കൊവിഡ് ജാഗ്രത: ലക്ഷദ്വീപിലെ ബാങ്കും എടിഎം കൗണ്ടറും അടച്ചുപൂട്ടി

എടിഎം ടെക്‌നീഷ്യന്‍ 14 ദിവസത്തെ ക്വാറന്റൈനില്‍ പോകണമെന്ന് ഉത്തരവായി. ബാങ്കും എടിഎമ്മും അടച്ചിടാനും മജിസ്‌ട്രേറ്റ് ഉത്തരവിട്ടു.

Update: 2020-07-30 10:42 GMT

ഇതുവരെ കൊവിഡ് റിപ്പോര്‍ട്ട് ചെയ്യാത്ത ലക്ഷദ്വീപില്‍ കൊവിഡ് ജാഗ്രതയുടെ ഭാഗമായി ആകെയുള്ള ബാങ്കും എടിഎം കൗണ്ടറും അടച്ചുപൂട്ടി. എടിഎം മെഷീന്‍ തകരാര്‍ പരിഹരിക്കാന്‍ കൊച്ചിയില്‍ നിന്ന് ടെക്‌നീഷ്യനെ എത്തിച്ചതാണ് ദ്വീപുകാര്‍ക്ക് വിനയായത്.

അഗത്തി ദ്വീപിലെ സിന്‍ഡിക്കേറ്റ് ബാങ്കിന്റെ എടിഎം തകരാറിലായതോടെ അടുത്തടുത്ത് എടിഎം ഒന്നും ഇല്ലാത്ത ദ്വീപുകാരും വിഷമത്തിലായി. ഇവരുടെ നിരന്തര ആവശ്യത്തെ തുടര്‍ന്ന് ബാങ്കുകാര്‍ എടിഎം തകരാര്‍ പരിഹരിക്കാമെന്നേറ്റു. ടെക്‌നീഷ്യനെ കൊച്ചിയില്‍ നിന്നും കപ്പലില്‍ ദ്വീപിലെത്തിച്ചു. ടെക്‌നീഷ്യന്‍ എടിഎം കൗണ്ടറിലും തൊട്ടടുത്ത ബാങ്കിലുമെല്ലാം കയറി ഇറങ്ങിയതോടെയാണ് ദ്വീപുകാര്‍ കൊവിഡിന്റെ കാര്യം ഓര്‍ത്തത്.

കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്യാത്ത ദ്വീപിലേക്ക് കൊച്ചിയില്‍ നിന്നെത്തിയ ആള്‍ക്കെതിരെ പ്രതിഷേധമായി. ഇതോടെ മജിസ്‌ട്രേറ്റ് ഇടപെട്ട് ടെക്‌നീഷ്യന്‍ 14 ദിവസത്തെ ക്വാറന്റൈനില്‍ പോകണമെന്ന് ഉത്തരവായി. ബാങ്കും എടിഎമ്മും അടച്ചിടാനും മജിസ്‌ട്രേറ്റ് ഉത്തരവിട്ടു. 

Tags:    

Similar News