മുസ്‌ലിം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു
മലപ്പുറം: മുസ്‌ലിം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു. 71 വയസ്സായിരുന്നു. മൂന്ന് തവണ എം.എല്‍.എയായ അദ്ദേഹം 2004ലെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്നു. 1992ലെ ഉപതിരഞ്ഞെടുപ്പില്‍ താനൂരില്‍ നിന്നും 1996ലും 2001ലും തിരൂരങ്ങാടിയില്‍ നിന്നുമാണ് കുട്ടി അഹമ്മദ് കുട്ടി നിയമസഭയിലെത്തിയത്. മുസ്ലിം ലീഗ് താനൂര്‍ മണ്ഡലം പ്രസിഡന്റ്, എസ്.ടി.യു മലപ്പുറം ജില്ലാ പ്രസിഡന്റ്, തിരൂര്‍ എം.എസ്.എം പോളിടെക്നിക് ഗവേര്‍ണിങ് ബോഡി ചെയര്‍മാന്‍ തുടങ്ങിയ നിരവധി പദവികള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്.
കെ.സെയ്താലിക്കുട്ടി മാസ്റ്ററുടെ മകനായി 1953 ജനുവരി 15 നാണ് ജനനം. ബി.എസ്.സി ബിരുദധാരിയാണ്.
ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിച്ചതിനുള്ള വരം പുരസ്‌കാരം (2018) ലഭിച്ചു. ഭാര്യ: ജഹാനര. രണ്ട് ആണ്‍ കുട്ടികളും ഒരു പെണ്‍കുട്ടിയുമുണ്ട്.