അനുകൂല മൊഴി നല്‍കാന്‍ കുല്‍ഭൂഷണ്‍ ജാദവിനുമേല്‍ പാകിസ്താന് സമ്മര്‍ദ്ദം ചെലുത്തുന്നു: ഇന്ത്യ
പാക് ജയിലില്‍ കഴിയുന്ന ജാദവിന് കോണ്‍സുലാര്‍ സഹായം ലഭ്യമാക്കിയതിന് പിന്നാലെയാണ് ഇന്ത്യ ഇക്കാര്യം വ്യക്തമാക്കിയത്.
ഇസ്‌ലാമാബാദ്: പാകിസ്താന് അനുകൂലമായ മൊഴി നല്‍കാന്‍ കുല്‍ഭൂഷണ്‍ ജാദവിനുമേല്‍ കടുത്ത സമ്മര്‍ദ്ദമുണ്ടെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. പാക് ജയിലില്‍ കഴിയുന്ന ജാദവിന് കോണ്‍സുലാര്‍ സഹായം ലഭ്യമാക്കിയതിന് പിന്നാലെയാണ് ഇന്ത്യ ഇക്കാര്യം വ്യക്തമാക്കിയത്.
ചാരവൃത്തി ആരോപിച്ച് പാക് സൈനിക കോടതി കുല്‍ഭൂഷണ്‍ ജാദവിന് വധശിക്ഷ വിധിച്ചിരുന്നു. എന്നാല്‍, ശിക്ഷാവിധിക്കെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍നിന്ന് ഇന്ത്യയ്ക്ക് അനുകൂല വിധി നേടാന്‍ കഴിഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് ജാദവിന് കോണ്‍സുലര്‍ സഹായം ലഭ്യമാക്കാന്‍ പാകിസ്താന്‍ തയ്യാറായത്. ഇതേത്തുടര്‍ന്ന് പാകിസ്താനിലെ ഇന്ത്യന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ഗൗരവ് അലുവാലിയയാണ് കുല്‍ഭൂഷണ്‍ ജാദവിനെ സന്ദര്‍ശിച്ചത്. ആദ്യമായാണ് പാക് ജയിലില്‍ കഴിയുന്ന കുല്‍ഭൂഷണ്‍ ജാദവിനെ കാണാന്‍ ഒരു ഇന്ത്യന്‍ ഉദ്യോഗസ്ഥന് അനുമതി ലഭിക്കുന്നത്.
ജാദവിനെ സന്ദര്‍ശിച്ച ഉദ്യോഗസ്ഥനില്‍നിന്ന് വിശദമായ റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍നടപടികള്‍ തീരുമാനിക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ ഉദ്യോഗസ്ഥന്‍ നടത്തിയ സന്ദര്‍ശനത്തിന്റെ വിശദാംശങ്ങള്‍ വിദേശകാര്യമന്ത്രി ജാദവിന്റെ അമ്മയെ നേരിട്ട് അറിയിച്ചുവെന്നും അധികൃതര്‍ പറഞ്ഞു.