വൈദ്യുതി ബോര്‍ഡ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ കെഎസ്ഇബി; നീക്കം സുരക്ഷ കൂട്ടാന്‍

വൈദ്യുതി ചാര്‍ജ് കുടിശിക ഉണ്ടെന്ന് ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിച്ച്, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ മനസ്സിലാക്കി പണം തട്ടുന്നത് തടയാനാണ് നടപടി

Update: 2021-12-25 03:55 GMT

കോഴിക്കോട്: വൈദ്യുതി ബോര്‍ഡ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ആധാറുമായി  ബന്ധിപ്പിക്കാന്‍ കെഎസ്ഇബി നീക്കം. ഇതുവഴി ഡേറ്റാ ബേസുകള്‍ക്ക് കൂടുതല്‍ സുരക്ഷ നല്‍കാനാണ് ശ്രമം. റെക്കോര്‍ഡിംഗ്, ഡേറ്റാ ട്രാന്‍സ്ഫര്‍, ഉപകരണങ്ങള്‍ എന്നിവ ബോര്‍ഡ് ഓഫിസുകളുടെ നിയന്ത്രിത ഭാഗങ്ങളില്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്താനും തീരുമാനിച്ചു.

വൈദ്യുതി ചാര്‍ജ് കുടിശിക ഉണ്ടെന്ന് ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിച്ച്, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ മനസ്സിലാക്കി പണം തട്ടുന്ന സംഘം സംസ്ഥാനത്ത് ഒട്ടേറെ പേരെ കബളിപ്പിച്ചതിനെ തുടര്‍ന്നാണ് നടപടി. പോലിസ് അന്വേഷണം ആരംഭിച്ചതിനോടൊപ്പം വൈദ്യുതി ബോര്‍ഡ്, ആഭ്യന്തര ഐടി സംവിധാനത്തില്‍ സൈബര്‍ ഓഡിറ്റ് നടത്തും. ഉപയോക്താക്കളുടെ വിശദാംശം ആധാറുമായി ബന്ധിപ്പിച്ച് കൂടുതല്‍ സുരക്ഷ നല്‍കാനാണ് ഉദ്ദേശിക്കുന്നത്. സ്വകാര്യ റെക്കോര്‍ഡിംഗ് ഡേറ്റാ ട്രാന്‍സ്ഫര്‍ ഉപകരണങ്ങള്‍ ബോര്‍ഡ് ഓഫിസുകളുടെ പരിസരത്ത് ഉപയോഗിക്കുന്നത് തടയും.

കെഎസ്ഇബിയുടെ തിരുവനന്തപുരത്തേയും, കളമശ്ശേരിയിലേയും ഡേറ്റാ സെന്ററുകളിലും, മൂലമറ്റം പവര്‍ഹൗസിലും കൂടുതല്‍ സുരക്ഷാ ക്രമീകരണം ഏര്‍പ്പെടുത്തണമെന്ന് കേന്ദ്ര ഐബി നിര്‍ദ്ദേശിച്ചിട്ടുണ്ട്. സിഐഎസ്എഫ് മാതൃകയില്‍ സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സിനെ ബോര്‍ഡിന്റെ അതീവ സുരക്ഷ വേണ്ട പവര്‍ ഹൗസുകളിലും ഡേറ്റാ സെന്ററുകളിലും വിന്യസിക്കാന്‍ ശുപാര്‍ശയുണ്ട്. മൂന്നു മാസത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കും.

Tags:    

Similar News