കുട്ടി അഹ്‌മദ് കുട്ടി സാമൂഹ്യ നീതിക്കുവേണ്ടി ശക്തമായി നിലകൊണ്ട വക്താവ്: എസ്ഡിപിഐ
മലപ്പുറം: പ്രഗല്‍ഭനായ രാഷ്ട്രീയ നേതാവും സാമൂഹ്യ നീതിക്കുവേണ്ടി ശക്തമായി നിലകൊണ്ട വക്താവുമായിരുന്നു കുട്ടി അഹ്‌മദ് കുട്ടിയെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. സംവരണീയ സമുദായങ്ങളുടെ സമര പോരാട്ടങ്ങളില്‍ മുന്നണിയുടെ വിയോജിപ്പ് നിലനില്‍ക്കെ തന്നെ അദ്ദേഹം സജീവമായി പങ്കെടുക്കുകയും അതോടൊപ്പം അതിനു നേതൃപരമായ പങ്കുവഹിക്കുകയും ചെയ്തിട്ടുണ്ട്. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എന്നതിനേക്കാള്‍ സാമൂഹ്യ നീതിയോടൊപ്പം സഞ്ചരിച്ചയാള്‍ എന്ന നിലയിലാണ് അദ്ദേഹം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. സംവരണ സമുദായ മുന്നണിയിലും നിരവധി സമര വേദികളിലും ഒരുമിച്ച് പ്രവര്‍ത്തിക്കുവാന്‍ സാധ്യമായിട്ടുണ്ട്. കുട്ടി അഹമ്മദ് കുട്ടിയുടെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നതിനൊപ്പം അദ്ദേഹത്തിന്റെ പാരത്രിക മോക്ഷത്തിനായി പ്രാര്‍ത്ഥിക്കുന്നുവെന്നും എസ്ഡിപിഐ പത്രക്കുറിപ്പില്‍ അറിയിച്ചു.