എല്‍ഡിഎഫിന് സ്വന്തം പാര്‍ട്ടിക്കാരെ സ്ഥാനാര്‍ഥിയാക്കാന്‍ കഴിയാത്ത ഗതികേട് തുടരുന്നു:പി എം എ സലാം
സ്ത്രീകള്‍ പൊതു രംഗത്ത് വരുന്നതിനെ കുറിച്ചുള്ള സമസ്തയുടെ നിലപാടിനെ കുറിച്ച് ചോദിച്ചപ്പോള്‍ മുസ്‌ലിംലീഗ് ഒരു മത സംഘനകളുടെയും തീരുമാനങ്ങളില്‍ ഇടപെടാറില്ല എന്നായിരുന്നു മറുപടി
കബീര്‍ കൊണ്ടോട്ടി
ജിദ്ദ: സ്വന്തം പാര്‍ട്ടിക്കാരെ സ്ഥാനാര്‍ഥിയാക്കാന്‍ കഴിയാത്ത ഗതികേടിന്റെ അവസാനത്തെ ഉദാഹരണമാണ് തൃക്കാകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫ് എന്ന് ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പി എം എ സലാം.തൃക്കാകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ പേര് ഇപ്പോഴും പല എല്‍ഡിഎഫ് നേതാക്കള്‍ക്കും അറിയില്ലെന്നും അദ്ദേഹം പരിഹസിച്ചു. ഇതിലൂടെ യുഡിഎഫ് സ്ഥാനാര്‍ഥി ഉമാ തോമസ് വിജയിച്ച് കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.സൗദിയില്‍ ഹൃസ്വ സന്ദര്‍ശനത്തിന് എത്തിയ പി എം എ സലാം ജിദ്ദയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ഈ കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയിലെ ഭൂരിഭാഗം സീറ്റുകളിലും എല്‍ഡിഎഫ് നിര്‍ത്തിയ സ്ഥാനാര്‍ഥികള്‍ പാര്‍ട്ടിക്കോ നേതാക്കള്‍ക്കോ അണികള്‍ക്കോ അറിയാത്തവര്‍ ആയിരുന്നു. സിപിഎം കേരളത്തില്‍ വര്‍ഗീയത പടര്‍ത്തുന്ന കാര്യത്തില്‍ ബിജെപിയോട് മല്‍സരിക്കുകയാണ്. വഖ്ഫ് ബോര്‍ഡിലെ അമുസ്‌ലിം നിയമനത്തിലൂടെ മുഖ്യമന്ത്രി മുസ്‌ലിം സമുദായ നേതാക്കള്‍ക്ക് നല്‍കിയ ഉറപ്പ് ലംഘിക്കപ്പെട്ടു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പോലും ഇത്തരത്തിലുള്ള ചതി നടന്നിട്ടില്ല. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലും ഇതേ ചതിയാണ് മുഖ്യമന്ത്രി വിശ്വാസികളോട് ചെയ്തത്.വഖ്ഫ് സംരക്ഷനത്തിന് വേണ്ടി മുസ്‌ലിം ലീഗ് നിയമ സഭക്ക് മുന്നില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകള്‍ പൊതു രംഗത്ത് വരുന്നതിനെ കുറിച്ചുള്ള സമസ്തയുടെ നിലപാടിനെ കുറിച്ച് ചോദിച്ചപ്പോള്‍ മുസ്‌ലിംലീഗ് ഒരു മത സംഘനകളുടെയും തീരുമാനങ്ങളില്‍ ഇടപെടാറില്ല എന്നായിരുന്നു മറുപടി.
കെ റെയില്‍ പദ്ധതിയിലൂടെ സിപിഎം മറ്റൊരു നന്ദിഗ്രാമാണ് ലഷ്യം വെക്കുന്നത്.പദ്ധതി നടത്താന്‍ ശ്രമിച്ചാല്‍ 10,000 വീടുകള്‍ നഷ്ടമാകും. ഒരു ലക്ഷത്തില്‍ അധികം പേര്‍ക്ക് നാടും തൊഴിലും നഷ്ടമാകും. കേരളത്തിന്റെ പൊതു കടം 3 ലക്ഷം കോടി രൂപയില്‍ നിന്ന് 4.5 ലക്ഷം കോടിയായി ഉയരും.കെ റെയില്‍ കൊണ്ടുള്ള നേട്ടം ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിന് ആയില്ല. കേരളത്തിന് യാതൊരു ഗുണവും ചെയ്യാത്ത പദ്ധതിയാണിതെന്നും ദീര്‍ഘ വീക്ഷണമില്ലാത്ത ഗവണ്‍മെന്റുകളുടെ പ്രവര്‍ത്തനങ്ങള്‍ ശ്രീലങ്ക ആവര്‍ത്തിക്കാന്‍ കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.
ആം ആദ്മി പാര്‍ട്ടി കേരളത്തിലേക്ക് വന്നതുപോലെ വെറും കയ്യോടെ തിരിച്ച് പോകുമെന്നും പി എം എ സലാം കൂട്ടി ചേര്‍ത്തു.അഹമ്മദ് പാളയാട്ട്, അബൂബക്കര്‍ അരിബ്ര, വി പി മുസ്തഫ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.