കേന്ദ്ര ഏജന്‍സികളുമായി പരസ്യ ഏറ്റുമുട്ടലിന് എല്‍ഡിഎഫ്; ഏജന്‍സികള്‍ സര്‍ക്കാരിനെ വേട്ടയാടുന്നു എന്നവാദത്തിന് അടിവരയിട്ട് കസ്റ്റംസ് കമ്മീഷണറുടെ എഫ് ബി പോസ്റ്റ്

ഇല്ലാത്ത ഐ ഫോണിന്റെ പേരില്‍ പുകമറ സൃഷ്ടിക്കാനാണ് കസ്റ്റംസ് ശ്രമിക്കുന്നതെന്ന് വിനോദിനി ബാലകൃഷ്ണന്‍

Update: 2021-03-06 09:22 GMT

തിരുവനന്തപുരം: കേന്ദ്രഏജന്‍സികള്‍ സംസ്ഥാന സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും രാഷ്ട്രീയമായി വേട്ടയാടുന്നു എന്നാരോപിച്ച് കസ്റ്റംസ് മേഖല ഓഫിസുകളിലേയ്ക്ക് എല്‍ഡിഎഫ് മാര്‍ച്ച് നടത്തി. നിയമസഭ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച ഘട്ടത്തില്‍ ഡോളര്‍ക്കടത്തില്‍ മുഖ്യമന്ത്രിക്കും മന്ത്രിസഭയിലെ മറ്റ് മൂന്ന് മന്ത്രിമാര്‍ക്കും സ്പീക്കര്‍ക്കും പങ്കുണ്ടെന്ന, പ്രതിയുടെ മൊഴി പുറത്ത് വിടുന്നത് രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണെന്നാണ് എല്‍ഡിഎഫ് നിലപാട്.

ഇന്ന് കസ്റ്റംസ് മേഖല ഓഫിസുകളിലേയ്ക്ക് നടന്ന എല്‍ഡിഎഫ് മാര്‍ച്ചില്‍ നേതാക്കള്‍ പറഞ്ഞുവയ്ക്കുന്നതും ഇത് തന്നെയാണ്. കേന്ദ്ര ധന മന്ത്രി നിര്‍മ്മലാ സീതാരാമന്‍ കൊച്ചി സന്ദര്‍ശിച്ച ശേഷമാണ് സംസ്ഥാന സര്‍ക്കാരിനെതിരേ, കേന്ദ്ര ഏജന്‍സികളുടെ പകപോക്കല്‍ നടപടികള്‍ കൂടുതല്‍ രൂക്ഷമായതെന്ന് പി ബി അംഗം എം എ ബേബി തിരുവനന്തപുരത്ത് പറഞ്ഞു.

തിരുവനന്തപുരത്തെ കസ്റ്റംസ് ഓഫിസിലേയ്ക്ക് നടന്ന എല്‍ഡിഎഫ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇത്രയുംകാലം അന്വേഷിച്ചിട്ടും മുഖ്യമന്ത്രിക്കെതിരേ ഒന്നും കണ്ടെത്താതിരുന്ന ഇഡിയും കസ്റ്റംസും ഇപ്പോള്‍ മുഖ്യമന്ത്രിക്കെതിരേ തിരിയുന്നത്, തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് രാഷ്ടീയമുതലെടുപ്പിനാണ്. വിമാനത്താവളങ്ങള്‍ വഴിയുള്ള സ്വര്‍ണക്കടത്തുകള്‍ക്ക് പിന്നില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക്് നേരിട്ട് പങ്കുള്ളതായി പലപ്പോഴും തെളിഞ്ഞിട്ടുള്ളതാണെന്നും എംഎ ബേബി പറഞ്ഞു.

വര്‍ധിച്ച ജനപങ്കാളിത്തമുണ്ടായിരുന്ന പ്രതിഷേധ മാര്‍ച്ചുകള്‍ തുടരാനാണ് ഉദ്യേശമെന്നും സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. കൊച്ചിയിലും കോഴിക്കോട്ടും സമാനമായ രീതിയില്‍ തന്നെയായിരുന്നു എല്‍ഡിഎഫ് പ്രതിഷേധം. ഇന്നലെയും തിരുവനന്തപുരത്ത് ഉള്‍പ്പെടെ കസ്റ്റംസ് ഓഫിസുകള്‍ക്കു മുന്നില്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

