കുടുംബശ്രീ ഓണ്‍ലൈന്‍ ഡോര്‍ ഡെലിവറിയിലേക്ക്
ജെം കാര്‍ട്ട് എന്ന പേരിലാണ് ഓണ്‍ലൈന്‍ സേവനങ്ങളുമായി ഒരു കുടുംബശ്രീ സംരംഭക ഗ്രൂപ്പ് ആദ്യമായി രംഗത്ത് വരുന്നത്.
പെരിന്തല്‍മണ്ണ: നഗരസഭ കുടുംബശ്രീ സംരംഭക ഗ്രൂപ്പായ മാലാഖ സൊല്യുഷന്‍ ഓണ്‍ലൈന്‍ ഡെലിവറിയുടെയും സേവനത്തിന്റെയും രംഗത്തേക്ക്. ജെം കാര്‍ട്ട് എന്ന പേരിലാണ് ഓണ്‍ലൈന്‍ സേവനങ്ങളുമായി ഒരു കുടുംബശ്രീ സംരംഭക ഗ്രൂപ്പ് ആദ്യമായി രംഗത്ത് വരുന്നത്.
വീടുകളിലേക്ക് ആവശ്യമായ പല വ്യഞ്ജനങ്ങള്‍, മരുന്ന്, പാകം ചെയ്ത എല്ലാത്തരം ഭക്ഷണങ്ങള്‍, മത്സ്യം, മാംസം, മരുന്ന്, ഉപഭോഗവസ്തുക്കള്‍ തുടങ്ങി വീടുകളിലേക്ക് ആവശ്യമായ എല്ലാത്തരം വസ്തുക്കളും ഓണ്‍ലൈനിലൊ, ടെലിഫോണിലോ ഓര്‍ഡര്‍ നല്‍കുന്നത് പ്രകാരം എത്തിക്കുക. ഓട്ടോ, ടാക്‌സി, ബസ്സ്, ട്രെയിന്‍, ഫ്‌ലൈറ്റ് ബുക്കിങ്ങുകള്‍, ടൂര്‍ പാക്കേജ്, പ്ലംബര്‍, ഇലക്ട്രീഷ്യന്‍, നിര്‍മ്മാണം തുടങ്ങിയവയിലെ ലാബര്‍ സപ്പോര്‍ട്ട്, കറന്റ് ബില്‍, വാട്ടര്‍ ബില്‍, നികുതികളും ഫീസുകളും അടവാക്കല്‍ തുടങ്ങി ഗവ: ഓഫീസുകളിലെ സേവനങ്ങള്‍, വനിതാ ഡ്രൈവിങ്ങ് പരിശീലനം, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലയില്‍ ആവശ്യമായ സേവനങ്ങള്‍ തുടങ്ങി എല്ലാ വിധ സേവനങ്ങളെയും കോര്‍ത്തിണക്കിയാണ് ജെം കാര്‍ട്ട് ഓണ്‍ലൈന്‍ സേവനം ലഭ്യമാകുക.
ജെം കാര്‍ട്ട് എന്ന പേരില്‍ പ്രത്യേകം വികസിപ്പിച്ച മൊബൈല്‍ ആപ്പ് വഴിയും, കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളിലെ വളണ്ടിയര്‍മാര്‍ വഴിയും ആവശ്യങ്ങള്‍ കേന്ദ്ര സര്‍വ്വീസ് സെന്ററില്‍ അറിയിക്കാം. ഇതിനായി പെരിന്തല്‍മണ്ണയില്‍ പ്രവര്‍ത്തിക്കുന്ന ഇഗ്‌നൈറ്റ് എന്ന ഐ.ടി കമ്പനിയിലെ ഐ.ടി വിദഗ്ധനായ സി.എച്ച് ആസിഫ് രൂപകല്‍പന ചെയ്ത മൊബൈല്‍ ആപ്ലിക്കേഷന്‍ ഏതൊരാള്‍ക്കും അനായാസം കൈകാര്യം ചെയ്യാം.
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ കയറി ജെം കാര്‍ട്ട് എന്ന അപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്താല്‍ മലയാളത്തിലും, ഇംഗ്ലീഷിലും ആപ്പ് പ്രവര്‍ത്തനസജ്ജമായതിനാല്‍ ഏതൊരു സാധാരണക്കാരനും ഓണ്‍ലൈനായി സേവനം ഉപയോഗിക്കാം. ഓണ്‍ലൈന്‍ സേവനം ഉപയോഗിക്കാനറിയാത്തവര്‍ക്ക് അയല്‍ക്കൂട്ട വളണ്ടിയറുടെ സേവനം ഉപയോഗിക്കാം. ഓരോ പ്രദേശത്തെയും കച്ചവട സ്ഥാപനങ്ങളെ ബന്ധിപ്പിച്ചാണ് വീടുകളില്‍ സാധനങ്ങള്‍ എത്തിക്കുക എന്നതിനാല്‍ വ്യാപാരികള്‍ക്ക് വ്യാപാര നഷ്ടം ഉണ്ടാവാതെയും നോക്കാനാവും
സേവനങ്ങള്‍ക്ക് ചുരുങ്ങിയ സര്‍വീസ് ചാര്‍ജ് ,ഏറ്റവും കുറഞ്ഞ വിലയില്‍ ഗുണമേന്മയുള്ള ഉല്പന്നവും, സേവനവും നല്‍കുക. നല്‍കിയ സാധനങ്ങളുടെ വേസ്റ്റ് എന്തു തന്നെയായാലും തിരിച്ചെടുക്കും എന്നതാണ് ജെം കാര്‍ട്ടിന്റെ പ്രത്യകത.
കൊവിഡ്19 ന്റെ പശ്ചാത്തലത്തില്‍ എവര്‍ക്കും ഉപകാരപ്രധമായ കുടുംബശ്രീ ജെം കാര്‍ട്ട് ഓണ്‍ലൈന്‍ സര്‍വ്വീസിന്റെ ഔപചാരികമായ ലോഞ്ചിംഗ് നഗരസഭാ ചെയര്‍മാന്‍ എം.മുഹമ്മദ് സലിം നിര്‍വ്വഹിച്ചു.നഗരസഭാ സെക്രട്ടറി എസ് അബ്ദുല്‍ സജിം, കുടുംബശ്രീ സിഡിഎസ് പ്രസിഡന്റ് എം പ്രേമലത, മാലാഖ സൊല്യൂഷന്‍ ജനറല്‍ മാനേജര്‍ ജയന്‍ മഠത്തില്‍, ജീവനം കോ ഓര്‍ഡിനേറ്റര്‍ സീനാ ഷാനവാസ്, സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ സി.എച്ച് ആസിഫ് എന്നിവര്‍ പങ്കെടുത്തു.