ഡല്‍ഹി സംഘര്‍ഷം: കൊലക്കുറ്റം ചുമത്തിയ കുല്‍ദീപിന് ജാമ്യം; പോലിസുകാര്‍ക്ക് നേരെ തോക്ക് ചൂണ്ടിയ ഷാരൂഖ് പത്താന് ജാമ്യമില്ല
ന്യൂഡല്‍ഹി: ഒരു വര്‍ഷം മുമ്പ് ഡല്‍ഹിയിലെ പൗരത്വപ്രക്ഷോഭ സമയത്ത് ഒരാളെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതിക്ക് ഡല്‍ഹി കോടതി ജാമ്യം അനുവദിച്ചു. അതേസമയം പോലിസിനുനേരെ തോക്ക് ചൂണ്ടിയ പ്രതിയുടെ ജാമ്യം നിഷേധിച്ചു. ഡല്‍ഹി കര്‍കര്‍ഡൂമയിലെ കോടതികളാണ് രണ്ട് വ്യത്യസ്ത കേസുകളിലെ ജാമ്യാപേക്ഷകളില്‍ വിധിപറഞ്ഞത്.
3ാം തിയ്യതിയും 4ാം തിയ്യതിയുമാണ് കേസ് കോടതിയുടെ പരിഗണനയ്ക്ക് വന്നത്.
ഓട്ടോ ഡ്രൈവറായ ബാബ്ബുവിനെ കൊലപ്പെടുത്തിയ കേസിലാണ് കുല്‍ദീപിന് അഡീഷണല്‍ സെഷന്‍സ് ജഡ്ജി വിനോദ് യാദവ് ജാമ്യം നല്‍കിയത്. യാദവിനെതിരേയുള്ള സാക്ഷിമൊഴി ശേഖരിക്കുന്നതില്‍ കാലവിളംബമുണ്ടായെന്നും മൊഴി ശേഖരിച്ചത് സംഭവം നടന്ന് 83 ദിവസത്തിനുശേഷമായിരുന്നെന്നും കോടതി ജാമ്യം അനുവദിച്ച വിധിയില്‍ പറയുന്നു.
എഫ്‌ഐആറില്‍ തന്റെ കക്ഷിയെ പേരെടുത്ത് പറഞ്ഞിരുന്നില്ലെന്നും പോലിസ് ഒരിക്കലും കസ്റ്റഡി ആവശ്യപ്പെട്ടിരുന്നില്ലെന്നും സിസിടിവി ദൃശ്യങ്ങളൊന്നും ശേഖരിക്കാനായില്ലെന്നും പ്രതിഭാഗം വാദിച്ചു.
ഫെബ്രുവരി 4ാം തിയ്യതി അമിതാഭ് റാവത്തിന്റെ കോടതിയിലാണ് ഷാരൂഖ് പത്താന്റെ കേസ് പരിഗണനയില്‍ വന്നത്. ഒരു പോലിസുകാര്‍ക്കെതിരേ തോക്ക് ചൂണ്ടിയതാണ് പ്രതിക്കെതിരേയുള്ള കേസ്. തോക്ക് ചൂണ്ടിയ ഫോട്ടോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു. കേസ് അതീവ ഗൗരവമുള്ളതാണെന്ന് ജാമ്യം നിഷേധിച്ച ഉത്തരവില്‍ കോടതി ചൂണ്ടിക്കാട്ടി.
ഐപിസി 147, 148, 149, 216, 186, 307, 534 34, ആയുധനിയമത്തിന്റെ 25, 27 തുടങ്ങിയ വകുപ്പുകളാണ് പ്രതിക്കെതിരേ ചുമത്തിയിട്ടുള്ളത്.
പ്രതി ഒരിക്കല്‍പ്പോലും വെടിയുതിര്‍ത്തില്ലെന്ന് പ്രതിഭാഗം വാദിച്ചെങ്കിലും കോടതി ആ വാദം മുഖവിലക്കെടുത്തില്ല. ഇതേ കേസിലെ ദീപക് ദാഹിയയുടെ മൊഴി പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച തെളിവുകളെ ചോദ്യം ചെയ്യുന്നുവെന്നും പ്രതിയുടെ അഭിഭാഷകന്‍ വാദിച്ചു.
പൗരത്വ സമരത്തിനെതിരേ നടന്ന സംഘപരിവാര്‍ ആക്രമണത്തെത്തുടര്‍ന്ന് അമ്പതോളം പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ആയിരങ്ങള്‍ ഭവനരഹിതരാവുകയും ചെയ്തു.