മാഡ്രിഡ്: ഫുട്‌ബോള്‍ പ്രേമികളുടെ മറ്റൊരു കാത്തിരിപ്പിന് വിരാമമാവുന്നു. കൊറോണയെ തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവച്ച സ്പാനിഷ് ലീഗ് വീണ്ടും തുടരുന്നു. ജൂണ്‍ എട്ടിനാണ് ലാ ലിഗയ്ക്ക് തുടക്കമാവുന്നത്. നേരത്തെ ജൂണ്‍ 20ന് തുടരാനായിരുന്നു അധികൃതര്‍ തീരുമാനിച്ചത്. എന്നാല്‍ സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് ഇന്ന് പുതിയ തീരുമാനം പ്രഖ്യാപിക്കുകയായിരുന്നു. നിലവില്‍ താരങ്ങള്‍ പരിശീലനം തുടങ്ങിയിരുന്നു. നാളെ ഗ്രൂപ്പായിട്ടും പരിശീലനം തുടങ്ങും. രണ്ടാം ഡിവിഷന്‍ ലീഗും ഇതേ തിയ്യതിയില്‍ തുടങ്ങും. ഓരോ ടീമിനും 11 മല്‍സരങ്ങളാണ് ലീഗില്‍ ശേഷിക്കുന്നത്. ജൂലായ് 20ന് മുമ്പ് മല്‍സരങ്ങള്‍ തീര്‍ക്കാനാണ് ലാ ലിഗ മാനേജ്‌മെന്റ് തീരുമാനം. അടച്ചിട്ട സ്‌റ്റേഡിയത്തില്‍ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് മല്‍സരങ്ങള്‍ പുനരാരംഭിക്കുക. നേരത്തെ താരങ്ങള്‍ക്ക് നടത്തിയ പരിശോധനയില്‍ ആറ് പേര്‍ക്ക് കൊറോണാ വൈറസ് സ്ഥിരീകരിച്ചിരുന്നു.