അവശ്യമരുന്നു ക്ഷാമം: എസ്ഡിപിഐ ആരോഗ്യമന്ത്രിക്ക് നിവേദനം നല്‍കി

പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ മുതല്‍ മെഡിക്കല്‍ കോളജാശുപത്രിയില്‍ വരെ അവശ്യമരുന്നുകള്‍ കിട്ടാനില്ല

Update: 2022-07-21 13:08 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ആതുരാലയങ്ങളിലെ രൂക്ഷമായ അവശ്യമരുന്ന് ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഉസ്മാന്‍ നിവേദനം നല്‍കി.

പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ മുതല്‍ മെഡിക്കല്‍ കോളജാശുപത്രിയില്‍ വരെ അവശ്യമരുന്നുകള്‍ കിട്ടാനില്ല. പ്രമേഹം, രക്ത സമ്മര്‍ദ്ദം തുടങ്ങിയ ജീവിത ശൈലീ രോഗങ്ങള്‍ക്കടക്കം സ്ഥിരമായി കഴിക്കുന്ന മരുന്നുകളും സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യമല്ല. പനിബാധിതരുടെ എണ്ണം ദിവസംതോറും വര്‍ധിക്കുകയാണെങ്കിലും ആന്റിബയോട്ടിക്കുകള്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ മിക്ക ആശുപത്രികളിലുമില്ല. വിലകൂടിയ ജീവന്‍രക്ഷാ മരുന്നുകളും പുറത്തുനിന്നു വാങ്ങണം. സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കേണ്ടിവരുന്ന സാധാരണക്കാര്‍ മരുന്നുകിട്ടാതെ നട്ടം തിരിയേണ്ട സാഹചര്യം ദൗര്‍ഭാഗ്യകരമാണ്. പാരാസെറ്റാമോള്‍ പോലും പുറത്തുനിന്നു വാങ്ങാന്‍ കുറിച്ചുനല്‍കുന്ന സംഭവവും സംസ്ഥാനത്ത് ആവര്‍ത്തിക്കുകയാണ്.

സര്‍ക്കാര്‍ ആശുപത്രികളില്‍ കാന്‍സര്‍, ഹൃദ്രോഗം, കിഡ്‌നി രോഗം തുടങ്ങിയ ഗുരുതര രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍പോലും ലഭ്യമല്ല. കൂടാതെ സര്‍ക്കാര്‍ ആശുപത്രികളില്‍ വേണ്ടത്ര പരിശോധനാ സംവിധാനങ്ങള്‍ പോലുമില്ല. നിര്‍ധന രോഗികള്‍ വളരെ കഷ്ടപ്പെട്ട് ആശുപത്രിയിലെത്തി ഡോക്ടറുടെ ശുപാര്‍ശയോടെ പരിശോധനയ്ക്കായി ലാബിലെത്തുമ്പോള്‍ ആഴ്ചകള്‍ക്കു ശേഷമുള്ള തിയ്യതിയാണ് ലഭിക്കുന്നത്. പരിശോധനാ യന്ത്രങ്ങളുള്ളിടത്ത് വിദഗ്ധരായ ജീവനക്കാരുമില്ല. വേണ്ടത്ര മരുന്നും പരിശോധനാ സംവിധാനങ്ങളുമില്ലാതെ ദുരിതത്തിലാണ് നമ്മുടെ സര്‍ക്കാര്‍ ആശുപത്രികളെന്നതു കേരളം ഇപ്പോള്‍ അഭിമുഖീകരിക്കുന്ന ഗുരുതര പ്രശ്‌നമാണ്. സംസ്ഥാനത്തെ സാധാരണക്കാരും നിര്‍ധനരുമായ ലക്ഷക്കണക്കിന് കുടുംബങ്ങളുടെ അത്താണിയായ സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നും പരിശോധനാ സംവിധാനങ്ങളും ഉറപ്പാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും പികെ ഉസ്മാന്‍ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. 

Tags:    

Similar News