ഇടതു സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ 20ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍; ചടങ്ങില്‍ 500 പേര്‍ പങ്കെടുക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ഇടതുസര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ 500 പേര്‍ പങ്കെടുക്കുമെന്ന് മുഖ്യമന്ത്രി. 500 എന്നത് അത്ര വലിയസംഖ്യയല്ല. പരാമാവധി ചുരുക്കിയാണ് അഞ്ഞൂറാക്കിയത്. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമാണ് പ്രവേശനം. 40000 പേര്‍ക്ക് ഇരിക്കാവുന്ന സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് 500 പേരെ പങ്കെടുപ്പിച്ച ചടങ്ങ് നടത്തുന്നത്. 140 സാമാജികര്‍, 29 എംപിമാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടെയാണ് 500 എന്ന നമ്പര്‍ നിശ്ചയിച്ചത്. ലെജിസ്ലേച്ചറും ജുഡിഷ്വറിയും എക്‌സിക്യൂട്ടീവും ചേരുന്ന ജനാധിപത്യ പ്രക്രിയയിലെ ഏറ്റവും സുപ്രധാനമായ ചടങ്ങാണ് സത്യപ്രതിജ്ഞ. ജനാധിപത്യത്തില്‍ ജനങ്ങളുടെ ഭാഗദേയം നിശ്ചയിക്കുന്ന സുപ്രധാന ചടങ്ങാണ് നടക്കുന്നത്. അതിനെ മറ്റൊരു നിലയില്‍ വിലയിരുത്തരുത്.
ഈ മാസം ഇരുപതിന് വൈകീട്ട് 3.30ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ. മുഖ്യമന്ത്രി, മന്ത്രിമാര്‍ എന്നിവര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മുന്‍പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ആളുകള്‍ വന്ന് നിറയാന്‍ സാധ്യതയുള്ള സെന്‍ട്രല്‍ സ്റ്റേഡിയം തിരഞ്ഞെടുത്തത്, തുറസ്സായ-വായുസഞ്ചാരമുള്ള-സാമൂഹിക അകലം പാലിക്കാവുന്ന സ്ഥലം എന്ന നിലയിലാണ്.
48 മണിക്കൂര്‍ മുന്‍പെടുത്ത ആര്‍ടിപിസിആര്‍, ട്രൂനാറ്റ്, ആന്റിജന്‍ ടെസ്റ്റ് റിസര്‍ട്ട് അല്ലെങ്കില്‍ രണ്ട് ഡോസ് വാക്‌സിനെടുത്ത സര്‍ട്ടിഫിക്കറ്റ് എന്നിവയില്‍ ഏതെങ്കിലും ഒന്ന് കൈയ്യില്‍ കരുതണം. സാമൂഹിക അകലം, ഡബിള്‍ മാസ്‌ക് ഉള്‍പ്പെടെ കൊവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കണമെന്നും മുഖ്യമന്ത്രി വാര്‍ത്തസമ്മേളത്തില്‍ പറഞ്ഞു.