സുപ്രിംകോടതി കൊളീജിയത്തില്‍ കടന്നു കൂടിയ പുഴുക്കുത്ത്; ജസ്റ്റിസ് സിറിയക് ജോസഫിനെ വീണ്ടും കടന്നാക്രമിച്ച് കെടി ജലീല്‍

ജസ്റ്റിസ് സിറിയക് ജോസഫ് ജഡ്ജ്‌മെന്റ് എഴുതാത്ത ജഡ്ജിയായിരുന്നു എന്നും, ഇത്തരം പുഴുക്കുത്തുകളാണ് കൊളീജിയത്തില്‍ കടന്നുകൂടിയതെന്നും, അറ്റോര്‍ണി ജനറല്‍ സുപ്രീംകോടതിയില്‍ വെളിപ്പെടുത്തിയിരുന്നു

Update: 2022-02-01 10:33 GMT

തിരുവനന്തപുരം: സുപ്രിംകോടതി കോളിജിയത്തില്‍ കടന്നു കൂടിയ പുഴുക്കുത്താണ് ജസ്റ്റിസ് സിറിയക് ജോസഫെന്ന സുപ്രിംകോടതി മുന്‍ അറ്റോര്‍ണി ജനറലിന്റെ ആക്ഷേപം ആവര്‍ത്തിച്ച് ഡോ. കെടി ജലീല്‍. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍ പുരയ്ക്കലിന്റെ എഴുതിത്തീരാത്ത ആത്മകഥാ ഭാഗം ഉദ്ധരിച്ചാണ് കെടി ജലീല്‍ സിറിയക് ജോസഫിനെ വീണ്ടും കടന്നാക്രമിച്ചത്.

മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗിയാണ് മുകളില്‍ സൂചിപ്പിച്ച പരാമര്‍ശം നടത്തിയത്. സുപ്രിംകോടതി ജഡ്ജിമാരെ നിയമിക്കുന്നത് കൊളിജിയം വഴി ആക്കിയ സന്ദര്‍ഭത്തിലെ ചില പരാമര്‍ശങ്ങളാണ് ജോമോന്‍ പുസ്തകത്തില്‍ ചൂണ്ടിക്കാട്ടുന്നത്. ജഡ്ജ്‌മെന്റ് എഴുതാത്ത ജഡ്ജിയാണെന്നും റോഹ്തഗി വിമര്‍ശിക്കുന്നുണ്ട്്. ഇക്കാര്യമാണ് കെടി ജലീല്‍ പുഴുക്കുത്ത് എന്ന തലക്കെട്ടില്‍ ഫേസ് ബുക്കില്‍ കുറിച്ചത്.

കെടി ജലീലിന്റെ ഫേസ് ബുക് പോസ്റ്റ്

'പുഴുക്കുത്ത്'

ജോമോന്‍ പുത്തന്‍പുരക്കല്‍ എഴുതുന്നു:

'ജഡ്ജിമാരെ തിരഞ്ഞെടുക്കുന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ കൊളീജിയം, പ്രധാനമന്ത്രിയുടെ കീഴിലേക്ക് മാറ്റികൊണ്ട് പാര്‍ലമെന്റില്‍ നിയമം പാസ്സാക്കിയതിനെതിരെ, സുപ്രീംകോടതിയിലെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് കേസ് പരിഗണിച്ചപ്പോള്‍, കേന്ദ്രഗവണ്മെന്റിന് വേണ്ടി അന്നത്തെ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗി ഇപ്രകാരം വാദിച്ചു;

'സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ കൊളീജിയത്തില്‍ പുഴുക്കുത്തുകളായ ജഡ്ജിമാര്‍ കടന്നുകൂടിയത് കൊണ്ടാണ്, ജഡ്ജിമാരെ തിരെഞ്ഞെടുക്കുന്ന കൊളീജിയം പ്രധാനമന്ത്രിയുടെ കീഴിലേക്ക് മാറ്റിയത്'.

അപ്പോള്‍ കേസ് പരിഗണിച്ച ഭരണഘടനാ ബെഞ്ച് അറ്റോര്‍ണി ജനറലിനോട് ചോദിച്ചു; 'കൊളീജിയത്തില്‍ കടന്നുകൂടിയ പുഴുക്കുത്തുകളായ ഒരു ജഡ്ജിന്റെ പേരെങ്കിലും എക്‌സാംപിളായി പറയാന്‍ കഴിയുമോ?'

'സുപ്രീംകോടതി ജഡ്ജിയായിരുന്ന, അതിനുമുന്‍പ് കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന, ജസ്റ്റിസ് സിറിയക് ജോസഫ് ജഡ്ജ്‌മെന്റ് എഴുതാത്ത ജഡ്ജിയായിരുന്നു എന്നും, ഇത്തരം പുഴുക്കുത്തുകളാണ് കൊളീജിയത്തില്‍ കടന്നുകൂടിയതെന്നും, അറ്റോര്‍ണി ജനറല്‍ സുപ്രീംകോടതിയില്‍ വെളിപ്പെടുത്തി.

ജസ്റ്റിസ് സിറിയക് ജോസഫ് വാദംകേട്ട കേസുകളിലെല്ലാം സിറിയക് ജോസഫിനോടൊപ്പം ബെഞ്ചിലുണ്ടായിരുന്ന ജഡ്ജിയാണ് ജഡ്ജ്‌മെന്റ് എഴുതിയതെന്ന്, അറ്റോര്‍ണി ജനറല്‍, 2015 ജൂണ്‍ 18 നാണ് ഞെട്ടിപ്പിക്കുന്ന ഈ വിവരം കേന്ദ്രസര്‍ക്കാരിന് വേണ്ടി സുപ്രീംകോടതിയില്‍ വെളിപ്പെടുത്തിയത്.

ഈ വാര്‍ത്ത 2015 ജൂണ്‍ 19ന് ടൈംസ് ഓഫ് ഇന്ത്യ ഇംഗ്ലീഷ് പത്രത്തിലെ ഫ്രണ്ട്‌പേജില്‍ പ്രധാനവാര്‍ത്തയായി, സിറിയക് ജോസഫിന്റെ ചിത്രം സഹിതം വാര്‍ത്ത വന്നിരുന്നു'. (ജോമോന്റെ എഴുതിത്തീരാത്ത ആത്മകഥയില്‍ നിന്നുള്ള ഭാഗം)

Tags:    

Similar News