ലക്ഷദ്വീപിനെ തകര്‍ക്കാന്‍ അനുവദിക്കില്ല: അഡ്മിനിസ്‌ട്രേഷന്‍ ഓഫിസിന് മുന്നില്‍ എഐവൈഎഫ് പ്രതിഷേധം

മാര്‍ച്ച് എഐവൈഎഫ് സംസ്ഥാന ജോ. സെക്രട്ടറി അഡ്വ.പി ഗവാസ് ഉദ്ഘാടനം ചെയ്തു. ആര്‍എസ്എസ്സിന്റെ വര്‍ഗീയവിഭജന വിഭാഗീയകോര്‍പ്പറേറ്റ് അജണ്ടകളുടെ നടത്തിപ്പുകാരനായി അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ മാറിയതായി ഗവാസ് പറഞ്ഞു.

Update: 2021-05-25 14:46 GMT
ലക്ഷദ്വീപിനെ തകര്‍ക്കാന്‍ അനുവദിക്കില്ല: അഡ്മിനിസ്‌ട്രേഷന്‍ ഓഫിസിന് മുന്നില്‍ എഐവൈഎഫ് പ്രതിഷേധം

കോഴിക്കോട്: ലക്ഷദ്വീപിന്റെ പൈതൃകത്തെയും സമാധാനാന്തരീക്ഷത്തെയും സംസ്‌കാരത്തെയും ദ്വീപ് ജനതയുടെ ജീവനോപാധികളെയും തകര്‍ക്കുന്ന ലക്ഷദ്വീപ് അഡ്മിനിസ്‌ടേറ്ററെ തിരിച്ചു വിളിക്കുക, ലക്ഷദ്വീപിനെ സംരക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് എഐവൈഎഫ് നേതൃത്വത്തില്‍ ബേപ്പൂരിലുള്ള ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ ഓഫീസിലേക്ക് എഐവൈഎഫ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു.

മാര്‍ച്ച് എഐവൈഎഫ് സംസ്ഥാന ജോ. സെക്രട്ടറി അഡ്വ.പി ഗവാസ് ഉദ്ഘാടനം ചെയ്തു. ആര്‍എസ്എസ്സിന്റെ വര്‍ഗീയവിഭജന വിഭാഗീയകോര്‍പ്പറേറ്റ് അജണ്ടകളുടെ നടത്തിപ്പുകാരനായി അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ മാറിയതായി ഗവാസ് പറഞ്ഞു.

ഭൂരിപക്ഷം ദീപ് നിവാസികളുടെ വരുമാന മാര്‍ഗമായ മത്സ്യബന്ധനത്തെ തകര്‍ക്കാന്‍ വള്ളവും, വലയും അനുബന്ധ മത്സ്യ ബന്ധന ഉപകരണങ്ങളും സൂക്ഷിക്കുന്ന ഷെഡ്ഡുകള്‍ തീരദേശ സംരക്ഷണ നിയമത്തിന്റെ പേര് പറഞ്ഞ് പൊളിച്ചു കളഞ്ഞിരിക്കുകയാണ്.

ചരക്ക് ഗതാഗതത്തിന് ആശ്രയിക്കുന്ന ബേപ്പൂര്‍ തുറമുഖത്തെ ഒഴിവാക്കി മംഗലാപുരം തുറമുഖത്തെ നിശ്ചയിക്കുമ്പോള്‍ കേരളവുമായുള്ള ദീപ് നിവാസികളുടെ വ്യാപാര ബന്ധത്തെ ഇല്ലാതാക്കുകയാണ് കേന്ദ്ര സര്‍ക്കാറെന്നും പി ഗവാസ് പറഞ്ഞു.

ലക്ഷദ്വീപില്‍ ഫാസിസ്റ്റ് വല്‍ക്കരണം അടിച്ചേല്‍പ്പിക്കുവാനുള്ള സംഘപരിവാര്‍ നീക്കത്തിനെതിരേ ഉയര്‍ന്ന് വരുന്ന ദ്വീപ് നിവാസികളുടെ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് എഐവൈഎഫ് നേതൃത്വത്തില്‍ സമരം നടന്നത്. ജില്ലാ എക്‌സിക്യൂട്ടീവ് അംഗം എ ടി റിയാസ് അഹമ്മദ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് അഡ്വ.കെ പി ബിനുപ്, കെ സുജിത്ത്, സി പി നൂഹ് സംസാരിച്ചു.

Tags:    

Similar News