ലീഫ് ആര്‍ട്ട്; ഇന്ത്യ ബുക്ക് ഓഫ് റെക്കാര്‍ഡ്‌സില്‍ ഇടംനേടി മുഹമ്മദ് തന്‍സീല്‍

Update: 2022-02-22 05:51 GMT

പെരിന്തല്‍മണ്ണ: മുഹമ്മദ് തന്‍സീലിന് ഒരു തെങ്ങോല കിട്ടിയാല്‍ മതി, ഗാന്ധിജിയും നെഹ്രുവും മുഖ്യമന്ത്രി പിണറായി വിജയനും ഫുട്‌ബോള്‍ താരങ്ങളായ മറഡോണയും ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയും മെസ്സിയും ഓസിലും സിനിമാതാരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ദുല്‍ഖറും വിജയും ടൊവിനോയുമെല്ലാം ചിത്രങ്ങളായി തെളിഞ്ഞു വരും. ലീഫ് ആര്‍ട്ടില്‍ അദ്ഭുതപ്പെടുത്തുന്ന തന്‍സീലിന്റെ പ്രകടനത്തിന് ഒടുവിലിതാ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിന്റെ അംഗീകാരവും. 

പരിയാപുരം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയായ തന്‍സീലിന്റ ചിത്രവിദ്യകള്‍ കൂട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും വിരുന്നാവുകയാണ്. ഓലയില്‍ മാത്രമല്ല ആലിലയിലും പ്ലാവിലയിലും തേക്കിലയിലുമെല്ലാം നിമിഷനേരം കൊണ്ട് വ്യത്യസ്ത രൂപങ്ങളൊരുക്കി ഈ പതിനേഴുകാരന്‍ നമ്മെ വിസ്മയിപ്പിക്കും.

കൊവിഡ് കാലത്ത് വ്യത്യസ്തമായ എന്തെങ്കിലും ചെയ്യണമെന്ന ചിന്തയാണ് ലീഫ് ആര്‍ട്ടിലേക്ക് ഈ കലാപ്രതിഭയെ എത്തിച്ചത്. ഇലയില്‍ മാര്‍ക്കര്‍ പേന ഉപയോഗിച്ച് ചിത്രം വരച്ചശേഷം ബ്ലേഡുകൊണ്ട് ഇലയുടെ ഭാഗങ്ങള്‍ മുറിച്ചെടുത്താണ് രൂപങ്ങള്‍ ഒരുക്കുന്നത്. ചിത്രരചനാ പരിശീലനം നേടിയിട്ടില്ലെങ്കിലും ഇരുകൈകള്‍കൊണ്ടും ചിത്രം വരയ്ക്കാന്‍ തന്‍സീലിന് പ്രത്യേക വിരുതുണ്ട്. ചിരട്ടയിലും പേപ്പറിലും കലാശില്പങ്ങളൊരുക്കും. തന്റെ കലാവിരുതുകളിലൂടെ ചെറിയ വരുമാനം സ്വന്തമാക്കാനും നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കാനും യുട്യൂബര്‍ കൂടിയായ തന്‍സീലിനു കഴിഞ്ഞിട്ടുണ്ട്.

മങ്കട മേലോട്ടുംകാവ് പരിയംകണ്ടന്‍ അബ്ദുല്‍ മുനീറിന്റെയും സുഫൈറബാനുവിന്റെയും മകനാണ് ഈ പ്രതിഭ. മൂന്നാം ക്ലാസുകാരി തമീസയും മൂന്ന് വയസുകാരി തന്‍ഹയുമാണ് സഹോദരിമാര്‍.

Tags:    

Similar News