മാര്‍ച്ചില്‍ കേന്ദ്ര ഏജന്‍സികള്‍ കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും വേട്ടയാടുന്നതെന്നാണ് ഇന്നത്തെ പ്രതിഷേധത്തില്‍ നേതാക്കള്‍ ഊന്നിപ്പറയുന്നത്. ഈ വാദത്തിന് കൂടുതല്‍ ബലം നല്‍കുന്നതായിരുന്നു കൊച്ചി കസ്റ്റംസ് കമ്മീഷണറുടെ ഫെയ്്‌സ് ബുക്ക് പോസ്റ്റ്. കസ്റ്റംസിനെതിരേ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഭീഷണി വിലപ്പോവില്ലെന്നായിരുന്നു കസ്റ്റംസ് കമ്മിഷ്ണര്‍ സുമിത് കുമാറിന്റെ പോസ്റ്റ്. ഈ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ സിപിഎമ്മിനെ പേരെടുത്തു പറയുന്നില്ലെങ്കിലും ഈ പോസ്റ്റിനൊപ്പം ചേര്‍ത്തിരിക്കുന്ന പോസ്റ്റര്‍ കേന്ദ്ര ഏജന്‍സിക്കെതിരേയുള്ള എല്‍ഡിഎഫ് മാര്‍ച്ചിന്റെതാണ്. ഇത് കേന്ദ്ര ഏജന്‍സികളുടെ രാഷ്ട്രീയമായ പകപോക്കലാണെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആരോപണം ശരിവയ്ക്കുന്നതാണ്. ഒരു അന്വേഷണ ഏജന്‍സിയുടെ താക്കോല്‍ സ്ഥാനത്തുള്ള ആള്‍ തന്നെ സര്‍ക്കാരിന്റെ രാഷ്ട്രീയ പ്രതിഷേധത്തെ ചൂണ്ടി, ഭീഷണിക്ക് വഴങ്ങില്ലെന്ന് പരസ്യമായി പറയുന്നത്- സര്‍ക്കാരിന്റെ ആരോപണങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജം നല്‍കുന്നത്.

അതേസമയം കെ സുരേന്ദ്രനും പ്രതിപക്ഷ നേതാവും സര്‍ക്കാരിനെതിരേ രംഗത്തെത്തി. കേന്ദ്ര ഏജന്‍സികളെ ഭീഷണിപ്പെടുത്താന്‍ ഇത് പഴയകേരളമല്ലെന്ന് പിണറായി വിജയന്‍ ഓര്‍ക്കണമെന്നായിരുന്നു കെ സുരേന്ദ്രന്റെ പ്രതികരണം.

ഇതിനിടെ, സ്വര്‍ണക്കടത്ത് കേസ് പ്രതിയായ സ്വപ്‌നസുരേഷിന് നല്‍കിയ ഐ ഫോണുകളില്‍ ഒന്ന് പിബി അംഗം കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി കൈപ്പറ്റിയെന്ന കേസില്‍ കസ്റ്റംസിന് മുന്നില്‍ ഹാജരാകാനും ആവശ്യപ്പെട്ടിരിക്കുകയാണ്.

ഇല്ലാത്ത ഐ ഫോണിന്റെ പേരില്‍ പുകമറ സൃഷ്ടിക്കാനാണ് കസ്റ്റംസ് ശ്രമിക്കുന്നതെന്നും ചോദ്യം ചെയ്യലിന് ഹാജരാവാന്‍ നോട്ടീസ് ലഭിച്ചിട്ടില്ലെന്നും വിനോദിനി ബാലകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.

നേരത്തെ പ്രതിപക്ഷ നേതാവ് ഐഫോണ്‍ കൈപ്പറ്റിയത് സംബന്ധിച്ച്, അന്ന് പാര്‍ട്ടി സെക്രട്ടറിയായിരുന്ന കോടിയേരി ചെന്നിത്തലയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഇതിന് മറുപടിയെന്നോണം അന്ന് തന്നെ വിമര്‍ശിക്കുമ്പോള്‍, ഭാര്യ വിനോദിനി ഐ ഫോണ്‍ ഉപയോഗിച്ചുകൊണ്ടിരിക്കുകയായിരുന്നു എന്നായിരുന്നു ചെന്നിത്തലയുടെ പരിഹാസം.

2006ല്‍ ലാവ്‌ലിന്‍ കേസ് സംബന്ധിച്ചു റവന്യൂ ഇന്റലിജന്‍സിന് നല്‍കിയ രേഖകള്‍, ക്രൈം നന്ദകുമാര്‍ ഇഡിയ്ക്ക് മുന്നില്‍ ഹാജരായി നല്‍കിയിരുന്നു.

കിഫ്ബി, ലാവ്‌ലിന്‍, ഡോളര്‍ക്കടത്ത്, ലൈഫ് മിഷന്‍ എന്നീ കേസുകളില്‍ കേന്ദ്ര ഏജന്‍സികളുടെ ഇടക്കാലത്ത് നിര്‍ത്തിവച്ചിരുന്ന അന്വേഷണം തിരഞ്ഞെടുപ്പ് അടുത്തതോടെ, ശക്തമാക്കിയിരിക്കുകയാണ്.

ഇത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ് എന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയത്. ഇതിന് പുറമെ കിഫ്ബി ഉദ്യോഗസ്ഥരെ ഇഡി ഭീഷണിപ്പെടുത്തി എന്ന ഉദ്യോഗസ്ഥയുടെ പരാതി ചീഫ് സെക്രട്ടറി എഴുതി വാങ്ങുകയും ചെയ്തു. ഇതിന്റെ നിയമ തുടര്‍നടപടികളെക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുകയാണ്. ഏതായാലും കേന്ദ്ര ഏജന്‍സികളുടെ, തിരഞ്ഞെടുപ്പ് കാലത്തെ ഇടപെടലിനെ രാഷ്ട്രീയമായും നിയമപരമായും നേരിടാന്‍ തന്നെയാണ് ഇടതുപക്ഷം തീരുമാനിച്ചിരിക്കുന്നത്.




 


Tags:    

Similar News