പുതിയ പാര്‍ട്ടി രൂപീകരിക്കില്ലെന്ന് കോണ്‍ഗ്രസ് വിമത നേതാവ് ഗുലാംനബി ആസാദ്
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന പ്രചാരണം തള്ളി കോണ്‍ഗ്രസ് വിമതനും മുതിര്‍ന്ന നേതാവുമായ ഗുലാം നബി ആസാദ്. രാഷ്ട്രീയത്തില്‍ അടുത്തത് എന്തായിരിക്കുമെന്ന് ആര്‍ക്കും പ്രവചിക്കാനാവില്ലെന്നും അദ്ദേഹം എന്‍ഡിടിവിക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
കശ്്മീരിലെ മുതിര്‍ന്ന പാര്‍ട്ടി നേതാക്കളുമായി ഗുലാം നബി ആസാദ് നടത്തിയ കൂടിക്കാഴ്ചകള്‍ പുതിയ പാര്‍ട്ടി രൂപീകരണത്തിന്റെ ഭാഗമാണെന്ന സംശയമുണ്ടാക്കിയിരുന്നു. 20ഓളം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി വിട്ടതും പ്രാചരണത്തിനു ശക്തികൂട്ടി.
സംസ്ഥാന പദവി എടുത്തുമാറ്റിയ ശേഷം ജമ്മു കശ്മീരില്‍ തുടരുന്ന രാഷ്ട്രീയമരവിപ്പ് ഇല്ലാതാക്കാനാണ് റാലി തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
നാല് പതിറ്റാണ്ടോളം കോണ്‍ഗ്രസ്സില്‍ ഉയര്‍ന്ന പദവികള്‍ വഹിച്ചിരുന്ന നേതാവാണ് ഗുലാം നബി ആസാദ്. പുതിയ പാര്‍ട്ടിയില്‍ വിമര്‍ശനത്തിന് സ്ഥാനമില്ലെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
'ആരും നേതൃത്വത്തെ ചോദ്യം ചെയ്യുന്നില്ല. ഇന്ദിരാഗാന്ധിയും രാജീവ് ജിയും കാര്യങ്ങള്‍ തെറ്റായി പോകുമ്പോള്‍ ചോദ്യം ചെയ്യാനുള്ള സ്വാതന്ത്ര്യം നല്‍കിയിരുന്നു. അവര്‍ ഒരിക്കലും വിമര്‍ശനത്തെ ഭയപ്പെട്ടില്ല. അവര്‍ അതിനെ അപകീര്‍ത്തികരമായി കണ്ടുമില്ല. ഇന്ന് നേതൃത്വം വിമര്‍ശനങ്ങളെ അപമാനകരമായി കാണുന്നു,'- അദ്ദേഹം പറഞ്ഞു.
താന്‍ ശുപാര്‍ശ ചെയ്ത രണ്ട് പേരെ നിയമിക്കാന്‍ വിസമ്മതിച്ചപ്പോള്‍ ഇന്ദിരാഗാന്ധി തന്നെ അഭിനന്ദിച്ചുവെന്ന് ആസാദ് പറഞ്ഞു.
സ്വന്തമായി പാര്‍ട്ടി രൂപീകരിക്കാനുള്ള പദ്ധതിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയെങ്കിലും രാഷ്ട്രീയത്തില്‍ ഒന്നും പ്രവചിക്കാനാവില്ലെന്ന പറഞ്ഞ് അതിന്റെ സാധ്യത പൂര്‍ണമായി അടയ്ക്കുകയും ചെയ്തില്ല.
താന്‍ രാഷ്ട്രീയം വിടാനാണ് ആഗ്രഹിക്കുന്നതെങ്കിലും തന്റെ ലക്ഷക്കണക്കിന് ആരാധകരുടെ ആവശ്യപ്രകാരമാണ് തുടരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.