കര്‍ണാടകയില്‍ ബിജെപി നേതാവിന്റെ സംസ്‌കാരച്ചടങ്ങിനിടെ ലാത്തിച്ചാര്‍ജ്; രണ്ട് പോലിസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി
പുത്തൂര്‍: കൊല്ലപ്പെട്ട ബിജെപി നേതാവ് പ്രവീണ്‍ സ്റ്റാന്‍ഡിന്റെ സംസ്‌കാരച്ചടങ്ങിനിടെ ബിജെപി പ്രവര്‍ത്തകര്‍ക്കുനേരെ ലാത്തി വീശിയ പോലിസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി.
ജൂലൈ 29 വെള്ളിയാഴ്ച വെസ്‌റ്റേണ്‍ റേഞ്ച് ഐജിപി ദേവജ്യോതി റേയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇവരെ മറ്റ് സ്റ്റേഷനുകൡലൊന്നും നിയമച്ചിട്ടില്ല. ഐജിയോട് റിപോര്‍ട്ട് ചെയ്യാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
കുന്ദാപൂര്‍ പോലിസ് സ്‌റ്റേഷനിലെ സുഹാസാണ് ബെല്ലാരെ പോലിസ് സ്‌റ്റേഷനിലെ പുതിയ എസ്‌ഐ. വിട്ടല്‍ പോലിസ് സ്‌റ്റേഷനിലെ മഞ്ജുനാഥിന് സുബ്രഹ്മണ്യ പോലിസ് സ്‌റ്റേഷന്റെ ചുമതല നല്‍കി.
ജൂലൈ 26ന് ചൊവ്വാഴ്ചയായിരുന്നു പ്രവീണിന്റെ സംസ്‌കാരച്ചടങ്ങുകള്‍ നടന്നത്. ചടങ്ങിനിടെ പോലിസും യുവാക്കളും ഏറ്റുമുട്ടി. പോലിസിനുനേരെ കല്ലേറുമുണ്ടായി. സ്ഥിതിഗതികള്‍ കൈവിട്ടതോടെയാണ് പോലിസ് ലാത്തിവീശിയത്.
മുതിര്‍ന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കാസര്‍കോഡ് സ്വദേശി രമേശിനെ പൊലിസ് ലാത്തികൊണ്ട് മര്‍ദ്ദിച്ചതായി പരാതിയുണ്ട്. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു.
സംഭവത്തില്‍ ഹിന്ദുത്വസംഘടനകള്‍ പ്രതിഷേധിക്കുകയും പോലിസിനെതിരേ നടപടി ആവശ്യപ്പെടുകയും ചെയ്തതോടെയാണ് പോലിസുകാരെ പുറത്താക്കിയത്.
വ്യാഴാഴ്ച ബെല്ലാരെയിലെത്തിയ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പോലിസുകാര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.
യുവമോര്‍ച്ച ദക്ഷിണ കന്നഡ ജില്ലാ എക്‌സിക്യുട്ടിവ് അംഗം പ്രവീണ്‍ നെട്ടാരുവിനെ ചൊവ്വാഴ്ച രാത്രിയാണ് സുള്ള്യക്കടുത്ത ബെല്ലാരെയില്‍ ബൈക്കിലെത്തിയ സംഘം വെട്ടിക്കൊന്നത്.
ബെല്ലാരെയിലെ അക്ഷയ പൗള്‍ട്രി ഫാം ഉടമയായ പ്രവീണ്‍ ചൊവ്വാഴ്ച രാത്രി ഒന്‍പതു മണിയോടെ ഫാം അടച്ച് വീട്ടിലേക്ക് പോകാനൊരുങ്ങുന്നതിനിടെയാണ് കൊല്ലപ്പെട്ടത്. കടയുടെ ഷട്ടര്‍ താഴ്ത്തിക്കൊണ്ടിരിക്കവെ ബൈക്കിലെത്തിയ രണ്ടു പേര്‍ ആയുധങ്ങളുപയോഗിച്ച് ആക്രമിക്കുകയായിരുന്നു. കഴുത്തിന് ആഴത്തില്‍ വെട്ടേറ്റ പ്രവീണ്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിച്ചു.