പെരിന്തല്‍മണ്ണയില്‍ വന്‍ മയക്കുമരുന്ന് വേട്ട; 51 ഗ്രാം എംഡിഎംഎ പിടികൂടി

Update: 2021-11-14 00:58 GMT

പെരിന്തല്‍മണ്ണ: സിന്തറ്റിക് പാര്‍ട്ടി ഡ്രഗ് ഇനത്തില്‍പ്പെട്ട അതി മാരക മയക്കുമരുന്നായ ക്രിസ്റ്റല്‍ രൂപത്തിലുള്ള 51 ഗ്രാം എംഡിഎംഎ (മെഥിലിന്‍ ഡയോക്‌സി മെത്ത് ആംഫിറ്റമിന്‍)യുമായി ഒറ്റപ്പാലം സ്വദേശി പിടിയില്‍. ജില്ലയില്‍ യുവാക്കളുടെ ഇടയില്‍ സിന്തറ്റിക് മയക്കുമരുന്നിനത്തില്‍ പെട്ട എംഡിഎംഎ, എല്‍എസ്ഡി തുടങ്ങിയവയുടെ ഉപയോഗം വര്‍ധിച്ചുവരുന്നതായി മലപ്പുറം ജില്ലാപോലിസ് മേധാവി എസ് സുജിത്ത് ദാസ് ഐപിഎസ്സിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പെരിന്തല്‍മണ്ണ പി ടി എം കോളേജ് പരിസരത്തുവച്ച് 51 ഗ്രാം എംഡിഎംഎ മയക്കുമരുന്നുമായി ഒറ്റപ്പാലം ഈസ്റ്റ് സ്വദേശി മുഹമ്മദ് ഷാഫി (23) പിടിയിലായത്. 

ബാംഗ്ലൂരില്‍ നിന്നും ട്രയിന്‍ മാര്‍ഗം കേരളത്തിലെത്തിച്ച് ചെറിയ പായ്ക്കറ്റുകളിലാക്കി മലപ്പുറം, പാലക്കാട്, എറണാകുളം, തൃശ്ശൂര്‍, കോയമ്പത്തൂര്‍ ഭാഗങ്ങളിലെ ചെറുകിട വില്‍പനക്കാര്‍ക്ക് കൈമാറിയാണ് വില്‍പന നടത്തുന്നത്. ബാംഗ്ലൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നൈജീരിയന്‍ സംഘമാണ് ഇത്തരം മയക്കുമരുന്നുകള്‍ മൊത്തവിതരണക്കാര്‍ക്ക് വില്‍പന നടത്തുന്നതെന്ന് സൂചന ലഭിച്ചിട്ടുണ്ട്. മുഹമ്മദ് ഷാഫിയുടെ പേരില്‍ ആറു കിലോഗ്രാം കഞ്ചാവ് കടത്തിയതിന് കേസ് നിലവിലുണ്ട്. മലപ്പുറം ജില്ലാ പോലിസ് മേധാവി എസ് സുജിത്ത് ദാസ് ഐപിഎസ്, പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം സന്തോഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ സിഐ സുനില്‍ പുളിക്കല്‍, എസ്‌ഐ സി കെ നൗഷാദ്, ജില്ലാ ആന്റിനര്‍ക്കോട്ടിക് സ്‌ക്വാഡിലെ സി പി മുരളീധരന്‍, പ്രശാന്ത് പയ്യനാട്, എം മനോജ് കുമാര്‍, എന്‍ ടി കൃഷ്ണകുമാര്‍, ദിനേഷ് കെ, പ്രബുല്‍ കെ, പെരിന്തല്‍മണ്ണ സ്‌റ്റേഷനിലെ എഎസ്‌ഐ ബൈജു, മുഹമ്മദ് ഫൈസല്‍, ഷിഹാബ്, മിഥുന്‍, സജീര്‍, ഷാജി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. 

Tags:    

Similar News