മുസ്‌ലിംകള്‍ക്കെതിരേ വര്‍ഗീയ വിഷം തുപ്പി പി സി ജോര്‍ജ്; പോലിസില്‍ പരാതി നല്‍കി എസ്ഡിപിഐ

എസ്ഡിപിഐ പെരിന്തല്‍മണ്ണ മുന്‍സിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് ശംസുദ്ദീനാണ് പരാതി നല്‍കിയിരിക്കുന്നത്

Update: 2025-01-08 16:43 GMT

തിരുവനന്തപുരം: മുസ്‌ലിംകള്‍ക്കെതിരേ കടുത്ത വര്‍ഗീയ-വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തി ബിജെപി നേതാവ് പി സി ജോര്‍ജ്. രാജ്യത്തെ മുസ്‌ലിംകളെല്ലാം വര്‍ഗീയവാദികളാണെന്നും വര്‍ഗീയവാദികളല്ലാത്ത ഒരു മുസ്‌ലിമും ഇന്ത്യയില്‍ ഇല്ലെന്നും സംഘപരിവാര ന്യൂസ് ചാനലായ ജനം ടിവിയില്‍ പി സി ജോര്‍ജ് പറഞ്ഞു. മുസ്‌ലിം ലീഗ് നേതാക്കളും കെ ടി ജലീലും എസ്ഡിപിഐയും പിഡിപിയും ജമാഅത്തെ ഇസ്‌ലാമിയും യോഗം ചേര്‍ന്നാണ് ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്തത്. ഈരാറ്റുപേട്ടയില്‍ മുസ്‌ലിം വര്‍ഗീയതയുണ്ടാക്കിയാണ് തന്നെ പരാജയപ്പെടുത്തിയതെന്നും പി സി ജോര്‍ജ് പറഞ്ഞു.

ഇന്ത്യയും പാകിസ്താനും തമ്മില്‍ ക്രിക്കറ്റ് കളി നടക്കുമ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റന്റെ വിക്കറ്റ് പോകുമ്പോള്‍ കയ്യടിക്കുന്നവരാണ് മുസ്‌ലിംകള്‍ എന്നും പി സി ജോര്‍ജ് ആരോപിച്ചു.

പി സി ജോര്‍ജിന്റെ പ്രസംഗത്തില്‍ എസ്ഡിപിഐ പോലിസില്‍ പരാതി നല്‍കി. എസ്ഡിപിഐ പെരിന്തല്‍മണ്ണ മുന്‍സിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് ശംസുദ്ദീനാണ് പെരിന്തല്‍മണ്ണ ഡിവൈഎസ്പിക്ക് പരാതി നല്‍കിയിരിക്കുന്നത്.

പരാതിയുടെ പൂര്‍ണ്ണരൂപം

''2025 ജനുവരി 6ന് ജനം ടിവിയില്‍ ജനം ഡിബേറ്റ് എന്ന പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് പി സി ജോര്‍ജ് കേരളത്തിലെ മാത്രമല്ല ഇന്ത്യയിലെ മുഴുവന്‍ മുസ്‌ലിംകളും തീവ്രവാദികളും ഭീകരവാദികളുമാണ് എന്നും പാക്കിസ്ഥാന്‍ അനുകൂലികളാണെന്നും. ക്രിക്കറ്റിലും മറ്റും പാക്കിസ്ഥാന്‍ ജയിച്ചാല്‍ പോലും അനുകൂലമായ കൈയ്യടിക്കുന്നവരാണ് മുസ്‌ലിംകള്‍ എന്നുമുള്ള അത്യന്തം നീചവും പ്രകോപനപരവുമായ പ്രസ്താവന നടത്തുകയുണ്ടായി.

മേല്‍ പ്രസ്താവന ഇന്ത്യയിലെ മുഴുവന്‍ മുസ് ലിംകളെയും അധിക്ഷേപിക്കുന്നതും രാജ്യദ്രോഹികളായി മുദ്ര കുത്തുന്നതുമാണ്. ഞാനൊരു ഇന്ത്യന്‍ പൗരനും മുസ്‌ലിുമാണ്. പ്രസ്തുത അധിക്ഷേപങ്ങള്‍ ഒരു മുസ്‌ലിം എന്ന നിലയ്ക്ക് എന്റെ അഭിമാനത്തിന് ക്ഷതം ഏല്‍പ്പിച്ചതും എന്റെ മതവികാരം വ്രണപ്പെടുത്തിയിട്ടുള്ളതുമാണ്. സര്‍വ്വോപരി അത് എന്റെ ദേശക്കൂറിനെ ചോദ്യം ചെയ്യുന്നതും എന്റെ മതവിശ്വാസ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതുമാണ്.

ജനം ടിവി പോലെയുള്ള ഒരു ദൃശ്യമാധ്യമത്തില്‍ ലക്ഷക്കണക്കിന് ആളുകള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്ന തരത്തില്‍ ഇസ്‌ലാമിനെയും ഇന്ത്യയിലെ മുസ്‌ലിംകളെയും അധിക്ഷേപിച്ച് പി സി ജോര്‍ജ് മേല്‍പ്രകാരം സംസാരിച്ചിട്ടുള്ളത് വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധയുണ്ടാക്കുന്നതിനും ഹിന്ദു ക്രിസ്ത്യന്‍ മതവിഭാഗങ്ങള്‍ക്ക് മുസ്‌ലിംകളോട് വിദ്വേഷം ജനിപ്പിക്കുന്നതിനും വേണ്ടിയാണ്. പ്രതിയുടെ മേല്‍ പ്രവര്‍ത്തി ശിക്ഷാര്‍ഹമായ കുറ്റമാണ്. പ്രതിക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് തുടര്‍ നടപടിയെടുത്ത് ശിക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ആയതിനാല്‍ മേല്‍ സംഭവത്തില്‍ എന്റെ പരാതിയില്‍ ടിയാനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി ടിയാനെ ശിക്ഷിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും അപേക്ഷിക്കുന്നു.''

വര്‍ഗീയ പ്രസംഗത്തില്‍ പി സി ജോര്‍ജിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് ഈരാറ്റുപേട്ട മുന്‍സിപ്പല്‍ കമ്മിറ്റിയും പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. പി സി ജോര്‍ജ് മുന്‍കാലങ്ങളില്‍ നടത്തിയ വര്‍ഗീയ പരാമര്‍ശങ്ങളില്‍ പരാതി നല്‍കിയിട്ടും പോലിസ് കേസെടുത്തിട്ടില്ലെന്നും ഈരാറ്റുപേട്ട പോലിസില്‍ നല്‍കിയ പരാതി പറയുന്നു.


Tags:    

Similar News