ത്തനങ്ങള്‍ അടുത്തവര്‍ഷം ആരംഭിക്കും. 200 മെഗാവാട്ടിന്റെ ശബരിഗിരി എക്സ്റ്റന്‍ഷന്‍ സ്‌കീം പ്രാഥമിക പഠന റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനു വര്‍ക്ക് ഓര്‍ഡര്‍ നല്‍കി.

ഹൈഡ്രോ കൈനറ്റിക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് കനാലുകളില്‍ നിന്നും ജല വൈദ്യുത പദ്ധതികളുടെ ടെയ്ല്‍ റേസില്‍ നിന്നും വൈദ്യുതി ഉദ്പാദിപ്പിക്കുന്ന പദ്ധതിക്കു താല്‍പ്പര്യപത്രം സ്വീകരിച്ച് സാങ്കേതിക ദാതാക്കളെ കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ ആഭ്യന്തര വൈദ്യുതി ഉല്‍പ്പാദനത്തില്‍ വര്‍ധന ഉണ്ടാകുന്നതിനനുസരിച്ച് ഉയര്‍ന്ന നിരക്കിലുള്ള വൈദ്യുതി വാങ്ങല്‍ കരാറുകള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കും. മിതമായ നിരക്കില്‍ വൈദ്യുതി വിതരണം സാധ്യമാക്കിയാല്‍ സംസ്ഥാനത്തു വ്യവസായ വികസനം ഉണ്ടാകുകയും അത് ധാരാളം തൊഴില്‍ സാധ്യത ഉറപ്പ് വരുത്തുകയും ചെയ്യുമെന്നു മന്ത്രി പറഞ്ഞു.

പ്രസരണ മേഖലയില്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം രണ്ട് 220 കെ വി സബ് സ്‌റ്റേഷനുള്‍പ്പടെ 10 സബ് സ്‌റ്റേഷനുകള്‍ പൂര്‍ത്തിയാക്കി. 2040 വരെ വൈദ്യുതി ലഭ്യത ഉറപ്പ് വരുത്തുന്നതിനുള്ള പ്രസരണ മേഖലയിലെ പദ്ധതിയാണ് 10,000 കോടിയുടെ ട്രാന്‍സ്ഗ്രിഡ് 2.0 പദ്ധതി. പുറത്തുനിന്നു വാങ്ങുന്ന വൈദ്യുതി സംസ്ഥാനത്തുടനീളം എത്തിക്കണമെങ്കില്‍ 400 കെവിയുടെ ട്രാന്‍സ്മിഷന്‍ ലൈന്‍ പൂര്‍ത്തീകരിക്കണം. ഇതിന്റെ ആദ്യ ഘട്ടമായി 400 കെ.വി പവര്‍ഹൈവേ കോഴിക്കോട് വരെ പൂര്‍ത്തീകരിച്ചിട്ടുണ്ട്. വയനാട്, കാസര്‍കോഡ് 400 കെ.വി സബ് സ്‌റ്റേഷനുകള്‍കൂടി സ്ഥാപിച്ച് പവര്‍ ഹൈവേ കര്‍ണാടകയിലെ ഉഡുപ്പിയിലേയ്ക്ക് ദീര്‍ഘിപ്പിക്കും. 220 കെവി പ്രസരണ ശൃംഖല ശക്തിപ്പെടുത്തും. ഘട്ടംഘട്ടമായി സബ് സ്‌റ്റേഷനുകള്‍ ഓട്ടോമേറ്റ് ചെയ്തു നവീകരിക്കുകയും ആധുനികവല്‍ക്കരിക്കുകയും ചെയ്യും. ഇത്തരം നടപടികളിലൂടെ പ്രസരണ ശൃംഖലയുടെ ലഭ്യത 99 ശതമാനമായി ഉയര്‍ത്തും. ഈ പദ്ധതി സമയ ബന്ധിതമായി പൂര്‍ത്തീകരിക്കും. ഇതോടെ പവര്‍കട്ടും ലോഡ് ഷെഡ്ഡിങ്ങും പഴങ്കഥയാവും.

വിതരണ മേഖലയില്‍ ആധുനിക വല്‍ക്കരണം ലക്ഷ്യമിട്ടുകൊണ്ട് കേന്ദ്ര സഹായത്തോടെ 12000 കോടി രൂപയുടെ പദ്ധതികളാണ് 2025 നകം പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിടുന്നത്. ഇതില്‍ ഭൂഗര്‍ഭ കേബിളുകള്‍, എ ബി സി കണ്ടക്ടര്‍, കവചിത ചാലകങ്ങള്‍ എന്നിവ സ്ഥാപിക്കുന്നതുള്‍പ്പടെ വിതരണ മേഖല ആധുനിക വല്‍ക്കരിക്കുന്നതിന് 4000 കോടിയിലധികം രൂപയുടെ പദ്ധതി നടപ്പാക്കും. എല്ലാ ഉപഭോക്തൃ മീറ്ററുകളും പ്രീ പെയ്ഡ് സ്മാര്‍ട്ട് മീറ്റര്‍ ആക്കുന്ന പദ്ധതിയുടെ വിശദമായ രൂപരേഖക്ക് അംഗീകാരം ലഭിച്ചു. 8175 കോടി രൂപയുടെ ഈ പദ്ധതി 2022-23 സാമ്പത്തികവര്‍ഷം നടപ്പിലാക്കാന്‍ തുടങ്ങും. വൈദ്യുതി അപകടം കുറയ്ക്കുക, പ്രസരണ വിതരണ നഷ്ടം കുറയ്ക്കുക, ബാറ്ററി സ്‌റ്റോറേജ് സിസ്റ്റം നടപ്പാക ഹൈഡ്രജന്‍ ഇന്ധനമാക്കുന്ന പ്രവര്‍ത്തികള്‍ നടപ്പാക്കുക, ചെലവ് കുറഞ്ഞ മാര്‍ഗ്ഗത്തില്‍ ചെറുകിട ജല വൈദ്യുത പദ്ധതികള്‍ നടപ്പാക്കുക തുടങ്ങിയ വിഷയങ്ങളില്‍ ഗവേഷണം നടത്തുന്നതിനും നവീന ആശയങ്ങള്‍ വികസിപ്പിക്കുന്നതിനും വേണ്ടത്ര സൗകര്യങ്ങള്‍ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

Tags:    

Similar News