ഭൂമി വസന്തയുടേതല്ല : പിന്നെ ബോബി ചെമ്മണ്ണൂര്‍ എങ്ങനെ വാങ്ങും? നിയമപരമല്ലാത്ത ഭൂമി വേണ്ടെന്ന് രാജന്റെ മകന്‍
രാജന്റെയും അമ്പിളിയുടെയും മരണത്തിനു കാരണമായ നെയ്യാറ്റിന്‍കരയിലെ തര്‍ക്കഭൂമിയും വീടും ഇന്നാണ് ബോബി ചെമ്മണൂര്‍ രാജന്റെ മകക്കള്‍ക്കു വേണ്ടി വിലയ്ക്ക് വാങ്ങിയത്.
തിരുവനന്തപുരം: കുടിയിറക്കാന്‍ കേസ് കൊടുത്ത വസന്തയില്‍ നിന്നും വ്യവസായി ബോബി ചെമ്മണ്ണൂര്‍ വാങ്ങി നല്‍കുന്ന ഭൂമി വേണ്ടെന്ന് നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യചെയ്ത രാജന്‍ അമ്പിളി ദമ്പതികളുടെ ഇളയമകന്‍ രഞ്ജിത്ത്. നിയമപരമായി സ്ഥലം വസന്തയുടെ പേരില്‍ അല്ല. പിന്നെ എങ്ങനെയാണ് ബോബി ചെമ്മണ്ണൂര്‍ അത് വാങ്ങിയതെന്നും രഞ്ജിത്ത് ചോദിച്ചു. സ്ഥലം നിയമപരമായി സര്‍ക്കാര്‍ തരികയാണെങ്കില്‍ അത് വാങ്ങും. സഹായിക്കാന്‍ താല്‍പര്യം കാട്ടിയ ബോബി ചെമ്മണ്ണൂരിന് നന്ദിയുണ്ടെന്നും, എന്നാല്‍ നിയമപരമല്ലാതെ ഭൂമി വേണ്ടെന്നും രഞ്ജിത്ത് വ്യക്തമാക്കി.
രാജന്റെയും അമ്പിളിയുടെയും മരണത്തിനു കാരണമായ നെയ്യാറ്റിന്‍കരയിലെ തര്‍ക്കഭൂമിയും വീടും ഇന്നാണ് ബോബി ചെമ്മണൂര്‍ രാജന്റെ മകക്കള്‍ക്കു വേണ്ടി വിലയ്ക്ക് വാങ്ങിയത്. കുട്ടികള്‍ക്കായി വീട് ഉടനെ പുതുക്കി പണിയുമെന്നും, വീട് പണി കഴിയുന്നതുവരെ കുട്ടികളുടെ മുഴുവന്‍ സംരക്ഷണവും ഏറ്റെടുക്കുമെന്നും ബോബി ചെമ്മണ്ണൂര്‍ അറിയിച്ചിരുന്നു. സ്ഥലത്തിന്റെ കരാര്‍ ബോബി ചെമ്മണൂര്‍ രണ്ട് കുട്ടികള്‍ക്കും കൈമാറാന്‍ ഇരിക്കെയാണ് നിയമപരമല്ലാത്ത ഭൂമി വേണ്ടെന്ന കുട്ടികളുടെ പ്രതികരണം.