ലക്ഷദ്വീപ് ജില്ലാ പഞ്ചായത്ത് കേന്ദ്രസര്‍ക്കാറുമായി തുറന്ന പോരിലേക്ക്; ദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ ഉത്തരവ് റദ്ദ് ചെയ്തു
കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരി മാതൃകയില്‍ ലക്ഷദ്വീപിലും മിനി അസംബ്ലി വേണമെന്ന ആവശ്യം കേന്ദ്രസര്‍ക്കാര്‍ ഇതുവരെ വകവെച്ചു കൊടുത്തിട്ടില്ല
കവരത്തി: ലക്ഷദ്വീപില്‍ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ വകവെക്കാതെ കേന്ദ്രസര്‍ക്കാര്‍ തുടരുന്ന ഇടപെടലുകള്‍ക്കെതിരെ ദ്വീപ് ജില്ലാ പഞ്ചായത്ത് പോരിലേക്ക്. കേന്ദ്ര സര്‍ക്കാര്‍ നിയമിച്ച ദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ ഉത്തരവ് റദ്ദ് ചെയ്തുകൊണ്ട് ജില്ലാ പഞ്ചായത്ത് ഉത്തരവിറക്കി.
ജില്ലാ പഞ്ചായത്ത് അറിയാതെ ചട്ടവിരുദ്ധമായി ഉദ്യോഗസ്ഥരെ വിന്യസിച്ച ഉത്തരവ് ദ്വീപ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹസന്‍ ബൊഡുമുക്ക റദ്ദ് ചെയ്തു. ഇതോടെ കേന്ദ്ര സര്‍ക്കാരിനെതിരില്‍ ദ്വീപില്‍ അടുത്ത കാലത്തുണ്ടായ പ്രതിഷേധം പ്രത്യക്ഷ സമര രൂപത്തിലേക്കു നീങ്ങി. മിനിക്കോയ് സ്വദേശിയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ ഹസന്‍ ബൊഡുമുക്കയുടെ നടപടിക്ക് ദ്വീപിലെ ജനങ്ങള്‍ക്കിടയില്‍ പിന്തുണ ഏറുകയാണ്.
കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരി മാതൃകയില്‍ ലക്ഷദ്വീപിലും മിനി അസംബ്ലി വേണമെന്ന ആവശ്യം കേന്ദ്രസര്‍ക്കാര്‍ ഇതുവരെ വകവെച്ചു കൊടുത്തിട്ടില്ല. ലക്ഷദ്വീപിലെ ജനങ്ങള്‍ തെരെഞ്ഞെടുത്ത പ്രതിനിധികളാണ് പാര്‍ലമെന്റ് മെമ്പറും ദ്വീപ് പഞ്ചായത്ത് അംഗങ്ങളും. ഇതില്‍ ലക്ഷദ്വീപിലെ മുഖ്യമന്ത്രി എന്ന് അനൗദ്യോഗിക വിളിപ്പേരുള്ളയാളാണ് പ്രസിഡന്റ് കം ചീഫ് കൗണ്‍സിലര്‍. ഈ സസ്തിക 1994 ലെ പഞ്ചായത്തീ രാജ് നിയമപ്രകാരം സൃഷ്ടിച്ചതാണ്. എന്നാല്‍ അധികാരങ്ങളെല്ലാം നിയന്ത്രിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ നിയമിക്കുന്ന അഡ്മിനിസ്‌ട്രേറ്ററാണ്. വിദ്യാഭ്യാസം, ഫിഷറീസ്, കാര്‍ഷികം എന്നീ വകുപ്പുകളുടെ കാര്യങ്ങള്‍ ദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രസിഡന്റ് കം ചീഫ് കൗണ്‍സിലറോട് കൂടിയാലോചന നടത്തി വേണം നടപ്പിലാക്കാന്‍ എന്നാണ് നിയമം. ഇത് ആവര്‍ത്തിച്ച് ലംഘിക്കപ്പെടാറാണ് പതിവ്.
സാധാരണയായി പ്രസിഡന്റ് കം ചീഫ് കൗണ്‍സിലര്‍ ഇതില്‍ പ്രതികരിക്കാറില്ല. എന്നാല്‍ ജില്ലാ പഞ്ചായത്ത് അറിയാതെ ചട്ടവിരുദ്ധമായി ഉദ്യോഗസ്ഥരെ വിന്യസിച്ചതിനെതിരില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹസന്‍ ബൊഡുമുക്ക രംഗത്തുവരികയായിരുന്നു. ബീഫ് നിരോധനത്തോടെ ദ്വീപ് നിവാസികള്‍ കേന്ദ്രസര്‍ക്കാറിന് എതിരായി ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്. അതിന്റെ പ്രതിഫലനമാണ് ദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ ഉത്തരവ് റദ്ദ് ചെയ്തുകൊണ്ട് ജില്ലാ പഞ്ചായത്ത് ഉത്തരവിറക്കിയ നടപടി.