കോഴിക്കോട്ട് കാരശ്ശേരിയില്‍ വന്‍ സ്ഫോടക വസ്തു ശേഖരം കണ്ടെത്തി
ഇതുവഴി സഞ്ചരിക്കുകയായിരുന്ന പ്രദേശവാസിയാണ് പെട്ടികളില്‍ നിറച്ച ജലാറ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെത്തിയത്.
കോഴിക്കോട്: വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ വന്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തി. കാരശ്ശേരി പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡില്‍പ്പെട്ട വലിയ പറമ്പ്-തോണ്ടയില്‍ റോഡില്‍ പഞ്ചായത്ത് റോഡിന് സമീപത്തായാണ് എട്ട് ബോക്സുകളിലായി നിരവധി ജലാറ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെത്തിയത്. ഇതുവഴി പോയ പ്രദേശവാസിയാണ് പെട്ടികള്‍ കണ്ടത്. തുടര്‍ന്ന് സമീപവാസികളെ വിവരം അറിയിക്കുകയായിരുന്നു. മുക്കം എസ്ഐ ശ്രീജേഷിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ രാത്രിയോടെ സ്ഥലത്ത് കൂടുതല്‍ പരിശോധനകള്‍ നടത്തി ഇവ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
രണ്ട് പെട്ടികള്‍ പൊട്ടിയ നിലയിലും മറ്റുള്ളവ പൊട്ടിക്കാത്ത നിലയിലുമാണ് കാണപ്പെട്ടത്. സ്ഫോടക വസ്തു ശേഖരം ആരുടേതാണെന്ന് കണ്ടെത്താന്‍ പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിരവധി ക്വാറികള്‍ പ്രവര്‍ത്തിക്കുന്ന മേഖലയാണിത്. ഇവിടങ്ങളിലേക്ക് പാറ പൊട്ടിക്കാനായി എത്തിച്ചവയാണോ എന്നും സംശയമുണ്ട്.