ലക്ഷദ്വീപ്; ജനതാല്‍പര്യത്തിനെതിരായ നിയമങ്ങള്‍ നടപ്പാക്കില്ലെന്ന് അമിത് ഷാ ഉറപ്പുനല്‍കിയെന്ന് കാന്തപുരം

ദീപിലെ ജനങ്ങളുടെ സംസ്‌കാരവും ജീവിതരീതിയും പരിരക്ഷിക്കുന്ന നടപടികള്‍ക്കൊപ്പമായിരിക്കും കേന്ദ്രസര്‍ക്കാര്‍ നില്‍ക്കുക

Update: 2021-06-05 14:50 GMT

കോഴിക്കോട്: ലക്ഷദ്വീപില്‍ ജനതാല്‍പര്യത്തിനെതിരായ നിയമങ്ങള്‍ നടപ്പാക്കില്ലെന്ന് അമിത്ഷാ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാരെ ഫോണില്‍ വിളിച്ച് ഉറപ്പു നല്‍കിയതായി അദ്ദേഹവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അറിയിച്ചു. ലക്ഷദ്വീപ് വിഷയത്തില്‍ ആശങ്കയറിയിച്ച് കത്തെഴുതിയതിനു പിന്നാലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാരുമായി ഫോണില്‍ ബന്ധപ്പെട്ടത്. അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ കൊണ്ടുവന്ന നിയമങ്ങള്‍ ദീപ് വാസികളുടെ ജീവിതത്തിനും സംസ്‌കാരത്തിനും ഭീഷണി ഉയര്‍ത്തുന്നതാണെന്നും കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് കാന്തപുരം അമിത്ഷാക്ക് കത്തയച്ചത്.

കത്തില്‍ ഉന്നയിച്ച കാര്യങ്ങളെ ഗൗരവപൂര്‍വ്വം കാണുന്നുവെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. ലക്ഷദീപിലെ ജനങ്ങളുടെ കൂടെത്തന്നെയാണ് കേന്ദ്രസര്‍ക്കാര്‍. ദീപിലെ ജനങ്ങളുടെ സംസ്‌കാരവും ജീവിതരീതിയും പരിരക്ഷിക്കുന്ന നടപടികള്‍ക്കൊപ്പമായിരിക്കും കേന്ദ്രസര്‍ക്കാര്‍ നില്‍ക്കുക. ആശങ്കകള്‍ വേണ്ടെന്നും ജനന്മക്ക് വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകില്ലെന്നും അമിത്ഷാ പറഞ്ഞു. ദ്വീപ് വാസികള്‍ ഇപ്പോഴും കടുത്ത ആശങ്കകളിലാണെന്നും, അവര്‍ക്ക് മേല്‍ കഴിഞ്ഞ ആറു മാസങ്ങളില്‍ ചുമത്തപ്പെട്ട നിയമങ്ങള്‍ ഒഴിവാക്കണമെന്നും കാന്തപുരം സംഭാഷണത്തില്‍ അമിത് ഷായോട് ആവശ്യപ്പെട്ടു.

Tags:    

Similar News